Advertisment

കെ സുധാകരന്‍റെ കണ്ണൂര്‍ ശൈലിക്ക് വീണ്ടും കോണ്‍ഗ്രസിന്‍റെ കൈയ്യൊപ്പ്. അനവസരത്തില്‍ പ്രതികരിക്കുന്നത് പതിവാക്കിയ ഷാനിമോള്‍ക്കുമേല്‍ കോണ്‍ഗ്രസില്‍ സംശയത്തിന്‍റെ കരിനിഴല്‍ ! പിണറായിക്കെതിരെയുള്ള 'ചെത്തുകാരന്‍റെ മകന്‍' പ്രയോഗത്തില്‍ പ്രതികരിക്കുന്നതില്‍ പോലും ആശയക്കുഴപ്പത്തിലായ സിപിഎമ്മിനും തിരിച്ചടി. രണ്ട് രാത്രി ഇരുട്ടി വെളുത്തപ്പോള്‍ സുധാകരന്‍ പിന്നെയും 'മാസ് ലീഡര്‍' !!

New Update

publive-image

Advertisment

കണ്ണൂര്‍: കെ സുധാകരന്‍ പുറത്തുവിട്ട 'ചെത്തുകാരന്‍റെ മകന്‍' പരാമര്‍ശത്തില്‍ ഒരുവേള കോണ്‍ഗ്രസിലെ പതിവ് വിഴുപ്പലക്കല്‍ വീണ്ടും ശക്തി പ്രാപിക്കുമോ എന്ന ആശങ്ക രാഷ്ട്രീയ നിരീക്ഷകര്‍ക്കുണ്ടായിരുന്നു. പക്ഷേ സുധാകരന്‍റെ കണ്ണൂര്‍ ശൈലിക്ക് വീണ്ടും കോണ്‍ഗ്രസ് കൈയ്യൊപ്പ് ചാര്‍ത്തി നല്‍കി. അതോടെ യുഡിഎഫ് രാഷ്ട്രീയത്തില്‍ കെപിസിസി വര്‍ക്കിംങ്ങ് പ്രസിഡന്‍റ് കെ സുധാകരന്‍റെ ഗ്രാഫ് ഒരു മൂന്നുപടികൂടി ഉയര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ കോണ്‍ഗ്രസില്‍ സുധാകരനാണ് താരം.

അസമയത്ത് അനാവശ്യ പ്രതികരണങ്ങള്‍ നടത്തി കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ സ്ഥിരം ശല്യക്കാരിയാണ് ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ. കെ സുധാകരന്‍റെ 'ചെത്തുകാരന്‍റെ മകന്‍' പ്രയോഗത്തില്‍ ഷാനിമോളുടെ പ്രതികരണം അസമയത്തും അനവസരത്തിലും അനാവശ്യവുമായിരുന്നു. ഏത് സാഹചര്യത്തിലും എന്ത് കാരണത്തിലുമാണ് ഷാനിമോള്‍ ഇതിനോട് പ്രതികരിച്ചതെന്നാണ് ചോദ്യം.

കാരണം ഇത് ഷാനിമോളെ യാതൊരു തരത്തിലും ബാധിക്കുന്ന പ്രയോഗമോ രാഷ്ട്രീയമോ ആയിരുന്നില്ല. അപ്പോള്‍ പിന്നെ സുധാകരന്‍ തന്നെ ചോദിച്ചതുപോലെ പിണറായിക്കെതിരെ പറഞ്ഞപ്പോള്‍ സിപിഎമ്മുകാര്‍ക്കില്ലാത്ത 'ധാര്‍മ്മിക രോഷം' ഷാനിമോള്‍ക്കെങ്ങനെ ഉണ്ടായി ?

