Advertisment

പ്രളയക്കെടുതിയുടെ ദുരിതത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരളീയര്‍  ‘ താന്‍ കണ്ടതില്‍വെച്ചേറ്റവും നാണംകെട്ട ജനത’  ;  കേരളത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ അര്‍ണബ് ഗോസ്വാമിക്കെതിരെ കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതി കേസെടുത്തു ;  ജൂണ്‍ 20ന് ഹാജരാകണം

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

കണ്ണൂര്‍: കേരളത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ റിപ്പബ്ലിക്ക് ടിവി മാനേജിങ് ഡയറക്ടറും എഡിറ്ററുമായ അര്‍ണബ് ഗോസ്വാമിയ്‌ക്കെതിരെ കണ്ണൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി(ഒന്ന്) കേസെടുത്തു. ജൂണ്‍ 20ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയക്കാനും ഉത്തരവായിട്ടുണ്ട്. സി.പി.ഐ.എം നേതാവ് പി. ശശി നല്‍കിയ ഹര്‍ജിയിലാണ് നടപടി.

Advertisment

publive-image

കേരളത്തിന് യു.എ.ഇ 700 കോടി രൂപ സഹായവാഗ്ദാനം നല്കിയെന്ന വാര്‍ത്തയുണ്ടാക്കിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ റിപ്പബ്ലിക് ടി.വിയിലെ ചര്‍ച്ചയ്ക്കിടെയാണ് അര്‍ണബ് മലയാളികളെ അധിക്ഷേപിച്ചു സംസാരിച്ചത്. പ്രളയക്കെടുതിയുടെ ദുരിതത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരളീയരെ ‘ താന്‍ കണ്ടതില്‍വെച്ചേറ്റവും നാണംകെട്ട ജനത’ എന്ന് അര്‍ണബ് വിശേഷിപ്പിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

പരാമര്‍ശം അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടി പി ശശി അര്‍ണബിന് നേരത്തെ വക്കീല്‍ നോട്ടീസയച്ചിരുന്നു. ഏഴുദിവസത്തിനകം മലയാളി സമൂഹത്തോട് നിര്‍വ്യാജം ഖേദംപ്രകടിപ്പിക്കണമെന്നും അല്ലാത്തപക്ഷം പത്തുകോടി രൂപ നഷ്ടപരിഹാരമായി മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്കു നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.

മറുപടി തൃപ്തികരമല്ലാത്തതിനാലാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 500, ക്രിമിനല്‍ നടപടിച്ചട്ടം 190 പ്രകാരം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

Advertisment