Advertisment

ടിവിയില്‍ മകനോടു സാമ്യമുള്ള യുവാവ് സംസാരിക്കുന്നതു കേട്ടപ്പോള്‍ അത് മകന്‍ തന്നെയാകണേ എന്ന് പ്രാര്‍ത്ഥിച്ചു ; മകന്‍ അല്ലെന്നു മനസ്സിലായപ്പോള്‍ അവന് ഒന്നും പറ്റിയിട്ടുണ്ടാവില്ല എന്നാശ്വസിച്ചു ; അധികം വൈകാതെ തന്നെ സനൂപിന്റെ മരണവാര്‍ത്ത ചന്ദ്രനെ തേടിയെത്തി

New Update

പയ്യന്നൂർ : ടിവിയിൽ മകനോടു സാമ്യമുള്ള യുവാവ് സംസാരിക്കുന്നതു കേട്ടപ്പോൾ അതു മകൻ തന്നെയാകണേ എന്നു പ്രാ‍ർഥിച്ചു, മകൻ അല്ലെന്നു മനസ്സിലായപ്പോൾ അവന് ഒന്നും പറ്റിയിട്ടുണ്ടാവില്ല എന്നാശ്വസിച്ചു. പക്ഷേ, അധികം വൈകാതെ മകന്റെ മരണ വാർത്ത ചന്ദ്രനെ തേടിയെത്തി. അവിനാശി അപകടത്തിൽ മകൻ സനൂപ് മരിച്ചത് ഉൾക്കൊള്ളാനാകാതെ തരിച്ചിരിക്കുകയാണ് പയ്യന്നൂരിലെ ഓട്ടോ ഡ്രൈവർ എൻ.വി.ചന്ദ്രൻ.

Advertisment

publive-image

രാവിലെ ഓട്ടോയുമായി ചന്ദ്രൻ ടൗണിലേക്ക് ഇറങ്ങുമ്പോഴാണ്, അയൽക്കാരനും ബന്ധുവുമായ റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥൻ എ.വി.കുഞ്ഞിക്കണ്ണൻ അവിനാശി ബസ് അപകടത്തെക്കുറിച്ചു പറയുന്നത്. അപകടത്തിൽപ്പെട്ട ബസിൽ സനൂപ് കയറിയിട്ടുണ്ടെന്നു തന്റെ ബന്ധുവും സനൂപിന്റെ സുഹൃത്തുമായ അരുണാണ് അറിയിച്ചതെന്നു കുഞ്ഞിക്കണ്ണൻ പറഞ്ഞതോടെ ചന്ദ്രന് ആധിയായി.

തിരികെ വീട്ടിൽ കയറി ടിവി തുറന്നു. തകർന്നു തരിപ്പണമായിക്കിടക്കുന്ന ബസിന്റെയും ആശുപത്രിയിലെ മൃതദേഹങ്ങളുടെയും ദാരുണ ദൃശ്യങ്ങൾ ടിവിയിൽ. അക്കൂട്ടത്തിൽ മകനുണ്ടാകരുതേ എന്ന പ്രാർഥനയോടെ ചന്ദ്രൻ ടിവിക്കു മുന്നിലിരുന്നു. അൽപ സമയം കഴിഞ്ഞപ്പോൾ പരുക്കേറ്റവരുടെ ദൃശ്യങ്ങളും അവരുടെ അനുഭവ വിവരണവും ചാനലിൽ കാണിച്ചു തുടങ്ങി.

ആശുപത്രിക്കിടക്കയിൽ ചെക്ക് ഷർട്ട് ധരിച്ചു കിടക്കുന്ന യുവാവിനെക്കണ്ട് സനൂപാണെന്നാണു ചന്ദ്രൻ ആദ്യം കരുതിയത്. അവൻ ജീവനോടെയുണ്ടല്ലോ എന്ന ആശ്വാസത്തിന്റെ നെടുവീർപ്പ്. എന്നാൽ ആ യുവാവ് മാധ്യമങ്ങളോടു തൃശൂർ ഭാഷയിൽ സംസാരിച്ചതോടെ, അതു സനൂപല്ലല്ലോ എന്നുതിരിച്ചറിവ്. ബസിൽ സനൂപ് കയറിയെന്നു വിളിച്ചു പറഞ്ഞത് അടുത്ത സുഹൃത്ത് അരുണായതിനാൽ ആ വിവരം തെറ്റില്ലെന്നു ചന്ദ്രനറിയാമായിരുന്നു.

എങ്കിലും എവിടെയോ പ്രതീക്ഷയുടെ ഇത്തിരിവെട്ടം ബാക്കിയുണ്ടായിരുന്നു. ടിവിയിൽ വരുന്ന ദൃശ്യങ്ങളിലെല്ലാം മകനെ തിരഞ്ഞു. സ്ഥിരീകരണത്തിനു കാത്തുനിൽക്കാതെ ബന്ധുക്കൾ ഉൾപ്പെട്ട സംഘം ഇന്റർസിറ്റി എക്സപ്രസിൽ കോയമ്പത്തൂരിലേക്കു പുറപ്പെട്ടു. ട്രെയിൻ കണ്ണൂരെത്തിയപ്പോഴേക്കും സനൂപിന്റെ മറ്റൊരു സുഹൃത്തായ നിഖിലിന്റെ വിളി ബന്ധുക്കളിൽ ഒരാളുടെ ഫോണിലെത്തി, മരിച്ചവരിൽ സനൂപുമുണ്ട്.

ബന്ധുക്കൾ കണ്ണൂരിലിറങ്ങി പയ്യന്നൂരിലേക്കു മടങ്ങി. അവരുടെ തിരിച്ചു വരവ് മകന്റെ വേർപാട് മൂലമാണെന്നു മനസ്സിലാക്കാൻ ചന്ദ്രന് ഏറെ സമയം വേണ്ടിവന്നില്ല. സംഭവം അറിഞ്ഞതോടെ തെരു കാനത്തെ വീട്ടിലേക്കു ജനപ്രവാഹമായിരുന്നു. തഹസിൽദാർ കെ.ബാലഗോപാലൻ ഉൾപ്പെടെ ഉദ്യോഗസ്ഥർ വീട്ടിലെത്തി. കലക്ടർ ബന്ധുക്കളുമായി ബന്ധപ്പെട്ടു സംസ്കാര ചടങ്ങുകൾ ചർച്ച ചെയ്തു. ഇന്ന് 11.30ന് സമുദായ ശ്മശാനത്തിലാണു സംസ്കാരം.

Advertisment