Advertisment

അച്ഛന്‍ സുഖമായിരിക്കുന്നു; കമല്‍ ഹാസന്റെ ശസ്ത്രക്രിയയെക്കുറിച്ച് മക്കള്‍

New Update

ചെന്നൈ: തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന്റെ ശസ്ത്രക്രിയ വിജയകരമെന്ന് മക്കളായ ശ്രുതി ഹാസനും, അക്ഷര ഹാസനും. ട്വിറ്ററിലൂടെയാണ് അച്ഛന്റെ സുഖവിവരം മക്കള്‍ പങ്കുവച്ചത്. സിനിമാ ജീവിതത്തില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുവച്ച താരം അടുത്തിടെയാണ് തന്റെ കാലിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് പറഞ്ഞത്. അഞ്ച് ദിവസത്തിന് ശേഷം താരം ആശുപത്രി വിട്ടേക്കുമെന്നാണ് സൂചന.

Advertisment

publive-image

ജനുവരി 17നാണ് താന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന വിവരം കമല്‍ ഹാസന്‍ ട്വിറ്ററിലൂടെ അറിയിച്ചത്. ഇലക്ഷന്‍ പ്രചാരണത്തിന്റ ആദ്യ ഘട്ടം പൂര്‍ത്തിയായെന്നായിരുന്നു അദ്ദേഹം അന്ന് കുറിച്ചത്. പ്രചാരണത്തിനായി തമിഴ്‌നാട്ടിലുടനീളം 5,000 കിലോമീറ്ററിലധികം താന്‍ സഞ്ചരിച്ചിരുന്നെന്നായിരുന്നു താരത്തിന്റെ പോസ്റ്റ്.

താരത്തിന്റെ വലതു കാലിനാണ് ഇപ്പോള്‍ ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്. വലതുകാലിന്റെ എല്ലുകള്‍ക്ക് അണുബാധയേറ്റതനെത്തുടര്‍ന്നാണ് അടിയന്തര പരിശോധനയ്ക്ക് വിധേയനാക്കിയത്. കമല്‍ ഇപ്പോള്‍ സുഖം പ്രാപിക്കുകയാണെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി.

അതേസമയം ലോകേഷ് കനകരാജുമൊത്തുള്ള തന്റെ അടുത്ത ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ തിരക്കുകളിലാണ് കമല്‍ ഇപ്പോള്‍. വിക്രം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. കൂടാതെ കോവിഡ് മൂലം ഷൂട്ടിങ് മുടങ്ങിയ ഇന്ത്യന്‍ 2 പുനരാരംഭിക്കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ തുടരുന്നുണ്ട്.

ഇതിനിടയില്‍ രാഷ്ട്രീയവും കമല്‍ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്റെ 'മക്കള്‍ നീതി മെയ്യം' (എം.എന്‍.എം) ഒറ്റക്കാണ് മത്സരിച്ചത്.

തമിഴ്‌നാട്ടില്‍ ആകെ പോള്‍ ചെയ്യപ്പെട്ട 4,20,83,544 വോട്ടുകളില്‍ 15,73,620 വോട്ടുകളും എം.എന്‍.എം സ്വന്തമാക്കിയിരുന്നു. പലയിടത്തും മൂന്നാം സ്ഥാനത്തെത്തിയ പാര്‍ട്ടി ആകെ വോട്ടു വിഹിതത്തിന്റെ 3.72 ശതമാനമാണ് സ്വന്തമാക്കിയത്.

kamal hassan surgery
Advertisment