എസ് രാജേന്ദ്രൻ എംഎൽഎയെ തള്ളി കാനം; സബ്കളക്ടറുടെ നടപടി നൂറുശതമാനം ശരിയെന്ന് റവന്യൂമന്ത്രി; രാഷ്ട്രീയമായും ഭരണപരമായും ഒറ്റപ്പെട്ട് എസ് രാജന്ദ്രൻ എംഎൽഎ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, February 11, 2019

തിരുവനന്തപുരം: രാഷ്ട്രീയമായും ഭരണപരമായും പൂര്‍ണമായി ഒറ്റപ്പെട്ട് എസ് രാജന്ദ്രൻ എംഎൽഎ. സബ് കളക്ടറിനെ അധിക്ഷേപിച്ച എംഎൽഎയെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത് വന്നപ്പോൾ സബ്കളക്ടർ രേണു രാജിന്റെ നടപടി നൂറുശതമാനം ശരിയെന്നായിരുന്നു റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻറെ പ്രതികരണം.

മൂന്നാറിൽ ആരെങ്കിലും തടസ്സമുണ്ടാക്കിയാൽ നിയമപരമായി നേരിടും. നിയമലംഘനം ഉണ്ടായാൽ കോടതിയെ അറിയിക്കുന്നതിൽ തെറ്റില്ല. അതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അനധിക്യത നിർമ്മാണം നടത്താനല്ല സർക്കാർ അധികാരത്തിലിരിക്കുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

സബ്കളക്ടർ രേണു രാജിന്റെ നടപടി നൂറുശതമാനം ശരിയാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. നിയമാനുസൃതമായാണ് സബ്കളക്ടർ പ്രവർത്തിച്ചത്. നിയമം എല്ലാവർക്കും ബാധകമാണ്. കയ്യേറ്റം കണ്ടാൽ നടപടിയെടുക്കുകയാണ് വേണ്ടതെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി.

അതേസമയം എസ് രാജേന്ദ്രനെ പിന്തുണച്ച് മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റും ഡിസിസി അംഗവുമായ കറുപ്പുസ്വാമി രംഗത്തെത്തിയിരുന്നു. പഞ്ചായത്ത് ആവശ്യപ്പെട്ടത് അനുസരിച്ചാണ് എംഎല്‍എ വന്നതെന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്‍റിന്റെ വെളിപ്പെടുത്തല്‍. എംഎല്‍എയെ പിന്തുണച്ച പഞ്ചായത്ത് പ്രസിഡന്റിനോട് ഡിസിസി വിശദീകരണം തേടി .

×