Advertisment

മണ്ണും മനുഷ്യനും ഒന്നാകുന്ന മാറ്റം... കൊയ്ത്തുത്സവം ശ്രദ്ധേയമായി

New Update

publive-image

Advertisment

മണ്ണാർക്കാട്: കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക് കരിമ്പ മുട്ടിക്കൽകണ്ടം പാടത്തെ ഒന്നരയേക്കറോളം സ്ഥലത്ത് ഇത്തവണ ജൈവ നെല്‍കൃഷിയിലൂടെ വിളയിച്ചെടുത്തത് നൂറുമേനി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഉമ്മുസൽ‍മ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രൻ മാസ്റ്റർ വിശിഷ്ടാതിഥിയായി.

രാസവളം ഉപയോഗിക്കാതെ തന്നെ മികച്ച വിളവ് കിട്ടുമെന്ന് ബാങ്കിന്റെ നെല്‍കൃഷി പദ്ധതി വീണ്ടും തെളിയിച്ചു. ബാങ്കിങ് പ്രവർത്തനങ്ങൾ പോലെ തന്നെ നാടിന്റെ ഉന്നമന പ്രവർത്തനങ്ങൾക്ക് മൂല്യം കൽപ്പിച്ച് മാതൃക സൃഷ്ടിക്കുന്ന കല്ലടിക്കോട് സർവീസ് സഹകരണ ബാങ്കിന്റെ കൊയ്ത്തുത്സവത്തെ എല്ലാവരും പ്രശംസയോടെ എടുത്ത് പറഞ്ഞു.

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കരിമ്പ കൃഷി ഭവന്റെ സഹകരണത്തോടെയാണ് കരിമ്പ മുട്ടിക്കൽകണ്ടത്ത് നെൽകൃഷി ചെയ്തത്. പരമ്പരാഗതരീതിയിൽ അരിവാൾ ഉപയോഗിച്ച് കൊയ്തെടുത്ത നെല്ല് അരിയാക്കി ബാങ്ക് തന്നെ ആവശ്യക്കാരിലെത്തിക്കും. കാര്‍ഷിക ഉത്പാദനത്തിലും ഉത്പാദന ക്ഷമതയിലും കൂട്ടായ മനുഷ്യദ്ധ്വാനവും നിശ്ചയദാർഢ്യവും സമന്വയിച്ചപ്പോൾ ഇവിടെ വിളഞ്ഞ നൂറുമേനി കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും ഇനിയും പ്രോത്സാഹനമായിരിക്കുകയാണ്.

സ്വന്തമായി അധ്വാനിക്കാൻ മനസ്സുള്ളവരെ പ്രോത്സാഹിപ്പിച്ചും ജൈവകൃഷിരീതി അവലംബിച്ചും കൃഷി കൂടുതല്‍ വിപുലമാക്കണമെന്നുള്ള ആഗ്രഹമാണ് ബാങ്ക് അധികൃതർക്കുള്ളത്. ഭക്ഷ്യഭദ്രതയ്‌ക്കും സുരക്ഷിത ഭക്ഷണത്തിനുമായി ഓരോ തുണ്ട് ഭൂമിയിലും കൃഷി വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത പ്രസംഗകർ ഊന്നിപ്പറഞ്ഞു.

നാടിന്റെ നട്ടെല്ലായ കൃഷിയിലേക്ക്‌ തിരികെയെത്തുന്ന കാഴ്‌ചയാണ് എവിടെയും ഉണ്ടാകേണ്ടത്. കോവിഡ് മഹാമാരി കാലത്ത് മണ്ണിൽ പൊന്നുവിളയിച്ച് ഇക്കാര്യം തെളിയിച്ചിരിക്കുകയാണ് സർവീസ് സഹകരണ ബാങ്ക്. ദേശീയ പാതയോരത്ത് സ്വർണ്ണ കതിരൊടെ പാടം പച്ചപ്പണിഞ്ഞു നിൽക്കുന്ന കാഴ്ച ആനന്ദകരമാണ്. തനത് നെൽവിത്തായ പൊന്മണിയാണ് ഇവിടെ കൃഷി ചെയ്തത്.

ബാങ്ക് പ്രസിഡന്റ് എ.എം.മുഹമ്മദ് ഹാരിസ് അധ്യക്ഷനായി. കൃഷി ഓഫീസർ പി.സാജിദലി പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർമാരായ ജയവിജയൻ, കെ.കെ.ചന്ദ്രൻ,റമീജ,ബാങ്ക് ഡയറക്ടർ യൂസുഫ് പാലക്കൽ,ആന്റണി മതിപ്പുറം, തുടങ്ങിയവർ പ്രസംഗിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ജോൺ കുര്യൻ സ്വാഗതവും സെക്രട്ടറി ബിനോയ് ജോസഫ് നന്ദിയും പറഞ്ഞു.

palakkad news
Advertisment