Advertisment

നെഞ്ചിടിപ്പോടെ നെല്ലിമല, ചെളിവാരിയെറിഞ്ഞ് ചേറാടി, പ്രാധാന്യമുള്ള പന്നൂർ

author-image
admin
New Update

(കരിമണ്ണൂർ പഞ്ചായത്ത് പര്യടനത്തിന്റെ അവസാനഭാഗം)

Advertisment

publive-image

നെഞ്ചിടിപ്പോടെ നെല്ലിമല

2005ൽ രൂപീകൃതമായ നിയോജക മണ്ഡലം ആണ് നെല്ലിമല. പഴയ രണ്ടാം വാർഡ്, കുറുമ്പാലമറ്റം, കോട്ടക്കല വാർഡുകളുടെ ഭാഗം ചേർന്നതാണ് നെല്ലിമല. കരിമണ്ണൂർ ചന്തയുടെ ജനവാസ മേഖലയായ ചന്തക്കുന്ന് ഈ മണ്ഡലത്തിലാണ്. 2005 ൽ ഇവിടെ നിന്നും കോൺഗ്രസിനു വേണ്ടി മൽസരിച്ച ബീന ജോളി വിജയിച്ചു. 2010ൽ ജോളി അഗസ്റ്റ്യൻ കോൺഗ്രസിന് വേണ്ടി വിജയം ആവർത്തിച്ചു. എന്നാൽ 2015ൽ യുഡിഎഫിന് വേണ്ടി ഇവിടെ മൽസരിച്ചത് കേരള കോൺഗ്രസ് (എം - ജോസഫ്) ആണ്. എൽഡിഎഫ് സ്ഥാനാർത്ഥി ജോസ്മി ജോസിനോട് കേരള കോൺഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെട്ടു.

കോൺഗ്രസ് വിജയിച്ച മണ്ഡലം കേരള കോൺഗ്രസിന് നൽകിയത് കോൺഗ്രസിലെ നൈതികതയും ധാർമ്മികതയും പണയം വച്ച് ചിലർ നടത്തിയ വ്യാപാരമാണ് എന്ന് പറയപ്പെടുന്നു. മദ്യവും, പണവും ഇവിടെ പലവിധങ്ങളായ സ്വാധീനം ചെലുത്തും എന്ന ഒരു ആരോപണം ഇവിടെയുണ്ട്.

ഇത്തവണ ഈ മണ്ഡലത്തിൽ വളരെ ശക്തമായ മൽസരമാണ് നടക്കുന്നത്. ജനാധിപത്യ മുന്നണി എന്നപേരിൽ സ്വതന്ത്ര സ്ഥാനാർഥി ആയി വി എ സക്കീർ രംഗപ്രവേശം ചെയ്തതാണ് മുന്നണികളിൽ ആശങ്ക വളർത്തുന്നത്. ഇവിടെ സക്കീർ പിടിക്കുന്ന വോട്ടുകൾ, മുന്നണികളുടെ ഉറക്കം കെടുത്തും. കരിമണ്ണൂരിൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ള നിയോജക മണ്ഡലം പന്നൂരാണ്.

ഇവിടെ ജെയ്മി ജെയിംസ് (എൽഡിഎഫ് ) ജിസ് ആയത്തുപാടം (യുഡിഎഫ് - കേരള കോൺഗ്രസ് ജോസഫ്) ജോഷി എം.എം (എൻഡിഎ - ബിജെപി) സക്കീർ വി.എ. (ജനാധിപത്യ മുന്നണി സ്വതന്ത്രൻ), സുരേഷ് രാമകൃഷ്ണൻ (സ്വതന്ത്രൻ) എന്നിവർ മൽസരിക്കുന്നു. ശക്തമായ ത്രികോണ മൽസരം നടക്കുന്ന ഈ മണ്ഡലത്തിൽ യുഡിഎഫ് ഈ ഘട്ടത്തിൽ മുന്നിട്ട് നിൽക്കുന്നു. വി. എ. സക്കീർ കറുത്ത കുതിരയാകുമോ എന്ന ആകാംക്ഷ കരിമണ്ണൂരിന്റെ പൊതു രാഷ്ട്രീയ ചിന്തകളിലുണ്ട്.

