Advertisment

കെ സുധാകരന്‍ പിസിസി പ്രസിഡന്റാകുന്നത് തടഞ്ഞത് ഹൈക്കമാന്‍ഡില്‍ സ്വാധീനമുള്ള ഉന്നതന്‍ ! കേരളത്തില്‍ ഒരു സ്വാധീനവുമില്ലാത്ത നേതാവ് പറയുന്നത് വിശ്വസിച്ച് ഹൈക്കമാന്‍ഡും ! സുധാകരനെ വെട്ടി മുല്ലപ്പള്ളിയെ പ്രസിഡന്റ് കസേരയില്‍ ഇരുത്തിയത് നേതാവിന്റെ സ്വാര്‍ത്ഥ നേട്ടത്തിന്. നേതാവിന്റെ മകനെ പല പരിപാടികളിലും ഇപ്പോള്‍ സജീവമാക്കുന്നത് കെപിസിസി പ്രസിഡന്റ് തന്നെ. ചെന്നിത്തലയുടെ യാത്രയുടെ സമാപനത്തിന് കേരളത്തിലെത്തിയാല്‍ അന്നു മുതല്‍ കേരളത്തില്‍ സജീവമാകാന്‍ നേതാവ്. ജില്ലകളിലെ വിശ്വസ്തരെ ആഴ്ചയിലൊരിക്കല്‍ വിളിച്ചിരുന്ന നേതാവ് ഇപ്പോള്‍ വിളിക്കുന്നത് രണ്ടു ദിവസം കൂടുമ്പോള്‍ ! കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സംസ്ഥാനത്തെ നീക്കങ്ങളില്‍ യുവനേതാക്കള്‍ക്ക് കടുത്ത പ്രതിഷേധം !

New Update

publive-image

Advertisment

ഡല്‍ഹി: സംസ്ഥാനത്ത് നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോഴും സംസ്ഥാനത്തെ പാര്‍ട്ടിയെ സജീവമാക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഭാഗത്തുന്നിന്നും ഉണ്ടാകുന്നില്ലെന്ന വിമര്‍ശനം ശക്തമാകുന്നു. സംസ്ഥാനത്ത് ഇപ്പോഴും ഒട്ടും സ്വാധീനമില്ലാത്ത മുതിര്‍ന്ന നേതാവിന്റെ വാക്കുകള്‍ക്ക് സോണിയാ ഗാന്ധി അമിത പ്രാധാന്യം നല്‍കുന്നുവെന്നാണ് വിമര്‍ശനം.

കേരളത്തിലെ കാര്യങ്ങള്‍ മനസിലാക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് മൂന്നു സ്വകാര്യ ഏജന്‍സികളെയാണ് പഠനത്തിനായി നിയോഗിച്ചത്. നിലവില്‍ ഈ ഏജന്‍സികള്‍ നടത്തിയ പഠനത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന വിലയിരുത്തലാണ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ജനുവരി 30വരെയുള്ള സംസ്ഥാനത്തെ സാഹചര്യങ്ങള്‍ പ്രകാരം ഇടതുമുന്നണിക്ക് നേരിയ മേല്‍ക്കൈ ഉണ്ടെന്നാണ് സര്‍വേകളുടെ കണ്ടെത്തല്‍.

ഇതു പരിഹരിക്കാന്‍ കൃത്യമായ ഇടപെടല്‍ നടത്തണമെന്ന് ഈ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതില്‍ ഏറ്റവും പ്രധാനമായിരുന്നു കെപിസിസി പ്രസിഡന്റിന്റെ മാറ്റം.

ഹൈക്കമാന്‍ഡും ഇതിനോട് അനുകൂലമായ നിലപാട് സ്വീകരിച്ചതായിരുന്നു. മുല്ലപ്പള്ളിയെ മാറ്റി കെ സുധാകരനെ പകരം പ്രസിഡന്റാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പൊടുന്നനെയാണ് ഈ മുതിര്‍ന്ന നേതാവിന്റെ രംഗപ്രവേശം.

കെ സുധാകരന്‍ നാവുദോഷമുണ്ടാക്കുമെന്നും ഇപ്പോള്‍ മുല്ലപ്പള്ളിയെ മാറ്റേണ്ടെന്നും ഈ മുതിര്‍ന്ന നേതാവ് സോണിയാ ഗാന്ധിയെ ഉപദേശിച്ചു. തിടുക്കത്തില്‍ തീരുമാനമെടുത്താല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതിനിധീകരിക്കുന്ന സമുദായം പിണങ്ങുമെന്നും നേതാവ് ഉപദേശിച്ചു.

