വിദ്യാ ബാലനാണ് ആമിയെങ്കില്‍ സെക്‌സ് കടന്നുവരുമായിരുന്നു; മഞ്ജുവായത് കൊണ്ട് അതില്ല: കമല്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, January 12, 2018

മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ആമി എന്ന ചിത്രത്തില്‍ നിന്ന് വിദ്യ ബാലന്‍ പിന്മാറിയത് വാര്‍ത്തയായിരുന്നു. ബാഹ്യമായ ചില കാരണത്താലാണ് വിദ്യ പിന്മാറിയത്. വിദ്യ പിന്മാറിയ സാഹചര്യത്തില്‍ തനിക്ക് വന്‍ നഷ്ടമാണ് സംഭവിച്ചത് എന്നും കമല്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോള്‍ കമല്‍ പറയുന്നു, വിദ്യ ബാലന്‍ പിന്മാറിയത് ദൈവാനുഗ്രഹമായിരുന്നു എന്ന്. വിദ്യ ബാലനായിരുന്നു ആമിയിലെ മാധവിക്കുട്ടിയെങ്കില്‍ ലൈംഗികത കടന്നുവരുമായിരുന്നു എന്നാണ് സംവിധായകന്‍ പറഞ്ഞത്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

manju warrier aami images

കമലിന്റെ വാക്കുകള്‍:

ആദ്യം തന്നെ പറയട്ടെ വിദ്യാബാലന്‍ നിരസിച്ചതല്ല. പിന്‍മാറിയതാണ്. അത് കഥാപാത്രമോ കഥയോ ഇഷ്ടപ്പെടാതെ ആയിരുന്നില്ല. പകരം ചില ബാഹ്യ പ്രേരണകളാണ് അതിന് കാരണം. പക്ഷെ ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്. വിദ്യക്ക് വേണ്ടി കണ്ടിരുന്ന മാധവിക്കുട്ടിയല്ല മഞ്ജു ചെയ്തത്. വിദ്യ ചെയ്തിരുന്നെങ്കില്‍ അതില്‍ കുറച്ച് ലൈംഗികതയൊക്കെ കടന്ന് വരുമായിരുന്നു. ഞാന്‍ പോലും വേണ്ടത്ര ശ്രദ്ധിക്കാത്ത ഒരു പാര്‍ട്ട് ആയിരുന്നു അത്.

പക്ഷെ മഞ്ജുവിലേക്ക് എത്തുമ്പോള്‍ സാധാരണ തൃശൂര്‍ക്കാരിയുടെ നാട്ടുഭാഷയില്‍ പെരുമാറുന്ന മാധവിക്കുട്ടിയെ അവതരിപ്പിക്കാനായി. മാധവിക്കുട്ടി അന്താരാഷ്ട്ര തലത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ട സാഹിത്യക്കാരിയായിരുന്നെങ്കിലും അടിസ്ഥാനപരമായി അവര്‍ ഒരു സാധാരണ മലയാളി സ്ത്രീ ആയിരുന്നു. ആ പരിചിത കഥാകാരിയാവാന്‍ വിദ്യാ ബാലനെക്കാള്‍ കഴിയുന്നത് മഞ്ജുവിന് തന്നെയാണ്.

ന്നെ എന്തുകൊണ്ട് ആദ്യം കാസ്റ്റ് ചെയ്തില്ല എന്ന് ചോദിച്ചാല്‍ മെയ്ക്ക് ഓവര്‍ ശരിയാകുമോ എന്ന് ഒരു ചെറിയ ആശയകുഴപ്പമുണ്ടായി. പക്ഷെ മഞ്ജു ശരിക്കും വിസ്മയിപ്പിച്ചു. വളരെ പെട്ടെന്ന്, രണ്ട് ദിവസത്തിനുള്ളില്‍ മഞ്ജു, മാധവിക്കുട്ടിയായി മാറി. വലിയ തിരുത്തലുകളൊന്നും വേണ്ടി വന്നില്ല. ആ തീഷ്ണതയും സങ്കീര്‍ണതയുമൊക്കെ അനായാസം ചെയ്യുന്ന മഞ്ജു എന്നെ അത്ഭുതപ്പെടുത്തി. ഇപ്പോള്‍ തിരിഞ്ഞ് ചിന്തിക്കുമ്പോള്‍ വിദ്യ പിന്‍മാറിയത് ദൈവാനുഗ്രഹമായി കാണുന്നു. ഞാന്‍ ആഗ്രഹിച്ച മാധവിക്കുട്ടിയെ കുറച്ചുകൂടി നല്ല രീതിയില്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. അതില്‍ സന്തോഷവും സമാധാനവും ഉണ്ട്. അതുകൊണ്ട് തന്നെ വിദ്യ പിന്‍മാറിയതില്‍ നഷ്ടബോധമില്ല.

