Advertisment

കരിക്കൻവില്ല ഇപ്പോൾ ശാന്തമാണ്; കൊലപാതകത്തിന്റെ രക്‌തമണം വിട്ടകന്നിരിക്കുന്നു; ‘മദ്രാസിലെ മോനും’ കൂട്ടുകാരും അവിടെ ചെയ്‌ത അരുംകൊല തിരുവല്ല മീന്തലക്കര ഗ്രാമത്തിന് ഇന്നും നടുക്കുന്ന ഓർമ; 'മദ്രാസിലെ മോന്‍'ഒരുനാള്‍ പകരം ചോദിക്കാന്‍ തന്നെ തേടി വരുമെന്നും ഗൗരിയമ്മ ഭയപ്പെട്ടിരുന്നു; പക്ഷേ ഗൗരിയമ്മയെ അവസാനം കണ്ട റെനി ചോദിച്ചത് മാപ്പും !

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം :1980ല്‍ കേരളക്കരയാകെ ഞെട്ടിച്ച സംഭവമായിരുന്നു കരിക്കിന്‍വില്ല കൊലപാതകം. കേസില്‍ വീട്ടുജോലിക്കാരിയായ ഗൗരിയുടെ മൊഴിയാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. മദ്രാസിലെ മോന്‍ എന്ന ഗൗരിയുടെ ഒരു വാക്കായിരുന്നു കേസില്‍ തുമ്പുണ്ടാക്കിയത്.

കഴിഞ്ഞദിവസം അന്തരിച്ച ഗൗരിയമ്മ, കരിക്കൻ വില്ലയിലെ ജോലിക്കാരി ആയിരുന്നു.

Advertisment

publive-image

1980 ഒക്‌ടോബർ 6ന് മീന്തലക്കര ക്ഷേത്രത്തിനു സമീപം കരിക്കൻവില്ലയിൽ കെ.സി.ജോർജ് (63), ഭാര്യ റേച്ചൽ (കുഞ്ഞമ്മ–56) എന്നിവർ കൊല്ലപ്പെട്ടത് കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു. ഒരുനാൾ പകരം ചോദിക്കാൻ റെനി തന്റെ വീട്ടിൽ എത്തുമെന്ന് ഗൗരി ഭയപ്പെട്ടു. റെനി പക്ഷേ, ഒരിക്കലും ഗൗരിയോടു പകരം ചോദിക്കാൻ പോയില്ല. എന്നാൽ ഏറെക്കാലത്തിനുശേഷം കണ്ടുമുട്ടിയപ്പോൾ പകരമായി ഒന്നു ചോദിച്ചു, ഗൗരിയുടെ പ്രിയപ്പെട്ട യജമാനത്തിയെ കൊന്നതിനു മാപ്പ് !

publive-image

കരിക്കൻവില്ല ഇപ്പോൾ ശാന്തമാണ്; കൊലപാതകത്തിന്റെ രക്‌തമണം വിട്ടകന്നിരിക്കുന്നു. പക്ഷേ, ‘മദ്രാസിലെ മോനും’ കൂട്ടുകാരും അവിടെ ചെയ്‌ത അരുംകൊല തിരുവല്ല മീന്തലക്കര ഗ്രാമത്തിന് ഇന്നും നടുക്കുന്ന ഓർമയാണ്. ഏറെക്കാലം കുവൈത്തിൽ ജോലിചെയ്‌തു ലക്ഷങ്ങളുടെ സമ്പാദ്യവുമായി നാട്ടിലെത്തിയതാണു മക്കളില്ലാത്ത ദമ്പതികൾ. പുറംലോകവുമായി ഇവർ ഏറെ ബന്ധപ്പെട്ടിരുന്നില്ല. രാവിലെ വീട്ടുജോലിക്കെത്തിയ ഗൗരിയാണു ജോർജിനെയു റേച്ചലിനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും കുത്തേറ്റിരുന്നു. കത്തി റേച്ചലിന്റെ വയറ്റിൽ തറച്ചിരുന്നു. മേശപ്പുറത്തു നാലു ചായക്കപ്പുകളുണ്ടായിരുന്നു.