ഇതോടെ സോണിയാ ഗാന്ധി ഈ തീരുമാനത്തില്‍ നിന്നും പിന്മാറുകയായിരുന്നു. തല്‍ക്കാലം പിസിസി അധ്യക്ഷനെ മാറ്റേണ്ടെന്ന തീരുമാനം അവര്‍ വ്യക്തമാക്കുകയും ചെയ്തു. കേരളത്തിലെ സാമുദായിക സമവാക്യങ്ങളും അന്തരീക്ഷവും ഈ നേതാവിന് അറിയാമെന്ന ഉറപ്പിലാണ് അവര്‍ ഈ തീരുമാനത്തിലേക്ക് എത്തിയത്.

എന്നാല്‍ കേരളത്തിലെ യഥാര്‍ത്ഥ രാഷ്ട്രീയ സ്ഥിതിയെപ്പറ്റി യാതൊരു ധാരണയും ഇപ്പോഴില്ലാത്ത നേതാവിന്റെ അതി ബുദ്ധിക്ക് പിന്നില്‍ മറ്റു താല്‍പ്പര്യങ്ങളാണെന്നാണ് സൂചന. കേരളത്തില്‍ ഒട്ടും പിന്തുണയില്ലാത്ത തന്റെ മകനെ ഇവിടെ അവതരിപ്പിക്കാന്‍ പറ്റിയ നേതാവ് ഇപ്പോഴത്തെ പിസിസി പ്രസിഡന്റ് തന്നെയാണെന്ന ഉത്തമ ബോധ്യത്തിലാണ് ഈ നേതാവ് പാര്‍ട്ടിക്ക് ഗുണകരമായ തീരുമാനം അട്ടിമറിച്ചത്.

ഇതിനുപുറമെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം തന്റെ അപ്രമാദിത്വം അരക്കിട്ടുറപ്പിക്കാനും നേതാവ് ശ്രമിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടന്‍ കേരളത്തിലേക്ക് മുഴുവന്‍ സമയം പ്രവര്‍ത്തന മണ്ഡലം ആക്കാനാണ് ഇദ്ദേഹത്തിന്റെ നീക്കം. ഇതിനു മുന്നോടിയായി മകനെ പല പരിപാടികളിലും ഇദ്ദേഹം സജീവമായി പങ്കെടുപ്പിക്കുന്നുണ്ട്.

പാര്‍ട്ടിയുടെ താര പ്രചാരകനാകാനും എല്ലാം നിയന്ത്രിക്കുന്നത് താനാണെന്ന ധാരണ നേതാക്കള്‍ക്കിടയില്‍ പരത്താനും ഇദ്ദേഹം നീക്കം തുടങ്ങിയിട്ടുണ്ട്. ഓരോ ജില്ലയിലും തന്റെ വിശ്വസ്തര്‍ വഴി വിവരങ്ങള്‍ ശേഖരിച്ച് കാര്യങ്ങള്‍ അറിയുകയാണ് ഈ നേതാവിന്റെ രീതി. ഈ നേതാക്കളെ നേരത്തെ ആഴ്ചയിലൊരിക്കലാണ് ബന്ധപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ അത് രണ്ടു ദിവസം കൂടുമ്പോള്‍ എന്ന നിലയിലേക്ക് മാറിയിട്ടുണ്ട്.

മുതിര്‍ന്ന നേതാവിന്റെ ഈ നീക്കങ്ങള്‍ എന്തായാലും പാര്‍ട്ടിക്ക് ഭൂഷണമല്ലെന്നു തന്നെയാണ് നേതാക്കളുടെ പക്ഷം. പക്ഷേ ഇത്രയും സ്വാധീനമുള്ള നേതാവിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ രാഷ്ട്രീയ ഭാവി അവതാളത്തിലാകുമോയെന്ന ആശങ്ക പല നേതാക്കള്‍ക്കും ഉണ്ട്. അതുകൊണ്ട് തല്‍ക്കാലം മൗനമാണ് നല്ലതെന്നാണ് നേതാക്കള്‍ അടക്കം പറയുന്നത്.

delhi news k sudhakaran mullappally ramachandran
Advertisment