പത്താം ക്ലാസില്‍ മൂന്ന് തവണ പരാജയപ്പെട്ടയാള്‍ എഴുതിയത് 100 ലധികം പുസ്തകങ്ങളും 75ഓളം സിനിമകള്‍ക്ക് തിരക്കഥയും. ‘കലൈഞ്ജര്‍’ എന്നാല്‍ എല്ലാ അര്‍ഥത്തിലും ഒരു കലാകാരന്‍

ന്യൂസ് ബ്യൂറോ, ചെന്നൈ
Tuesday, August 7, 2018

ചെന്നൈ: രാഷ്ട്രീയത്തിലും സാഹിത്യത്തിലും ഒരേപോലെ തിളങ്ങിയ അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി മുത്തുവേല്‍ കരുണാനിധി എന്ന എം കരുണാനിധിയുടെ ജീവിതം വ്യത്യസ്തതകളും ഒരുപക്ഷെ അത്ഭുതങ്ങളും നിറഞ്ഞതായിരുന്നു. നൂറിലധികം പുസ്തകങ്ങള്‍ രചിക്കുകയും 75ഓളം സിനിമകള്‍ക്ക് തിരക്കഥ രചിക്കുകയും ചെയ്ത നേതാവ് പക്ഷേ പത്താം ക്ലാസില്‍ മൂന്ന് തവണ പരാജയപ്പെട്ടയാളായിരുന്നുവെന്നത് മറ്റൊരു കൌതുകമാണ്.

രാഷ്ട്രീയ നേതാവെന്നതിലുപരി സിനിമാ – സാഹിത്യ മേഖലകളിലും അസാമാന്യ പ്രതിഭയായിരുന്നു അദ്ദേഹം. കലാകാരന്‍ എന്നാണ് ‘കലൈഞ്ജര്‍’ എന്ന തമിഴ്‌വാക്കിന്റെ അര്‍ത്ഥം. ഇത് അന്വര്‍ത്ഥമാക്കുന്ന വിധമാണ് കലാ-സാഹിത്യ രംഗത്ത് അദ്ദേഹത്തിന്റെ സംഭാവനകള്‍. വിദ്യാഭ്യാസത്തില്‍ പരാജയമായിരുന്നെങ്കിലും പ്രായോഗിക ഞ്ജാനത്തില്‍ അദ്ദേഹം അതുല്യനായിരുന്നു .

സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ അദ്ദേഹം കവിതകളും കഥകളും എഴുത്തുടങ്ങിയിരുന്നു. കവിത, കഥകള്‍, നോവല്‍, ജീവചരിത്രം, നാടകം ഉള്‍പ്പെടെ നൂറുകണക്കിന് കൃതികളും 75ഓളം സിനിമകള്‍ക്ക് തിരക്കഥയും രചിച്ചു.

തിരുക്കുറളിനെ ആസ്പദമാക്കി രചിച്ച കുറുളോവിയം €ാസിക് തമിഴ് കൃതിയായാണ് പരിഗണിക്കപ്പെടുന്നത്. കുറളോവിയത്തിന് പുറമെ നെഞ്ചുക്ക് നീതി, സംഗ തമിഴ്, റോമാപുരി പാണ്ഡ്യന്‍, വെള്ളിക്കിഴിമൈ, തെല്‍പാണ്ടി സിങ്കം, ഇനിയവൈ ഇരുപത്, തിരുക്കുറള്‍ ഉരൈ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

ചിലപ്പതികാരം, മണിമകുടം, ഒരേ രക്തം, പഴനിയപ്പന്‍, തൂക്കുമേടൈ, കാകിതപ്പൂ, നാനേ അറിവളി, വെള്ളികിഴമൈ, ഉദയസൂരിയന്‍ തുടങ്ങിയവയാണ് പ്രധാന നാടകങ്ങള്‍. വിവിധ സാഹിത്യശാഖകളിലായി നൂറിലധികം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 1947ല്‍ പുറത്തിറങ്ങിയ രാജകുമാരി എന്ന ചിത്രം രചിച്ചാണ് അദ്ദേഹം സിനിമയിലെത്തിയത്. 2011ല്‍ പുറത്തിറങ്ങിയ പൊന്നാര്‍ ശങ്കറാണ് അവസാന ചിത്രം.

×