Advertisment

ആകാശയാത്രാ വിവാദം: യാത്രയ്ക്ക് ചെലവായ പണം പാര്‍ട്ടി നല്‍കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

New Update

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരന്തനിവാരണ ഫണ്ടുപയോഗിച്ച് ഹെലികോപ്ടര്‍ യാത്ര നടത്തിയെന്ന വിവാദം സിപിഐഎമ്മിന് തലവേദനയാകുന്നു. വിവാദം അവസാനിപ്പിക്കാന്‍ സിപിഐഎം സംസ്ഥാന നേതൃത്വം ശ്രമിക്കുകയാണ്. ഹെലികോപ്ടര്‍ യാത്രയ്ക്കു ചെലവായ എട്ടുലക്ഷം രൂപ പാര്‍ട്ടി നല്‍കുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പണം നല്‍കാനുള്ള ശേഷി പാര്‍ട്ടിക്കുണ്ട്. ഇക്കാര്യം പാര്‍ട്ടി നോക്കിക്കോളുമെന്നും മന്ത്രി തിരുവനന്തപുരത്തു വ്യക്തമാക്കി.

Advertisment

publive-image

അതേസമയം, മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയ്ക്കു ദുരിതാശ്വാസ നിധിയില്‍നിന്നു പണം അനുവദിച്ചതുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും റവന്യൂ സെക്രട്ടറി പി.എച്ച് കുര്യനും ഏറ്റുമുട്ടി. സെക്രട്ടറിയോടു വിശദീകരണം ചോദിച്ചെന്നു മന്ത്രിയും ഇതേപ്പറ്റി അറിയില്ലെന്നു ക്ഷുഭിതനായി സെക്രട്ടറിയും പ്രതികരിച്ചു.

പണം നല്‍കാന്‍ ഉത്തരവിറക്കിയ കുര്യന്റെ നടപടി സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നു റവന്യൂമന്ത്രി കുറ്റപ്പെടുത്തി. താനറിയാതെ ഉത്തരവിറക്കിയതിനു കാരണം വിശദീകരിക്കാന്‍ മന്ത്രി കുര്യനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പിന്തുണയുള്ള കുര്യന്റെ നീക്കങ്ങളില്‍ മൂന്നാര്‍ വിവാദം മുതല്‍ മന്ത്രിക്കും സിപിഐയ്ക്കും കടുത്ത അതൃപ്തിയുണ്ട്. ഇതിന്റെ തുടര്‍ച്ചയെന്നോണം ഉണ്ടായ നടപടി കുര്യനെ ചൊടിപ്പിച്ചു.

അതേസമയം, ദുരിതാശ്വാസ നിധിയില്‍നിന്നു പണം വകമാറ്റിയത് അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും വാദം തെറ്റാണെന്നു വിവാദ ഉത്തരവിന്റെ പകര്‍പ്പില്‍നിന്ന് വ്യക്തമാണ്. ഇരുവരുടെയും പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കു പകര്‍പ്പ് നല്‍കിയിട്ടുണ്ടെന്ന് ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. പൊലീസിന്റെ ആവശ്യപ്രകാരമാണു പണം നല്‍കിയതെന്ന നിലപാട് ലോക്‌നാഥ് ബെഹ്‌റയും തള്ളി.

Advertisment