Advertisment

ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര വിഷയത്തില്‍ സുപ്രിം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് കെ. സുരേന്ദ്രന്‍; സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയാണ് സുപ്രിംകോടതി വിധിയെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര വിഷയത്തില്‍ സുപ്രിം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയാണ് സുപ്രിംകോടതി വിധിയെന്ന് അദ്ദേഹം കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Advertisment

publive-image

ഗത്യന്തരമില്ലാതെയാണ് കടകംപള്ളി സുരേന്ദ്രൻ വിധിയെ സ്വാഗതം ചെയ്യുന്നത്. ഈ നിലപാട് മുഖ്യമന്ത്രിയും കൊടിയേരിയും അംഗീകരിക്കുമോ? ഇപ്പോൾ വിധിയെ സ്വാഗതം ചെയ്യുന്നവർ തങ്ങളുടെ പഴയ നിലപാട് തെറ്റാണെന്ന് പൊതുജനങ്ങളോട് പരസ്യമായി പറയാൻ തയ്യാറാവണം. ക്ഷേത്രങ്ങള്‍ മതേതര പാര്‍ട്ടികളല്ല നയിക്കേണ്ടതെന്ന് സുരേന്ദ്രൻ പറഞ്ഞു.

ആചാര-അനുഷ്ഠാനങ്ങൾ തീരുമാനിക്കേണ്ടത് വിശ്വാസികളാണ്. ക്ഷേത്രഭരണത്തിൽ അഹിന്ദുക്കള്‍ക്ക് അവകാശമുണ്ടെന്ന നിലപാടിനേറ്റ തിരിച്ചടിയാണ് വിധിയെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി. ഭരണസമിതിയിൽ ഹിന്ദുക്കള്‍ മാത്രം എന്ന സുപ്രിം കോടതിയുടെ പരാമര്‍ശത്തിനര്‍ത്ഥം വിശ്വാസികളായ ഹിന്ദുക്കള്‍ എന്നാണ്. ക്ഷേത്ര നടത്തിപ്പ് ചുമതല വിശ്വാസി സമൂഹത്തിനാകണം എന്ന സന്ദേശമാണിത്.

കക്ഷി- രാഷ്ട്രീയ അതിപ്രസരമുള്ള കേരളത്തിലെ ദേവസ്വം ബോര്‍ഡുകളുടെ സാംഗത്യം ചോദ്യം ചെയ്യുന്ന വിധി കൂടിയാണിത്. ക്ഷേത്രങ്ങളിലെന്തു നടക്കണമെന്നത് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളുമല്ല തീരുമാനിക്കേണ്ടത്. ശബരിമലയിലും കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിലും ബാധകമായ വിധി കൂടിയാണിതെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു.

ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുന്ന നയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വര്‍ണ്ണ കള്ളക്കടത്തു കേസില്‍ ബന്ധമുള്ളവര്‍ക്ക് ശിക്ഷ മാറ്റി നിര്‍ത്തല്‍ മാത്രമാണോയെന്നും സുരേന്ദ്രൻ പരിഹസിച്ചു.

സ്വപ്ന എങ്ങനെ കേരള അതിർത്തി കടന്നു? പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ എന്തുകൊണ്ട് അന്വേഷണമില്ല? തുടങ്ങിയ സുപ്രധാന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ല. ആരെയെങ്കിലും അവധിക്ക് അയച്ചാൽ അത് അഗ്നിശുദ്ധിയാവില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു

Advertisment