Advertisment

കെപിസിസി അധ്യക്ഷ പദവിയില്‍ വീണ്ടും മലക്കം മറിച്ചില്‍, കെ സുധാകരന്‍ തന്നെ അധ്യക്ഷനാകും ! തീരുമാനം ഗ്രൂപ്പുകളെ അവഗണിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് ! സുധാകരനെങ്കില്‍ ഗ്രൂപ്പുകള്‍ നിസഹകരിക്കുമെന്നും പിടി തോമസെങ്കില്‍ സഹകരിക്കുമെന്നുമുള്ള റിപ്പോര്‍ട്ട് തള്ളാന്‍ നിര്‍ദേശിച്ചതും രാഹുല്‍ ! പ്രതിപക്ഷ നേതൃ സ്ഥാനത്തിനു പിന്നാലെ കെപിസിസി അധ്യക്ഷസ്ഥാനത്തേയ്ക്കും ഗ്രൂപ്പുകളെ തള്ളി പ്രവര്‍ത്തക വികാരത്തിനൊപ്പം നിന്ന് ഹൈക്കമാന്‍റ് ! 

New Update

publive-image

Advertisment

ഡല്‍ഹി: കെപിസിസി അധ്യക്ഷനെ സംബന്ധിച്ച തീരുമാനത്തില്‍ വീണ്ടും മലക്കം മറിച്ചില്‍. നിലവില്‍ വര്‍ക്കിങ്ങ് പ്രസിഡന്‍റായ കെ സുധാകരന്‍തന്നെ പാര്‍ട്ടി അധ്യക്ഷനാകും. പ്രഖ്യാപനം 48 മണിക്കൂറിനുള്ളില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അവസാന നിമിഷം രാഹുല്‍ ഗാന്ധിയുടെ കര്‍ശന നിലപാടാണ് വീണ്ടും സുധാകരനിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചത്.

തുടക്കത്തില്‍ കെ സുധാകരന്‍റെ പേരിനായിരുന്നു മുന്‍തൂക്കമെങ്കിലും സുധാകരന്‍ വന്നാല്‍ ഗ്രൂപ്പുകളുടെ നിസഹകരണം ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് അശോക് ചവാന്‍ കമ്മിറ്റിക്കും പിന്നീട് കാര്യങ്ങള്‍ വിലയിരുത്തിയ സംസ്ഥാന ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനും കേരള നേതാക്കളില്‍ നിന്നും ലഭിച്ചത്.

അതേസമയം ഗ്രൂപ്പു പ്രതിനിധിയല്ലെങ്കിലും പിടി തോമസാണെങ്കില്‍ സഹകരിക്കാമെന്ന് ഗ്രൂപ്പ് നേതൃത്വങ്ങള്‍ സൂചനയും നല്‍കിയിരുന്നു. ഇതുപ്രകാരമാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷ പിന്തുണ ഉറപ്പാക്കാന്‍ പിടി തോമസിനെ അധ്യക്ഷനാക്കാമെന്നും കെ സുധാകരന് പകരം എഐസിസിയില്‍ ഉന്നത പദവിയെന്നുമുള്ള റിപ്പോര്‍ട്ട് താരിഖ് അന്‍വര്‍ എഐസിസിക്ക് നല്‍കിയത്.

എന്നാല്‍ റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ കേരള കാര്യത്തില്‍ ഗ്രൂപ്പുകളോട് വിട്ടുവീഴ്ച വേണ്ടെന്ന കര്‍ശന നിലപാട് രാഹുല്‍ ഗാന്ധി നേതാക്കളെ അറിയിക്കുകയായിരുന്നു. ഗ്രൂപ്പു താല്‍പര്യങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്നും സുധാകരനെ തന്നെ പ്രസിഡന്‍റാക്കണമെന്നും രാഹുല്‍ നിലപാടെടുത്തു.

ഇതുപ്രകാരം കേരളത്തില്‍ നിന്നുള്ള എംപി കൂടിയായ രാഹുലിന്‍റെ അഭിപ്രായം കൂടി കണക്കിലെടുത്ത് പുതിയ റിപ്പോര്‍ട്ട് താരിഖ് അന്‍വര്‍ ഇന്നു രാവിലെയാണ് എഐസിസിക്ക് കൈമാറിയത്. ഇതോടെ 48 മണിക്കൂറിനകം സുധാകരനെ കെപിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചുകൊണ്ട് പ്രഖ്യാപനം ഉണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

publive-image

അതേസമയം കേരളത്തില്‍ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുമെന്ന് ഉറപ്പാക്കണമെന്ന നിര്‍ദേശം രാഹുല്‍ ഗാന്ധി നേരിട്ട് കെ സുധാകരന് നല്‍കിയിട്ടുണ്ട്. ഗ്രൂപ്പ് നേതാക്കന്മാരുമായി അനുരഞ്ജനത്തിന്‍റെ പാതയിലൂടെ മുന്നോട്ട് പോകണം.

