ലോക കേരള സഭ വിശദീകരണ യോഗം സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, July 11, 2018

കുവൈറ്റ് സിറ്റി: പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുക, കേരളീയ സംസ്കാരത്തിന്‍റെ വികസനത്തിനു പ്രവര്‍ത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ രൂപീകരിച്ച ലോക കേരള സഭയുടെ വിശദീകരണ യോഗം സംഘടിപ്പിച്ചു. കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ അബ്ബാസ്സിയ – സാൽമിയ മേഖലകൾ കേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

സാൽമിയ കല സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ കല കുവൈറ്റ് പ്രസിഡന്റ് ആർ.നാഗനാഥൻ അധ്യക്ഷത വഹിച്ചു. ലോക കേരള സഭാംഗവും, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ എൻ.അജിത് കുമാർ, ലോക കേരള സഭാംഗം സാം പൈനുംമൂട് എന്നിവർ ലോക കേരള സഭയെക്കുറിച്ച് വിശദീകരിച്ചു.

കല കുവൈറ്റ് ട്രഷർ രമേശ് കണ്ണപുരം, അബ്ബാസിയ മേഖലാ സെക്രട്ടറി പ്രിൻസ്റ്റൺ എന്നിവർ സംസാരിച്ചു. കല കുവൈറ്റ് ആക്ടിങ് സെക്രട്ടറി എം.പി.മുസ്ഫർ സ്വാഗതവും, സാൽമിയ മേഖലാ സെക്രട്ടറി പി.ആർ.കിരൺ നന്ദിയും രേഖപ്പെടുത്തി.

കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദിയാണ് ലോക കേരള സഭ. ജനുവരി 12, 13 തീയ്യതികളിലാണ് ലോക കേരള സഭ ആദ്യ സമ്മേളനം ചേർന്നത്. കേരളത്തിലെ എം.എൽ.എമാരും, എം.പിമാരും, ഇന്ത്യന്‍ പൗരന്മാരായ കേരളീയ പ്രവാസികളെ പ്രതിനിധീകരിച്ചുള്ള അംഗങ്ങളുമാണ് ലോക കേരള സഭയിലെ അംഗങ്ങൾ.

×