Advertisment

വാഹനയാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍ദേശങ്ങള്‍ ലംഘിച്ച് എകെജി സ്മാരക സഹകരണ ആശുപത്രി; 27 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബസില്‍ തിങ്ങിനിറഞ്ഞ് നൂറോളം പേര്‍, ചട്ടം ലംഘിച്ച് കണ്ണൂര്‍ എകെജി ആശുപത്രിയിലെ ബസ് സര്‍വീസ്

New Update

കണ്ണൂര്‍: ലോക് ഡൗണില്‍ വാഹനയാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍ദേശങ്ങള്‍ ലംഘിച്ച് കണ്ണൂരിലെ എകെജി സ്മാരക സഹകരണ ആശുപത്രി. ജീവനക്കാര്‍ക്കായുളള മിനിബസില്‍ യാത്രക്കാരെ കുത്തിനിറച്ചാണ് ആശുപത്രിയില്‍ എത്തിച്ചത്. സിപിഎം നിയന്ത്രണത്തിലാണ് കണ്ണൂരിലെ എകെജി സഹകരണ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി 50ല്‍ താഴെ ആളുകള്‍ക്ക് യാത്ര ചെയ്യാവുന്ന ബസില്‍ നൂറോളം പേരെയാണ് ഹോസ്പിറ്റലില്‍ എത്തിക്കുന്നത്. നഴ്‌സുമാര്‍ അടക്കമുളള ആശുപത്രി ജീവനക്കാരാണ് ബസിലെ യാത്രക്കാര്‍.

Advertisment

publive-image

മൂന്നാംഘട്ട ലോക്ക് ഡൗണ്‍ പൂര്‍ത്തിയായതിന് പിന്നാലെ സംസ്ഥാനത്ത് ബസുകള്‍ക്ക് ജില്ലകള്‍ക്ക് അകത്ത് യാത്രാനടത്താനുളള അനുമതി നല്‍കിയിരുന്നു.ബസിലെ സീറ്റുകളുടെ എണ്ണം കണക്കാക്കി പകുതി യാത്രക്കാരെ മാത്രമേ ബസില്‍ കയറ്റാവു എന്നും സാമൂഹിക അകലം നിര്‍ബന്ധമായി പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ആരും നിന്ന് യാത്ര ചെയ്യരുതെന്നും പരമാവധി 23 മുതല്‍ 27 യാത്രക്കാര്‍ക്ക് മാത്രമാണ് ഒരു ബസില്‍ സഞ്ചരിക്കാന്‍ കഴിയുക എന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കണ്ണൂര്‍ സഹകരണ ആശുപത്രിയാകട്ടെ ഈ ചട്ടങ്ങള്‍ ഒന്നും പാലിക്കാതെയാണ് ജീവനക്കാര്‍ക്കായുളള ബസ് സര്‍വീസ് നടത്തിയത്.

രണ്ട് റൂട്ടില്‍ പോയാണ് ജീവനക്കാരെ ബസില്‍ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത്. എല്ലാ സീറ്റിലും യാത്രക്കാര്‍ ഇരുന്നും കൂടാതെ 40 പേരോളം നിന്നുമാണ് ഇന്ന് യാത്ര ചെയ്തത്. വാഹനത്തിന്റെ ഡ്രൈവര്‍ പറഞ്ഞത് കഴിഞ്ഞ മൂന്ന് ദിവസമായി ഇങ്ങനെയാണ് സര്‍വീസ് നടത്തുന്നതെന്നാണ്. ലോക്ക് ഡൗണായതിനാല്‍ കേടായ മറ്റ് ബസുകള്‍ നന്നാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ ബസ് മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നതെന്നും ഡ്രൈവര്‍ പറഞ്ഞു.

ബസില്‍ ആളുകളെ കുത്തിനിറച്ചുളള യാത്ര അനുവദിക്കാന്‍ കഴിയില്ലെന്നാണ് ഇതിനെക്കുറിച്ച് കണ്ണൂര്‍ ഡിഎംഒയുടെ പ്രതികരണം. അതേസമയം നാളെ മുതല്‍ ആളുകളെ കുത്തിനിറച്ചുളള സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകള്‍ ഇന്ന് മുതല്‍ സര്‍വീസുകള്‍ ആരംഭിച്ചു. അതേസമയം പ്രൈവറ്റ് ബസുകള്‍ യാത്രാനിരക്ക് ഇരട്ടിയായി വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ത്തി സര്‍വീസ് നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

bus service akg hospital
Advertisment