Advertisment

ഡിസിസി അധ്യക്ഷനാകാനുള്ള യോഗ്യത തെരഞ്ഞെടുപ്പില്‍ തോറ്റതു മാത്രമോ ? തലമുറമാറ്റം തള്ളി പഴയ പടക്കുതിരകളെ തന്നെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസിന്റെ ജില്ലാ അധ്യക്ഷന്‍മാരുടെ സാധ്യതാ പട്ടിക റെഡി ! തിരുവനന്തപുരത്ത് വിഎസ് ശിവകുമാറും തമ്പാനൂര്‍ രവിയും പട്ടികയില്‍. കോട്ടയത്ത് ജോസഫ് വാഴയ്ക്കനും കെസി ജോസഫും ! ഇടുക്കിയിലെ പട്ടികയില്‍ പ്രഥമ പരിഗണന നാട്ടുകാര്‍ കേട്ടുമടുത്ത ഇഎം ആഗസ്തി എന്ന പേരിനുതന്നെ. കൊല്ലത്ത് ശൂരനാട് രാജശേഖരനും ആലപ്പുഴയില്‍ ഡി സുഗതനും പത്തനംതിട്ടയില്‍ ശിവദാസന്‍ നായര്‍ക്കും സാധ്യത ! തൃശൂരിലും കണ്ണുരിലും വയനാട്ടിലും സ്ത്രീകളുടെ പേരിന് മുന്‍തൂക്കം. പത്മജയും സുമ ബാലകൃഷ്ണനും പികെ ജയലക്ഷ്മിക്കും പരിഗണന ! നാളെ ഡല്‍ഹിക്ക് പോകുന്ന കെ സുധാകരന്റെ കയ്യിലുള്ള പട്ടിക ഇങ്ങനെ !

New Update

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരനും പ്രതിപക്ഷ നേതൃസ്ഥാനത്ത് വിഡി സതീശനും വന്നിട്ടും ഒരു മാറ്റവുമില്ലാതെ കോണ്‍ഗ്രസ്. ഡിസിസി പുനസംഘടന ചര്‍ച്ചകളില്‍ ഇതുവരെ പുറത്തുവരുന്ന സൂചനകള്‍ വച്ച് തലമുറമാറ്റമെന്ന സൂചനകള്‍ പോലുമില്ല. എ,ഐ ഗ്രൂപ്പുകള്‍ നല്‍കിയ പ്രാഥമിക പട്ടിക വച്ചുമാത്രമാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

Advertisment

publive-image

നേരത്തെ പറഞ്ഞുകേട്ടിരുന്ന എല്ലാ പേരുകളും ഇപ്പോഴുള്ള ചര്‍ച്ചകളില്‍ പോലുമില്ലെന്നാണ് സൂചന. എല്ലാം പഴയ മുതിര്‍ന്ന നേതാക്കള്‍ തന്നെയാണുള്ളത്. ഗ്രൂപ്പിനതീതമായി ഒന്നും നടക്കാനിടയില്ലെന്ന വിവരമാണ് ഇതോടെ പുറത്തുവരുന്നത്.

തിരുവനന്തപുരത്ത് മുന്‍മന്ത്രി വിഎസ് ശിവകുമാര്‍, പാലോട് രവി, തമ്പാനൂര്‍ രവി എന്നിവരുടെ പേരുകള്‍ക്കാണ് പ്രാമുഖ്യം. യുവനേതാക്കളുടെ പേര് ചര്‍ച്ചകളില്‍ പോലും ഉയര്‍ന്നിട്ടില്ല. എ ഗ്രൂപ്പ് പാലോട് രവിക്കുവേണ്ടി ഇവിടെ ശക്തമായി വാദിക്കുന്നുണ്ട് .

കൊല്ലത്ത് ശൂരനാട് രാജശേഖരനാണ് ചര്‍ച്ചകളില്‍ മുന്‍പന്തിയില്‍. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനും ഷാനവാസ് ഖാനുമാണ് പട്ടികയിലുള്ള മറ്റുള്ളവര്‍. ആലപ്പുഴയില്‍ ഡി സുഗതന്‍, എഎ ഷുക്കൂര്‍, ബാബു പ്രസാദ് എന്നിവരാണ് പരിഗണനയിലുള്ളത്.