ചെളിവാരിയെറിഞ്ഞ് ചേറാടി

1995ൽ ചേറാടി ഉണ്ടായിരുന്നെങ്കിലും പിന്നീട് 2000ൽ ഈ വാർഡ് പന്നൂരിന്റയും, കിളിയറയുടെയും ഭാഗമായി മാറി. 1995 പരാമർശിക്കുവാൻ കാരണം, അന്ന് നടന്നത് വാശിയേറിയ കുടുംബപ്പോരാണ് എന്നുള്ളതാണ്. ആദ്യന്തം പോരാട്ടത്തിന്റെ എല്ലാ രൂപങ്ങളും പുറത്ത് വന്ന അന്നത്തെ മൽസരത്തിൽ, ജെസി ജോസഫ് കുന്നപ്പിള്ളിൽ (കേരള കോൺഗ്രസ് ജെ, എൽഡിഎഫ്) ബെറ്റി സൈമൺ പാറത്താഴത്തെ (യുഡിഎഫ്) 6 വോട്ടുകൽക്ക് തോൽപ്പിച്ചു.

2005ൽ ചിന്നമ്മ വർഗീസ് (കേരള കോൺഗ്രസ് ജെ - എൽഡിഎഫ്) ആണ് വിജയിച്ചത്. 2010ൽ കെ.ജെ. പോൾ കുഴിപ്പിള്ളിൽ( കേരള കോൺഗ്രസ് ജെ - യുഡിഎഫ്) വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2015ൽ വീണ്ടും കുടുംബ പോരാട്ടമായി മാറിയപ്പോൾ, ഡെയ്സി ജോഷി രാമനാട്ട് (കേരള കോൺഗ്രസ് എം ജോസഫ് - യുഡിഎഫ്) ജെസി ജോസഫ് കുന്നപ്പിള്ളിലിനെ തോൽപ്പിച്ചു.

ഇത്തവണ വീണ്ടും മൽസരം കനക്കുകയാണ്. കെ. ജെ. പോൾ കുഴിപ്പിള്ളിയും (കേരള കോൺഗ്രസ് എം ജോസഫ് - യുഡിഎഫ്) ലിയോ കുന്നപ്പിള്ളിലുമാണ് (ജനാധിപത്യ കേരള കോൺഗ്രസ് - എൽഡിഎഫ്) ഇവിടെ സ്ഥാനാർത്ഥികൾ. കള്ളും കപ്പയും കറിയും കാശുമാണ് ഇവിടെ ഇത്തവണത്തെ പ്രഥാന തെരഞ്ഞെടുപ്പ് പ്രചാരണ രീതി. കൂടാതെ ആരോപണങ്ങൾ ഉന്നയിച്ചുള്ള നോട്ടീസുകൾ, അതിനുള്ള മറുപടികൾ തുടങ്ങി ചെളി വാരിയെറിഞ്ഞാണ് മത്സരം. യുഡിഎഫ് സ്ഥാനാർത്ഥിയുടെ കരിമണ്ണൂർ ആകമാനമുള്ള വികസനനായകനായി ചാപ്പയടിച്ചുള്ള പ്രചാരണ ശൈലി സ്വീകാര്യമാകുമോ എന്ന് കണ്ടറിയണം. ഏതായാലും പ്രവചനാതീതമാണ് ചേറാടിയിലെ മൽസരം.