publive-image

റേച്ചലിന്റെ ആഭരണങ്ങൾ, ജോർജിന്റെ റോളെക്‌സ് വാച്ച്, ടേപ്പ് റിക്കോർഡർ, പണം എന്നിവ അപഹരിക്കപ്പെട്ടിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്‌ഥലത്തുനിന്നും അന്വേഷണ സംഘത്തിനു ലഭിച്ച ഏകസൂചന കൊല നടന്ന വീടിനുള്ളിൽ വാരിവലിച്ചിട്ടിരുന്ന രക്തം പുരണ്ട കടലാസുകളിൽ പതിഞ്ഞ പുത്തൻ ഷൂസിന്റെ അവ്യക്തമായ പാടുകളാണ്.

ഗൗരിയെ പൊലീസ് ചോദ്യം ചെയ്‌തപ്പോൾ തലേന്നു വൈകിട്ടു താൻ ജോലികഴിഞ്ഞു പോകാൻ തുടങ്ങുമ്പോൾ നാലുപേർ കാറിൽ വന്നിരുന്നെന്നും വന്നവർക്കു ചായയുണ്ടാക്കാൻ റേച്ചൽ പറഞ്ഞതായും ഗൗരി അറിയിച്ചു. റേച്ചൽ തന്നെയാണു ചായ കൊണ്ടുപോയി കൊടുത്തത്. ‘മദ്രാസിലെ മോൻ’ ആണു വന്നതെന്നു റേച്ചൽ തന്നോടു പറഞ്ഞിരുന്നതായി ഗൗരി വെളിപ്പെടുത്തി. ഈ മൊഴിയാണ് കേസിനു തുമ്പുണ്ടാക്കിയത്.

publive-image

കൊല്ലപ്പെട്ട ജോർജിന്റെ ഒരു ബന്ധു മദ്രാസിൽ പഠിക്കുന്നുണ്ടായിരുന്നു - റെനി ജോർജ്. ആ യുവാവും മൗറീഷ്യസ് സ്വദേശി ഹസൻ ഗുലാം മുഹമ്മദ്, മലേഷ്യൻ സ്വദേശി ഗുണശേഖരൻ, കെനിയക്കാരനായ കിബ്‌ലോ ദാനിയൽ എന്നീ കൂട്ടുകാരുമാണു പ്രതികളെന്നു വ്യക്‌തമായി. റെനിയും ഹസനും ആദ്യം പൊലീസ് പിടിയിലായി. ഗുണശേഖരനെ തൊട്ടടുത്ത ദിവസം കിട്ടി. രക്ഷപ്പെടാൻ കിണഞ്ഞു ശ്രമിച്ച കിബ്‌ലോ, പറ്റാതെ വന്നപ്പോൾ കീഴടങ്ങി.

മദ്രാസിൽ എയ്‌റോനോട്ടിക്കൽ എൻജിനീയറിങ് വിദ്യാർഥികളായിരുന്നു ഇവർ. മദ്യത്തിനും ലഹരിമരുന്നിനും അടിമകളായിരുന്നു. പണമുണ്ടാക്കാൻ ചെറിയ മോഷണങ്ങളും നടത്തിവന്നിരുന്നതായി പൊലീസ് കണ്ടെത്തി. പണം തട്ടാനാണു സുഹൃത്തുക്കളെയും കൂട്ടി റെനി ചെന്നൈയിൽനിന്നു കാറോടിച്ചു തിരുവല്ലയിലെത്തി കൊല നടത്തിയത്.

publive-image

കേസിൽ വഴിത്തിരിവായതു പ്രതി ധരിച്ചിരുന്ന വിദേശ നിർമിത ഷൂസ് ആണെന്നു കേസ് അന്വേഷണത്തിനു നേതൃത്വം നൽകിയ മുൻ ഡിജിപി സിബി മാത്യൂസ് ഓർക്കുന്നു. കേരളത്തിൽ അന്നുവരെ കണ്ടിട്ടില്ലാത്ത പുതിയ ഇനം ഡിസൈനുള്ള ഷൂസിന്റെ ഹീൽ അന്വേഷണസംഘത്തവനായ സിബി മാത്യൂസിന്റെ ഉറക്കം കെടുത്തി. കൊല നടത്തിയതു പ്രഫഷനൽ കൊലയാളിയാണെന്ന നിഗമനത്തിൽ അതുവരെ അന്വേഷിച്ച പൊലീസ് ഉദ്യോഗസ്‌ഥരെല്ലാം എത്തിക്കഴിഞ്ഞിരുന്നു.

