കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഉത്തരവ് സുപ്രീംകോടതി ഉപാധികളോടെ സ്റ്റേ ചെയ്തു; റസാഖിന് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, February 11, 2019

ഡല്‍ഹി : കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് റദ്ധാക്കിയ ഉത്തരവ് സുപ്രീംകോടതി ഉപാധികളോടെ സ്റ്റേ ചെയ്തു .റസാഖിന് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാം. എന്നാൽ വോട്ടെടുപ്പിൽ പങ്കെടുക്കരുത്. ആനുകൂല്യങ്ങളും ലഭിക്കില്ല

എം എൽ എയ്ക്ക് തൽസ്ഥാനത്ത് തുടരാമെന്ന് സുപ്രീംകോടതി .റസാഖിന് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാം. വോട്ടെടുപ്പിൽ പങ്കെടുക്കാനോ ആനുകൂല്യം കൈപ്പറ്റാനോ പാടില്ലെന്നും സുപ്രീം കോടതി നിർദേശിച്ചു. ഇക്കഴിഞ്ഞ ജനുവരി 17നാണ് കൊടുവള്ളിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി ഉത്തരവിട്ടത്. ഇതോടെയാണ് അവിടെനിന്ന് ജയിച്ച എൽ.ഡി.എഫ്. സ്വതന്ത്രൻ കാരാട്ട് റസാഖ് അയോഗ്യനായത്. എന്നാൽ ഇതിനെതിരെ കാരാട്ട് റസാഖ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

എതിർ സ്ഥാനാർഥിയ്ക്കെതിരെ അപകീർത്തികരമായ വീഡിയോ പ്രചിപ്പിച്ചതിനാണ് അയോഗ്യത. അതേസമയം വിജയിയായി പ്രഖ്യാപിക്കണമെന്ന എതിർ സ്ഥാനാർഥി എം.എ. റസാഖിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 573 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് കാരാട്ട് റസാഖ് വിജയിച്ചത്. യുഡിഫ് സ്ഥാനാർഥി എം.എ. റസാഖ് മാസ്റ്ററെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന തരത്തിലുള്ള വീഡിയോ ഡോക്യുമെന്ററി സൃഷ്ടിച്ചു പ്രചരണം നടത്തി എന്നാണ് കാരാട്ട് റസാഖിനെതിരായ പരാതി. കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പു വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തിലെ വോട്ടർമാരായ കെ.പി. മുഹമ്മദ്‌, മുഹമ്മദ്‌ കുഞ്ഞി എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

×