ലോങ്ങ് മാർച്ചിന് കല കുവൈറ്റ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, March 13, 2018

കുവൈറ്റ് സിറ്റി: കർഷകരെ കൂട്ട ആത്മഹത്യയിലേക്ക് തള്ളിവിടുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന ലോങ്ങ് മാർച്ചിന് കല കുവൈറ്റ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ചരിത്രത്തിലാദ്യമായി മഹത്തായ കർഷക മുന്നേറ്റത്തിനാണ് മുംബൈ നഗരം സാക്ഷിയാകുന്നത്. പതിനായിരക്കണക്കിന് കർഷകരാണ് ഈ മുന്നേറ്റത്തിൽ അണിചേരുന്നത്.

മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിരവധി കർഷകർ ഇതിന്റെ ഭാഗമായി. രാജ്യത്താകെയുള്ള കര്‍ഷകര്‍ക്ക് കരുത്തേകിക്കൊണ്ട് ബിജെപി ഭരണകൂടത്തെ പിടിച്ചുകുലുക്കികൊണ്ടാണ് ലോങ്ങ് മാർച്ച് പുരോഗമിക്കുന്നത്. രാജസ്ഥാനിലും, ഹിമാചലിലും സമാനമായ കർഷക പ്രക്ഷോഭങ്ങൾ ഉയർന്ന് വന്നിരുന്നു.

ഇവിടെയും കർഷക രോഷത്തിൽ അവസാനം അവിടുത്തെ സർക്കാരുകൾക്ക് മട്ട് മടക്കേണ്ടി വന്നു. കർഷകരുടെ അതീജീവനത്തിനായുള്ള ആവശ്യങ്ങൾക്കു മുന്നിൽ അനക്കമറ്റിരുന്നിരുന്ന സർക്കാർ ഇതോടെ ഉണരേണ്ടി വന്നിരിക്കുന്നു. കർണ്ണാടകയിലെ കർഷകരും സമാന ആവശ്യങ്ങൾ ഉന്നയിച്ച് സമരങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

‘ആത്മഹത്യയല്ല പോരാട്ടമാണ് മാർഗ’മെന്ന് പ്രഖ്യാപിച്ച് നാസിക്കിൽ നിന്ന് 180 കിലോമീറ്റർ ലോങ്മാർച്ചായി എത്തിയ കർഷകർക്ക് കല കുവൈറ്റ് അഭിവാദ്യം അർപ്പിക്കുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ആർ.നാഗനാഥൻ, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

×