Advertisment

സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ കൂടുതല്‍ കുരുക്കിലായതായി കെ. സുരേന്ദ്രന്‍; സ്വപ്‌നയും സരിത്തും ഉള്‍പ്പെടെയുള്ളവരെ വിളിച്ചതിന്റെ ഫോണ്‍ രേഖകള്‍ പുറത്തുവന്നതോടെ താന്‍ ഉന്നയിച്ചതെല്ലാം ശരിയായി; കള്ളക്കടത്തിന് എല്ലാ സഹായങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചു; മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറിനിന്ന് പിണറായി വിജയന്‍ അന്വേഷണത്തെ നേരിടണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ പിണറായി വിജയൻ സര്‍ക്കാര്‍ കൂടുതല്‍ കുരുക്കിലാകുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേസിൽ ഇപ്പോൾ പിടിയിലായ സ്വപ്ന സുരേഷും സരിത്തും മന്ത്രി കെ.ടി. ജലീൽ ഉൾപ്പടെയുള്ളവരെ വിളിച്ചതിന്റെ ഫോൺ രേഖകൾ പുറത്തുവന്നതോടെ സ്വര്‍ണക്കടത്ത് സംബന്ധിച്ച് താൻ ഉന്നയിച്ച വിവരങ്ങളെല്ലാം ശരിയായെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

Advertisment

publive-image

ഭരണതലത്തില്‍ സ്വാധീനമുള്ള പലര്‍ക്കും ഈ കേസുമായി അടുത്ത ബന്ധമുണ്ട്. സ്വർണക്കടത്തുകാരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തപ്പോള്‍ ആദ്യം വിളിയെത്തിയതു ഓഫിസില്‍ നിന്നാണെന്നതും തെളിഞ്ഞിരിക്കുന്നു. സ്വർണക്കടത്തിന്റെ മുഖ്യസൂത്രധാര സ്വപ്‌ന സുരേഷിന്റെ പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നതും ഫോൺ വിളികളുടെ വിവരങ്ങൾ പുറത്തുവന്നതോടെ വ്യക്തമായെന്നും സുരേന്ദ്രൻ പറഞ്ഞു.

സ്വപ്‌ന സുരേഷ്, സരിത് എന്നിവരുടെ സ്വകാര്യ ഫോണില്‍നിന്നു വിളിച്ചതിന്റെ വിവരങ്ങളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മന്ത്രി ജലീല്‍, മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കര്‍, ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി തുടങ്ങിയവരെ ഏപ്രില്‍ മുതല്‍ ജൂലൈ വരെ വിളിച്ചതിന്റെ വിവരങ്ങളാണിത്. ഇവര്‍ക്ക് കേസിലുള്ള പങ്ക് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ കേസിലെ പ്രധാന പ്രതി സരിത്തിനെ പലതവണ വിളിച്ചു. സരിത്തിനും സ്വപ്നയ്ക്കുമെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള അടുത്ത ബന്ധം എന്താണെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. കള്ളക്കടത്തിന് എല്ലാ സഹായങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇവർക്ക് ലഭിച്ചു എന്നുവേണം മനസ്സിലാക്കാനെന്നും സുരേന്ദ്രൻ ആരോപിച്ചു.

കാര്യങ്ങള്‍ ഇത്രത്തോളം വ്യക്തമായിട്ടും തന്റെ ഓഫിസിനെ കുറിച്ച് യാതൊരു അന്വേഷണവും വേണ്ടെന്നു പറയുന്ന മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുകയാണ്. ഇനിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറിനിന്ന് അന്വേഷണത്തെ നേരിടാന്‍ പിണറായി വിജയൻ തയാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Advertisment