വിദ്യ പിന്‍മാറിയപ്പോള്‍ പുതുമുഖത്തെ വരെ തിരഞ്ഞു. പിന്നീട് നിര്‍മാതാവ് തന്നെ മഞ്ജു എന്നു പറഞ്ഞപ്പോള്‍, ഒരാള്‍ (വിദ്യ ബാലന്‍) പിന്‍മാറിയ കഥാപാത്രത്തിലേക്ക് മഞ്ജു വരുമോ എന്ന ആശങ്ക. പകരക്കാരിയാണോ എന്ന് മഞ്ജു ചിന്തിക്കുമോ എന്നൊക്കെയുള്ള ഭയം മൂലം ഓരോ തവണയും ശ്രമം ഉപേക്ഷിച്ചു.

ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ഒരു ദിവസം മഞ്ജുവിനെ വിളിച്ച് ചോദിച്ചു. ‘എന്നെ വിളിച്ചല്ലോ, സന്തോഷമായി. പലരും വിളിച്ച് ചോദിച്ചിരുന്നു കമല്‍ സര്‍ വിളിച്ചോ ആമിയിലേക്കെന്ന്’; മഞ്ജുവിന്റെ ആ വാക്കുകള്‍ ശരിക്കും എനിക്കൊരു സര്‍പ്രൈസ് ആയിരുന്നു. ബുദ്ധിമുട്ടാകുമോയെന്ന് കരുതിയാണ് ചോദിക്കാതിരുന്നത് എന്നും പറഞ്ഞപ്പോള്‍ മഞ്ജു പറഞ്ഞത്, ‘മാധവിക്കുട്ടി ആയിട്ട് അഭിനയിക്കാന്‍ ഏത് നടിയാണ് ആഗ്രഹിക്കാത്തത് എന്നായിരുന്നു’. അപ്പോള്‍ നമ്മള്‍ ചെയ്യുന്നു അല്ലേ എന്ന് ചോദിച്ചു ഞാന്‍. ‘സാറിന് ആത്മവിശ്വാസമുണ്ടെങ്കില്‍’ എന്ന് മഞ്ജു ചിരിച്ചോണ്ട് മറുപടി പറഞ്ഞു. പിന്നെ സ്‌ക്രിപ്റ്റ് അയച്ചു കൊടുത്തു.

വിവാദങ്ങള്‍ ഏതെങ്കിലും തരത്തില്‍ സിനിമയെ ബാധിച്ചില്ല. വിവാദങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. വിവാദ നായികയെക്കുറിച്ച് സിനിമ ചെയ്യുമ്പോള്‍ വിവാദങ്ങള്‍ സ്വാഭാവികമാണല്ലോ. മതത്തിന്റെയും ജാതിയുടേയും പേരില്‍ വര്‍ഗീയ ഫാസിസം പിടിമുറുക്കുന്ന കാലഘട്ടത്തിലാണ് മാധവിക്കുട്ടി അതിനെതിരെ ഒറ്റപ്പെട്ടതെങ്കിലും ശബ്ദമുയര്‍ത്തുന്നത്. അതുകൊണ്ട് തന്നെ ഈ സിനിമ കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്ന് ഞാന്‍ കരുതുന്നു.

ഇപ്പോഴല്ലെങ്കില്‍ പിന്നീട് ആ സിനിമ ചെയ്യാനോ ചെയ്തിട്ടോ കാര്യമില്ല. ഇനി റിലീസാകുന്ന സമയത്ത് വിവാദങ്ങള്‍ക്ക് സാധ്യതയുണ്ട്. ഏതായാലും കാത്തിരിക്കുകയാണ്, ചിത്രം ഫെബ്രുവരി ഒമ്പതിനു തിയേറ്ററില്‍ എത്തും.

×