പ്രഫഷനൽ കുറ്റവാളികളുടെ വിരലടയാളത്തിനായി അവർ പരക്കം പാഞ്ഞപ്പോൾ സിബി മാത്യൂസ് പറഞ്ഞു. ‘ഇതു പ്രഫഷനൽ കൊലയാളിയല്ല, ആഡംബരപ്രിയരായ കുറേ ചെറുപ്പക്കാരാകാനാണു സാധ്യത’.

publive-image

കരിക്കൻവില്ലയിലെ പകൽജോലിക്കാരി ഗൗരിയുടെ വൈകിവന്ന മൊഴിയിലെ ഒരു വാചകമാണ് പിന്നെ പൊലീസിനെ നയിച്ചത്. ‘രക്തം പുരണ്ട കടലാസിൽ പതിഞ്ഞ ഈ ഷൂസിന്റെ അടയാളത്തിൽ നിന്നാണു കേസിലെ മുഖ്യ പ്രതി റെനി ജോർജ് കൊലപാതകം നടന്നു പത്താം ദിവസം പിടിയിലായത്. 1980 ഒക്ടോബറിലാണു തിരുവല്ലയിൽ ദമ്പതികൾ കൊല്ലപ്പെട്ടത്. അന്നു ഞാൻ ചെങ്ങന്നൂർ എഎസ്പിയായിരുന്നു. കേസിന്റെ അന്വേഷണ ചുമതല എനിക്കും മേൽനോട്ടം അന്നത്തെ എസ്പി ടി.പി.ഗോപിനാഥനും. വീടിനുള്ളിൽ വാരിവലിച്ചിട്ടിരുന്ന രക്തം പുരണ്ട കടലാസുകളിൽ ഷൂസിന്റെ പാടുകൾ ശേഷിച്ചിരുന്നു.

അതിന്റെ ചിത്രമെടുത്ത് പ്രദേശത്തെ എല്ലാ ചെരിപ്പുകടകളിലും കാണിച്ചെങ്കിലും അവിടെങ്ങും ആ രീതിയിലുള്ള ഷൂസ് ഇല്ലെന്നു മനസ്സിലായി. അന്നു ഫൊറൻസിക് സയൻസ് ലാബ് മേധാവിയായിരുന്ന വിഷ്ണു പോറ്റി ആ പാടുകൾ പരിശോധിച്ചു. ഈ ഷൂസ് വിദേശ നിർമിതമാണെന്ന സംശയം ഞാൻ എസ്പിയോടു പറഞ്ഞു. അതിനിടെ, വീട്ടിലെ ജോലിക്കാരിയെ ചോദ്യം ചെയ്തു. മകൻ ചെന്നൈയിൽ നിന്ന് അന്നു വരുമെന്ന് വീട്ടുകാർ പറഞ്ഞിരുന്നതായി മൊഴി നൽകി. ചെന്നൈ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു കേസിലെ പ്രതി റെനി ജോർജ് അറസ്റ്റിലായത്. അയാളുടെ താമസസ്ഥലത്തു നിന്ന് ആ വിദേശ നിർമിത ഷൂസും കണ്ടെടുത്തു. വിലയേറിയ ഷൂസ് ആയിരുന്നതിനാലാണ് അയാൾ അത് ഉപേക്ഷിക്കാതിരുന്നത്.’– സിബി മാത്യൂസ് പറഞ്ഞു.

