സ്വന്തം ഭാര്യക്ക് ജോലി ചെയ്ത കാശ് നല്‍കാത്തവന്‍ – കമലിനെതിരെയുള്ള ഗൌതമിയുടെ വാക്കുകള്‍ ഏറ്റുപിടിച്ച് ശത്രുക്കള്‍

ന്യൂസ് ബ്യൂറോ, ചെന്നൈ
Tuesday, February 27, 2018

പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി രംഗത്തെത്തിയ നടന്‍ കമല്‍ ഹാസന് ആദ്യ എതിരാളി സ്വന്തം മുന്‍ ഭാര്യ തന്നെ. കമലിനെതിരെ കുറിയ്ക്കുകൊള്ളുന്ന പ്രസ്താവനയുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്ന ഗൌതമി അദ്ദേഹത്തിന്‍റെ ശത്രുക്കള്‍ക്ക് അടിക്കാനുള്ള വടി നല്‍കിയാണ്‌ ആദ്യ വെടി പൊട്ടിച്ചത് .

ഇത്തരം ധാരാളം കിടിലന്‍ വടികള്‍ ഇനിയും കമലിനെതിരെ ഗൌതമിയുടെ പക്കല്‍ ഉണ്ടെന്നാണ് കേള്‍വി . നടന്‍ കമല്‍ഹാസനുമായുള്ള ബന്ധം താന്‍ അവസാനിപ്പിച്ചത് തന്റെ ആത്മാഭിമാനത്തിന് മുറിവേറ്റതോടെയാണെന്ന് ഗൗതമി പറഞ്ഞിരുന്നു . ബ്ലോഗിലൂടെയായിരുന്നു പ്രതികരണം .

നിലവില്‍ തനിക്ക് കമലുമായി വ്യക്തിപരമായോ തൊഴില്‍ പരമായോ ബന്ധമില്ലെന്ന് വ്യക്തമാക്കുന്ന ഗൗതമി ഇരുവരും ബന്ധം അവസാനിപ്പിച്ചതിനെപറ്റിയും ബ്ലോഗില്‍ പറയുന്നുണ്ട്.

കമലിന്റെ സിനിമകളില്‍ വസ്ത്രാലങ്കാരം അടക്കം നിര്‍വഹിച്ച തനിക്ക് പ്രതിഫലം നല്‍കാതെ വഞ്ചിച്ചതായാണ് ഗൗതമി കമലിനെതിരെ ഉന്നയിച്ച പ്രധാന ആരോപണം .

ഇത് ശത്രുക്കള്‍ ഏറ്റുപിടിക്കുകയും ചെയ്തിട്ടുണ്ട് . സ്വന്തം ഭാര്യയ്ക്ക് പോലും ജോലി ചെയ്ത കൂലി കൊടുക്കാത്തവന്‍ എന്ന പേരാണ് എതിരാളികള്‍ക്കിടയില്‍ ഇപ്പോള്‍ കമലിനുള്ളത് .

പരസ്പര ബഹുമാനവും ആത്മാര്‍ത്ഥയും നിലനിര്‍ത്താന്‍ കഴിയാതെ വന്നതും ആത്മാഭിമാനം കളഞ്ഞ് ബന്ധം തുടരാന്‍ തനിക്ക് താല്‍പര്യമില്ലാത്തതിനാലുമാണ് പിരിഞ്ഞതെന്നും ഗൗതമി പറയുന്നു.

കമലിനോടൊപ്പം ജീവിതം തുടങ്ങിയതോടെ സിനിമാഭിനയം നിര്‍ത്തിയെന്ന് ഗൗതമി പറയുന്നു. പിന്നീട് കമലിന്റെ നേതൃത്വത്തില്‍ നിര്‍മാണകമ്പനിയായ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മിച്ച സിനിമകള്‍ക്കുവേണ്ടി വസ്ത്രാലങ്കാരം നിര്‍വഹിച്ചു.

മറ്റ് നിര്‍മാണകമ്പനികള്‍ക്കുവേണ്ടി കമല്‍ അഭിനയിച്ച സിനിമകളിലും വസ്ത്രാലങ്കാരം ചെയ്തു. വിശ്വരൂപം പോലുള്ള കമലിന്റെ സിനിമകളില്‍ വസ്ത്രാലങ്കാരം ചെയ്തതിന് തനിക്ക് പ്രതിഫലം ലഭിച്ചില്ലെന്നും ഗൗതമി ആരോപിക്കുന്നു. അതില്‍ തനിക്ക് വലിയൊരി തുക ലഭിക്കാനുണ്ടെന്നും ഗൗതമി പറയുന്നു.

വിവാഹകഴിച്ചില്ലെങ്കിലും 13 വര്‍ഷമായി ജീവിതപങ്കാളിയായി കഴിഞ്ഞ കമലും ഗൗതമിയും 2016 ഒക്ടോബറിലാണ് പിരിയുന്നത്. എന്നാല്‍ അന്ന് ബന്ധം അവസാനിപ്പിക്കുന്നതിനെകുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല.

എഐഡിഎംകെ നേതാക്കളാണ് കമലും ഗൗതമിയും തമ്മില്‍ ഇപ്പോഴും ബന്ധമുണ്ടെന്നും കമലിന്റെ പാര്‍ട്ടിയ്ക്ക് പണമെത്തുന്നത് ഗൗതമി വഴിയാണെന്നും ആരോപിച്ചത്. ഇതിനോടായിരുന്നു ഗൗതമിയുടെ പ്രതികരണം

×