പത്തനംതിട്ടയില്‍ ആദ്യം പറഞ്ഞു കേട്ടിരുന്നതും സജീവമായി പരിഗണിച്ചിരുന്നതും അനില്‍ തോമസിന്റെ പേരായിരുന്നു. എന്നാലിപ്പോള്‍ കെ ശിവദാസന്‍ നായര്‍, സതീഷ് കൊച്ചുപറമ്പില്‍, പഴകുളം മധു എന്നിവരെയാണ് പരിഗണിക്കുന്നത്. കോട്ടയത്താണ് പട്ടികയില്‍ വമ്പന്‍ ട്വിസ്റ്റ് ഉള്ളത്.

കെസി ജോസഫ്, ജോസഫ് വാഴയ്ക്കന്‍, ടോമി കല്ലാനി എന്നിവരാണ് കോട്ടയത്ത് പട്ടികയില്‍ ഉള്ളത്. ഇടുക്കിയില്‍ മുതിര്‍ന്ന നേതാക്കളായ സിപി മാത്യു, ഇഎം ആഗസ്തി, ജോയി തോമസ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്. എറണാകുളത്തും തലമുതിര്‍ന്ന നേതാക്കള്‍ തന്നെ പട്ടികയില്‍ ഇടം പിടിച്ചു.

എന്‍ വേണുഗോപാല്‍, അയജ് തറയില്‍, അബ്ദുള്‍ മുത്തലിബ്, ജെയ്‌സണ്‍ ജോസഫ് എന്നിവരാണ് പരിഗണനയില്‍ ഉള്ളത്. തൃശൂരില്‍ ഒന്നാം പേരുകാരി പത്മജ വേണുഗോപാലാണ്. ടിയു രാധാകൃഷ്ണന്‍, അനില്‍ അക്കര എന്നിവരും ലിസ്റ്റിലുണ്ട്.

പാലക്കാട് എവി ഗോപിനാഥ്, പി ചന്ദ്രന്‍, പിവി ബാലചന്ദ്രന്‍ എന്നിവരും മലപ്പുറത്ത് ആര്യാടന്‍ ഷൗക്കത്ത്, പിടി അജയമോഹന്‍ എന്നിവരുമാണ് സാധ്യതാ പട്ടികയില്‍ നിലവില്‍ ഇടം പിടിച്ചത്. കോഴിക്കോട് എന്‍ സുബ്രമണ്യന്‍, കെപി അനില്‍കുമാര്‍, കെ പ്രവീണ്‍കുമാര്‍ എന്നിവരെയാണ് പരിഗണിക്കുന്നത്.

കണ്ണൂരില്‍ സുമ ബാലകൃഷ്ണനെയാണ് സുധാകരന്‍ മുമ്പോട്ടു വയ്ക്കുന്നത്. സോണി സെബാസ്റ്റിയന്‍, മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവരെയും പരിഗണിക്കുന്നു. വയനാട്ടില്‍ പികെ ജയലക്ഷ്മിയുടെ പേരിനാണ് മുന്‍തൂക്കം. എംപി അപ്പച്ചന്‍, പിജെ ഐസക്, കെകെ എബ്രഹാം എന്നിവരും പരിഗണനാ പട്ടികയിലുണ്ട്.

കാസര്‍കോട് കാസര്‍കോട്ട് ബാലകൃഷ്ണന്‍ പെരിയ, ഖാദര്‍ മങ്ങാട് എന്നിവരെയും പരിഗണിക്കുന്നുണ്ട്. യുവനേതാക്കളെയൊന്നും തല്‍ക്കാലം പരിഗണിക്കേണ്ടെന്ന നിലപാടിലാണ് ഗ്രൂപ്പു നേതാക്കള്‍. ഗ്രൂപ്പിലെ ഉന്നതരുടെ താല്‍പര്യത്തിന് കെപിസിസി അധ്യക്ഷന്‍ വലിയ പ്രാധാന്യം നല്‍കുന്നുവെന്നും ആക്ഷേപമുണ്ട്.

നാളെ ഡല്‍ഹയിലെത്തുന്ന കെ സുധാകരന്‍ ഈ പേരുകള്‍ അടുത്ത ദിവസം ഹൈക്കമാന്‍ഡിന് കൈമാറിയേക്കും. ഇതു ഹൈക്കമാന്‍ഡ് അംഗീകരിക്കുമോയെന്ന് കണ്ടറിയണം.

k sudhakaran
Advertisment