പാര്‍ട്ടിയില്‍ നിന്നും ആരും അകന്നുനില്‍ക്കുന്ന സാഹചര്യം ഉണ്ടാകരുത്. എന്നിട്ടും ഗ്രൂപ്പുകള്‍ നിസഹകരണം തുടര്‍ന്നാല്‍ ബാക്കി കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാമെന്നും എഐസിസി നിര്‍ദേശിച്ചിട്ടുണ്ട്.

പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് സുധാകരനൊപ്പം പരിഗണിച്ച പിടി തോമസിന് ഏക വര്‍ക്കിംങ്ങ് പ്രസിഡന്‍റ് പദവി പരിഗണനയിലുണ്ട്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഒന്നിലധികം വര്‍ക്കിംങ്ങ് പ്രസിഡന്‍റുമാര്‍ ഉണ്ടെന്നുള്ളതിനാല്‍ കേരളത്തില്‍ മാത്രമായി അതിനു മാറ്റം വരുത്താനാകുമോ എന്നത് പരിശോധിക്കുന്നുണ്ട്.

നിലവിലെ വര്‍ക്കിംങ്ങ് പ്രസിഡന്‍റുമാരില്‍ ഒരാളായ കെവി തോമസിനെ നിയമിച്ചിട്ട് മൂന്നു മാസം മാത്രമേ ആയിട്ടുള്ളു എന്നതും അദ്ദേഹത്തെ ഒഴിവാക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കും. അങ്ങനെ വന്നാല്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേയ്ക്ക് എഐസിസി പിടി തോമസിനെ നിര്‍ദേശിച്ചേക്കും.

നേരത്തേ അധ്യക്ഷ സ്ഥാനത്തേയ്ക്ക് തന്നെ പരിഗണിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കെ സുധാകരന്‍ 21 കോണ്‍ഗ്രസ് എംഎല്‍എമാരെയും നേരില്‍ കണ്ടിരുന്നു. എംപിമാരെയും നേരില്‍ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇവരില്‍ ഭൂരിപക്ഷം പേരും എഐസിസിയോട് പറഞ്ഞത് സുധാകരന്‍ മികച്ച നോമിനേഷന്‍ ആണെങ്കിലും ഗ്രൂപ്പുകള്‍ക്കുകൂടി ഉള്‍ക്കൊള്ളാവുന്ന ഗ്രൂപ്പു ഭാഗമല്ലാത്ത ഒരാളെ പരിഗണിച്ചാല്‍ നന്നായിരിക്കുമെന്നായിരുന്നു.

ഗ്രൂപ്പുകളെ പൂര്‍ണമായി അവഗണിക്കുന്നത് നിലവിലെ സാഹച്യത്തില്‍ ഗുണം ചെയ്യില്ലെന്നും ഇവര്‍ അറിയിച്ചു. അങ്ങനെയാണ് പിടി തോമസിന്‍റെ പേരിന് മുന്‍തൂക്കം ലഭിച്ചത്. എന്നാല്‍ ഗ്രൂപ്പുകളെ പേടിച്ച് തീരുമാനം മാറ്റേണ്ടെന്ന കര്‍ശന നിലപാട് രാഹുല്‍ എടുത്തതോടെ കാര്യങ്ങള്‍ മലക്കം മറിഞ്ഞു.

അതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ കെപിസിസി അധ്യക്ഷനായ കെ മുരളീധരന്‍, വിഎം സുധീരന്‍ എന്നിവരുംടെ പിന്തുണ സുധാകരന്‍ ഉറപ്പാക്കി. എ ഗ്രൂപ്പ് സുധാകരനെ എതിര്‍ക്കേണ്ടെന്നും തീരുമാനിച്ചു. പിടി തോമസും പക്വമായ നിലപാട് സ്വീകരിച്ചതോടെ സുധാകരന്‍റെ പുതിയ പദവിക്ക് ഹൈക്കമാന്‍റ് അംഗീകാരമായി.

delhi news
Advertisment