ആ ചോദ്യം താല്‍ക്കാലികമായെങ്കിലും ഷാനിമോള്‍ ഉസ്മാന്‍റെ രാഷ്ട്രീയത്തില്‍ ഒരു സംശയത്തിന്‍റെ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്. അടുത്ത തവണ ഷാനിമോള്‍ അരൂരില്‍ വീണ്ടും അങ്കത്തിനിറങ്ങുമ്പോള്‍ ഇത് കോണ്‍ഗ്രസുകാരെ രണ്ടാമതൊന്നുകൂടി ആലോചിപ്പിക്കാതിരുന്നാല്‍ മതി.

എന്തായാലും ഷാനിമോളുടെ കുനുഷ്ട് ബുദ്ധി പരാജയപ്പെടുകയും കെ സുധാകരനോട് 'നിര്‍വ്യാജം' ഖേദം പ്രകടിപ്പിക്കേണ്ടിയും വന്നിരിക്കുകയാണ് ഷാനിമോള്‍ക്ക്. വിവാദമായപ്പോള്‍ സ്വാഭാവിക പ്രതികരണമെന്ന നിലയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പരാമര്‍ശം അദ്ദേഹം കൂടി പിന്‍വലിച്ചതോടെ സുധാകരന്‍ താരമായി മാറി. വീണു കിട്ടിയ അവസരം മുതലാക്കുന്നതില്‍ അവസരോചിതമായ ഇടപെടല്‍ നടത്തുന്നതിനു പരാജയപ്പെട്ട സിപിഎമ്മിന് ഇത് തിരിച്ചടിയാകുകയും ചെയ്തു.

കെ സുധാകരന്‍റെ പിണറായി വിരുദ്ധ പ്രസ്താവനയ്ക്കെതിരെ ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ച് നേരം ഇരുട്ടി വെളുത്തിട്ടായിരുന്നു സിപിഎം സെക്രട്ടറിയുടെ പ്രതികരണവുമുണ്ടായത്. ഡിവൈഎഫ്ഐ പ്രതികരിച്ചത് അതിനും ശേഷം. പിണറായിക്കെതിരെയുള്ള പരാമര്‍ശം ആയിരുന്നതിനാലാകണം എവിടെ പിടിക്കണം എന്ന ആശയക്കുഴപ്പം സിപിഎമ്മിനുള്ളിലുണ്ടായിരുന്നു.

അവിടെയും ഒരു പടികൂടി കടന്ന് സുധാകരന്‍ തിരിച്ചടിച്ചു. ഇഎംഎസ് മുതലുള്ളവരുടെ നാവുപിഴവുകള്‍ അദ്ദേഹം അക്കമിട്ട് നിരത്തി. പരനാറി, നികൃഷ്ട ജീവി, കുലംകുത്തി… തുടങ്ങി അരഡസനിലേറെ 'പിണറായി മാസ്' ഡയലോഗുകളും സുധാകരന്‍ എടുത്തു പുറത്തിട്ടു. ഇതോടെ സിപിഎമ്മിനും അതില്‍ ഏറ്റുപിടിക്കാന്‍ മിച്ചമൊന്നുമില്ല.

സുധാകരന് ഇവിടെയും ഒരു നെയിം കൂടി ലഭിക്കുകയാണ്. മുല്ലപ്പള്ളി കഴിഞ്ഞാല്‍ ഇനി കെപിസിസി അധ്യക്ഷ പദവിയിലേയ്ക്ക് മറ്റൊരു ഓപ്ഷനില്ല കോണ്‍ഗ്രസിന്. മുല്ലപ്പള്ളി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയാല്‍ പകരക്കാരനായി പ്രവര്‍ത്തകര്‍ നെഞ്ചിലേറ്റിയ നേതാവായി സുധാകരനെത്തും. ഇതോടെ രണ്ടു രാത്രികള്‍ ഇരുട്ടി വെളുത്തപ്പോള്‍ കോണ്‍ഗ്രസില്‍ സുധാകരന്‍ പുതിയ താരമായി മാറിയിരിക്കുകയാണ്.

 

k sudhakaran
Advertisment