ജയിലിലെ തന്റെ ആദ്യ ആറു വർഷങ്ങൾ പശ്‌ചാത്താപലേശമില്ലാതെ റെനി പഴയപോലെ മയക്കുമരുന്നിൽ മുഴുകികഴിഞ്ഞു. പൂജപ്പുര ജയിലിൽ മയക്കുമരുന്ന് എത്തിക്കാൻ ഗൂഢസംഘങ്ങൾ അന്നുമുണ്ടായിരുന്നുവെന്നും അവരുടെ കണ്ണിയായി ജയിൽ ഉദ്യോഗസ്‌ഥരും ഉണ്ടായിരുന്നുവെന്നും റെനി പിന്നീടു സാക്ഷ്യപ്പെടുത്തി. ഏറ്റുമാനൂർ വിഗ്രഹമോഷണകേസിലെ സ്‌റ്റീഫൻ, ക്യാപ്‌റ്റൻ ജോസ്, പ്രശസ്‌തനായ ഒരു നിർമാതാവ്.. സഹ തടവുകാരുടെ പട്ടിക നീളുന്നു. പരോളിലിറങ്ങുന്ന തടവുകാർ മയക്കുമരുന്നിനുള്ള പണം കണ്ടെത്തി മടങ്ങിവരും. ഒരിക്കൽ പരോളിലിറങ്ങിയപ്പോൾ റെനിയുടെ ഊഴമായിരുന്നു.

‘മദ്രാസിലെ മോൻ’ എന്നപേരിൽ സിനിമയെടുത്ത നിർമാതാവിനെ ഭീഷണിപ്പെടുത്തി 60,000 രൂപയുമായാണ് തിരികെവന്നത്. അതിൽ പകുതി ഒരു ജയിൽ ഉദ്യോഗസ്‌ഥൻ കൊണ്ടുപോയി. 1987ൽ പരോളിൽ ഇറങ്ങിയതു തിരുവല്ലയിൽ ഒരു സഹകരണ ബാങ്ക് കൊള്ളയടിക്കാൻ ജയിലിൽവച്ചേ പദ്ധതിയിട്ടായിരുന്നു.

വീട്ടിലെത്തി സേഫ് തകർക്കാനുള്ള ഗ്യാസ് കട്ടറും മറ്റു സ്വരുക്കൂട്ടുന്നതിനിടയിൽ താടിവച്ച ഒരു അപരിചിതൻ റെനിയെ തേടിയെത്തി. തന്നോടൊപ്പം ഒരു സ്‌ഥലം വരെ വരണമെന്നു പറഞ്ഞപ്പോൾ ഏതോ കവർച്ചയിൽ പങ്കാളിയാകാൻ തന്നെ ക്ഷണിക്കുകയാണെന്നാണ് കരുതിയത്. കൂടെപ്പോയി. പക്ഷേ, എത്തിയത് ഒരു പ്രാർഥനാലയത്തിൽ !

അവിടെ കൂട്ടിക്കൊണ്ടുവന്ന താടിക്കാരനോടു റെനിക്ക് അടങ്ങാത്ത ദേഷ്യമാണു തോന്നിയത്. പക്ഷേ, എന്തുകൊണ്ടോ ഇറങ്ങിപ്പോയില്ല. ആ പ്രാർഥനാ സംഘത്തിലിരിക്കവേ തന്റെ മനസ്സിൽ എന്തോ പരിവർത്തനം നടക്കുന്നതു റെനി അറിഞ്ഞു. പരോൾ കഴിഞ്ഞു കൊള്ളമുതലുമായി എത്തുന്ന റെനിയെ കാത്തിരുന്ന ജയിലിലെ കൂട്ടുകാർ ബാഗിൽ ഒരു ബൈബിൾ മാത്രം കണ്ടു ക്ഷോഭിച്ചു. റെനി അതുകണ്ടു മന്ദഹസിച്ചു.

അടുത്ത പരോൾ കഴിഞ്ഞു റെനി മടങ്ങി വന്നതു വിവാഹിതനായാണ്. വധു ബഹ്‌റൈനിൽ നഴ്‌സായ മംഗലാപുരം സ്വദേശി ടിന. കൊലയാളി യുവാവിന്റെ മനം മാറ്റത്തിൽ വിശ്വാസം അർപ്പിച്ച് ടിന ജീവിത പങ്കാളിയാകാൻ തീരുമാനിക്കുകയായിരുന്നു. ആ വിശ്വാസം തെറ്റിയില്ല.

കടപ്പാട് : മനോരമ

all news latets news karikkinvillai murder case
Advertisment