പ്രാധാന്യമുള്ള പന്നൂർ മണ്ഡലം

1995 ൽ വിഭജിക്കപ്പെടാത്ത പന്നൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി എം.പി. വിജയനാഥൻ വിജയിച്ചു. അന്ന് സിപിഐ (എം) സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്ത് ആയി. 2000ൽ കോൺഗ്രസിൽ നിന്നും രാജിവച്ചു ഇടതുമുന്നണിയോട് ചേർന്ന് മൽസരിച്ച എൻ.സി. കുഞ്ഞപ്പൻ മാസ്റ്റർ വിജയിച്ചു. 2005ൽ ഇടതുമുന്നണി സ്ഥാനാർത്ഥി ജെസി അലക്സ് നിസ്സാരം വോട്ടുകൾക്ക് വിജയിച്ചു. 2010ൽ കോൺഗ്രസിനു വേണ്ടി എ. എൻ. ദിലീപ്കുമാർ 200 വോട്ടുകളിലധികം ഭൂരിപക്ഷം നേടി പന്നൂരിൽ വിജയിച്ചു. 2015ൽ നടന്ന ത്രികോണ മൽസരത്തിൽ കോൺഗ്രസ് സ്ഥാനാർഥി ആൻസി സിറിയക്ക് നല്ല ഭൂരിപക്ഷം അ വിജയിച്ചു. ഇടതുമുന്നണി മൂന്നാം സ്ഥാനത്തായി.

2020ൽ പന്നൂരിൽ തെരഞ്ഞെടുപ്പ് ചിത്രം പൂർണ്ണമായും മാറി. ദേവസ്യ ദേവസ്യ പൈതുസമ്മത ജനകീയ സ്ഥാനാർത്ഥി എന്ന ലേബലിൽ രംഗപ്രവേശം ചെയ്തതാണ് ഇവിടുത്തെ തെരഞ്ഞെടുപ്പിനെ വ്യത്യസ്തയുള്ളതാക്കുന്നത്. എൽഡിഎഫ് പിന്തുണയ്ക്കുന്നത് ദേവസ്യ ദേവസ്യ യെ ആണ്. എ.എൻ. ദിലീപ്കുമാർ കോൺഗ്രസിനു വേണ്ടിയും (യുഡിഎഫ്), അംബിക വിജയൻ ബിജെപി ക്കു വേണ്ടിയും (എൻഡിഎ) മൽസരിക്കുന്നു.

മുന്നണി വോട്ടുകളുടെ കണക്കെടുത്താൽ ഇവിടെ യുഡിഎഫ് നിഷ്പ്രയാസം ജയിക്കാൻ സാധിക്കുന്ന മണ്ഡലമാണ്. എന്നാൽ പൊതുസമ്മത ജനകീയ സ്ഥാനാർത്ഥി യുടെ കോൺഗ്രസ് പൂർവ്വകാല ചരിത്രം, ഇവിടെ വലിയ സ്വാധീനം ചെലുത്തുന്നു. കരിമണ്ണൂർ പഞ്ചായത്തിൽ ആദ്യമായി ട്രന്റ് രൂപപ്പെട്ട മണ്ഡലം പന്നൂരാണ്. എങ്കിലും, സംസ്ഥാന നേതാക്കളുടെ പങ്കാളിത്തം കൊണ്ട് മുന്നേറാൻ കോൺഗ്രസ് സ്ഥാനാർഥിയും ബിജെപി സ്ഥാനാർത്ഥിയും ശ്രമിക്കുന്നുണ്ട്. വിജയം അറിയാൻ പതിനാറു വരെ കാത്തിരിക്കണമെങ്കിലും പന്നൂരിൽ മുൻതൂക്കം പൊതുസമ്മത ജനകീയ സ്ഥാനാർത്ഥിക്കാണ് എന്നാണ് നാട്ടിലെ വിലയിരുത്തൽ.

വാലെഴുത്ത്

സ്ഥാനാർത്ഥി ആകുമെന്ന് വിചാരിച്ചു മദ്യം വാങ്ങി സ്റ്റോക്ക് ചെയ്തിരുന്ന ഒരു സ്ഥാനാർത്ഥി മോഹി, കയ്യിലിരുന്ന മദ്യം വിറ്റൊഴിവാക്കി. ഏതായാലും വിലയിലെങ്കിലും ലാഭം കിട്ടി എന്ന് ആശ്വാസത്തിലാണ് മഹാൻ!.

Advertisment