Advertisment

കൽപ്പറ്റയിൽ ലോറിയിടിച്ച് കെട്ടിടം തകര്‍ന്ന സംഭവം; മൂന്ന് കോടിയോളം നഷ്ടം

New Update

publive-image

Advertisment

കല്‍പ്പറ്റ: ദേശീയപാത 766-ല്‍ കല്‍പ്പറ്റക്കടുത്ത വെള്ളാരംകുന്നില്‍ ലോറിയിടിച്ച് കെട്ടിടം തകര്‍ന്ന സംഭവത്തില്‍ മൂന്ന് കോടിയോളം നഷ്ടമുണ്ടായതായി ഉടമകള്‍. 500 മീറ്ററോളം അകലെ വെച്ച് നിയന്ത്രണം തെറ്റിയ ലോറി ഇടിച്ചതിനെ തുടര്‍ന്ന് മുന്നിലുണ്ടായിരുന്ന ടെമ്പോ ട്രാവലര്‍ ചെന്ന് പതിച്ചത് ഇവിടെയുള്ള യൂസ്ഡ് കാര്‍ ഷോറൂമിലായിരുന്നു. ഈ ഷോപ്പില്‍ ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ ഐസണ്‍ അറിയിച്ചു.

രണ്ടര കോടിയോളം രൂപയുടെ നഷ്ടമാണ് കെട്ടിട ഉടമക്കുണ്ടായിരിക്കുന്നത്. എങ്കിലും കൃത്യമായി നഷ്ടം കണക്കാക്കി വരുന്നതേയുള്ളുവെന്ന് കെട്ടിട ഉടമ സലീം പറഞ്ഞു. ഈ കെട്ടിടത്തില്‍ കോഫി ഷോപ് നടത്തിയിരുന്ന മലപ്പുറം വേങ്ങര സ്വദേശി പി.കെ. ഹാഷിമിന് 45 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് ഏകദേശ കണക്ക്.

നഷ്ടം വാഹനത്തിന്റെയും കെട്ടിടത്തിന്റെയും ഇന്‍ഷൂറന്‍സ് വഴി നികത്താന്‍ പ്രാഥമിക ധാരണയിലെത്തിയതായി കെട്ടിട ഉടമ സലീം പറഞ്ഞു. അതേ സമയം ഇതേ സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മിക്കാനാകുമോ എന്ന കാര്യം ജില്ല ഭരണകൂടത്തിന്റെ അടക്കം പരിശോധന പൂര്‍ത്തിയായ ശേഷമെ പറയാനാകൂ.

സിമന്റ് ലോഡുമായി അതിവേഗത്തില്‍ വന്ന വാഹനം ഇടിച്ചപ്പോള്‍ തന്നെ കെട്ടിടത്തിന്റെ പ്രധാന ഫില്ലറുകള്‍ അടക്കം നിശേഷം തകര്‍ന്നിരുന്നു. ഒരു ഭാഗത്ത് ചരിഞ്ഞ് കെട്ടിടം വീഴുമെന്ന അവസ്ഥയിലായതോടെയാണ് പൂര്‍ണമായും പൊളിച്ചുമാറ്റാന്‍ അധികൃതര്‍ ഉത്തരവിട്ടത്. അപകടത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചിരുന്നു.

പിന്നീട് കെട്ടിടം പൂര്‍ണമായും പൊളിച്ചതോടെ വാഹനങ്ങള്‍ സാധാരണ ഗതിയില്‍ ഓടിത്തുടങ്ങി. നിരവധി പേര്‍ വാഹനങ്ങള്‍ നിര്‍ത്തി ഫോട്ടോയെടുക്കാനും മറ്റും തുടങ്ങിയതോടെ പോലീസ് എത്തി പിന്തിരിപ്പിക്കുകയായിരുന്നു. സര്‍വ്വ സുരക്ഷ സന്നാഹങ്ങളോടെയുമായിരുന്നു കെട്ടിടം പൊളിച്ചു നീക്കല്‍.

wayanad news
Advertisment