Advertisment

കൊടകര കുഴല്‍പണക്കേസില്‍ കെ സുരേന്ദ്രന്‍ കുരുക്കില്‍ ! കൊടകരയില്‍ വച്ച് പണം നഷ്ടമായതിനു പിന്നാലെ ധര്‍മ്മരാജന്‍ വിളിച്ചത് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെ ! സുരേന്ദ്രന്റെ മകന്റെ ഫോണില്‍ വിളിച്ച് സുരേന്ദ്രനുമായി സംസാരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി കര്‍ണാടകയില്‍ നിന്നും എത്തിച്ചത് 12 കോടിയുടെ കുഴല്‍പ്പണം. ഇത്തവണ പണമെത്തിച്ചത് മൂന്നു ചാക്കില്‍ കെട്ടി പിക്കപ്പില്‍ ! കര്‍ണാടകയില്‍ നിന്നും പണം കൈമാറിയത് ടോക്കണിന്റെ അടിസ്ഥാനത്തില്‍. ടോക്കണായി നല്‍കിയത് 10 രൂപ ! ബിജെപിക്കും സുരേന്ദ്രനും കുരുക്കൊരുക്കി കൊടകര കുഴല്‍പണക്കേസ് കുറ്റപത്രം

New Update

publive-image

Advertisment

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി കോടികള്‍ സംസ്ഥാനത്ത് എത്തിച്ചുവെന്ന് കൊടകര കവര്‍ച്ചാ കേസിന്റെ കുറ്റപത്രത്തില്‍ പറയുന്നത് ബിജെപിക്ക് കുരുക്കാകും. കെ സുരേന്ദ്രന് കൂടുതല്‍ കുരുക്കു മുറുക്കുന്നതാണ് കൊടകര കേസിലെ കുറ്റപത്രം.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 12 കോടി രൂപയാണ് കര്‍ണാടകയില്‍ നിന്ന് ബിജെപി കേരളത്തിലെത്തിച്ചത്. ഇതിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് കൂടുതല്‍ വിവരങ്ങളുള്ളത്.

കൊടകര വച്ച് പണം നഷ്ടമായതിന് പിന്നാലെ ധര്‍മ്മരാജന്‍ ഉടന്‍ തന്നെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ വിളിച്ചു. സുരേന്ദ്രന്റെ മകന്റെ ഫോണില്‍ വിളിച്ചായിരുന്നു സുരേന്ദ്രനുമായി സംസാരിച്ചത്. ഇതുകൂടാതെ വിവിധ ബിജെപി നേതാക്കളെയും ധര്‍മ്മരാജന്‍ വിളിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

കൊടകര കവര്‍ച്ച നടന്ന ദിവസത്തില്‍ 6.3 കോടി രൂപ തൃശ്ശൂര്‍ ബി.ജെ.പി. ഓഫീസില്‍ എത്തിച്ചുവെന്നാണ് പോലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. കോഴിക്കോട് നിന്ന് പിക്കപ്പ് വഴിയാണ് പണം വിവിധയിടങ്ങളിലേക്ക് എത്തിച്ചതെന്നും കുറ്റപത്രത്തിലുണ്ട്.

കോഴിക്കോട് നിന്ന് പിക്കപ്പ് ലോറിയില്‍ 3 ചാക്കു കെട്ടുകളായാണ് പണം എത്തിച്ചത്. ഇതില്‍ 6.3 കോടി രൂപ ബിജെപിയുടെ തൃശ്ശൂര്‍ ഓഫീസില്‍ എത്തിച്ചു. ആലപ്പുഴയിലും പത്തനംതിട്ടയിലുമായി 1.4 കോടി രൂപ വീതം എത്തിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

മൂന്ന് തവണയായിട്ടാണ് പണം സംസ്ഥാനത്തെത്തിയത്. ധര്‍മ്മരാജന്‍ നേരിട്ടാണ് പണം എത്തിച്ചത്. കര്‍ണാടകയില്‍ നിന്നാണ് പണം കൊണ്ടുവന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ടോക്കണ്‍ ഉപയോഗിച്ചായിരുന്നു പണക്കൈമാറ്റം. കര്‍ണാടകയിലെത്തി ടോക്കണ്‍ കാണിച്ചാല്‍ പണം കിട്ടും. പത്ത് രൂപയാണ് ടോക്കണായി കാണിക്കാന്‍ ബിജെപി ഉപയോഗിച്ചിരുന്നത്. പണം വാങ്ങേണ്ടവരുടെ വിവരങ്ങള്‍ ധര്‍മ്മരാജന് കൈമാറിയിരുന്നത് ബിജെപിയുടെ സംസ്ഥാന ഓഫീസ് സെക്രട്ടറിയാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാകുന്നുണ്ട.

ഇതു കെ സുരേന്ദ്രനടക്കമുള്ള നേതാക്കള്‍ക്ക് കൂടുതല്‍ കുരുക്കാവുമെന്ന് ഉറപ്പാണ്. തെരഞ്ഞെടുപ്പില്‍ പണം ഉപയോഗിക്കാന്‍ വ്യവസ്ഥാപിതമായ മാര്‍ഗം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. പാര്‍ട്ടി ഫണ്ടാണെങ്കിലും അതു കൈകാര്യം ചെയ്യാന്‍ നിയമപരമായ മാര്‍ഗ്ഗമുണ്ട്.

ഇതിനൊക്കെ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറഞ്ഞു വയ്ക്കുന്നത്. ഇനിയുള്ള അന്വേഷണം നടത്തേണ്ടത് എന്‍ഫോഴ്‌മെന്റ് ഡയറക്ട്രേറ്റു കൂടിയാണ്. ഇതോടെ കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും കൂടും.

k surendran
Advertisment