Advertisment

വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കിനിൽക്കെ പ്രതീക്ഷയുടെ ചിറകിലേറി മുന്നണികൾ, ആവേശ പിരിമുറുക്കത്തോടെ കരിമണ്ണൂർ !

New Update

കരിമണ്ണൂർ : വോട്ടെണ്ണൽ നടക്കുവാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വളരെ വലിയ പ്രതീക്ഷയിലാണ് കരിമണ്ണൂരിലെ രാഷ്ട്രീയ മുന്നണികളും പ്രസ്ഥാനങ്ങളും. കണക്കു കൂട്ടലുകളുടെ നാളുകൾക്ക് അന്ത്യം വരുത്തി, പിരിമുറുക്കത്തിന്റെ അവസ്ഥയാണ് മിക്ക സ്ഥാനാർത്ഥികളും. ത്രികോണ മൽസരത്തിന്റെ പ്രതീതി ഉളവാക്കിയ അഞ്ച് നിയോജക മണ്ഡലങ്ങൾ കരിമണ്ണൂരിൽ ഉള്ളത് തന്നെ ഈ പിരിമുറുക്കത്തിന് തെളിവാണ്.

Advertisment

publive-image

കണക്കുകളിൽ ജയിച്ച് എൽഡിഎഫ്

കരിമണ്ണൂരിൽ പത്തു നിയോജക മണ്ഡലങ്ങളിൽ ജയിക്കുമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. തൊമ്മൻകുത്ത്, മുളപ്പുറം, കോട്ടക്കവല, നെല്ലിമല, പാഴൂക്കര, പള്ളിക്കാമുറി, പന്നൂർ, ചേറാടി, കിളിയറ എന്നീ മണ്ഡലങ്ങളിലാണ് എൽഡിഎഫ് കണ്ണുകൾ ഉടക്കി നിൽക്കുന്നത്. ഇതിൽ കുറുമ്പാലമറ്റം, പാഴൂക്കര നിയോജക മണ്ഡലങ്ങൾ ഉറപ്പായും ജയിക്കുന്ന മണ്ഡലങ്ങളായി എൽഡിഎഫ് കരുതുന്നു.

തൊമ്മൻകുത്ത്, മുളപ്പുറം, കോട്ടക്കവല, നെല്ലിമല, പള്ളിക്കാമുറി എന്നീ മണ്ഡലങ്ങൾ നിലനിറുത്തുവാൻ സാധിക്കും എന്ന് എൽഡിഎഫ് കരുതുന്നു. ചേറാടി, കിളിയറ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളുടെ കുടുംബ പശ്ചാത്തലം വോട്ടുകൾ കൂടുതൽ സമാഹരിക്കമെന്ന് മുന്നണി കരുതുന്നു.

ഇതിൽ ചേറാടിയിൽ സ്ഥാനാർത്ഥിയുടെ തന്ത്രങ്ങളിൽ എതിരാളികൾക്ക് പോലും ആശങ്കയുണ്ട്. പന്നൂരിൽ യുഡിഎഫ് അനുകൂല വോട്ടുകളുടെ അടിയൊഴുക്കിൽ ആണ് എൽഡിഎഫ് പ്രതീക്ഷ മുഴുവനും.

കണക്കുകളിൽ തർക്കവുമായി യുഡിഎഫ്.

പാഴൂക്കര, കുറുമ്പാലമറ്റം മണ്ഡലങ്ങൾ ഒഴികെ മറ്റെല്ലായിടത്തും ജയിക്കുമെന്ന് കോൺഗ്രസിലെ ഒരു കൂട്ടർ പറയുമ്പോൾ പി.ജെ. ജോസഫ് അനുകൂലികൾ പറയുന്നത് കോൺഗ്രസ് കരിമണ്ണൂർ ടൗണിൽ ഒഴികെ മറ്റെല്ലായിടത്തും അഗ്നിപരീക്ഷ നേരിടുന്നു എന്നതാണ്. നെയ്യശ്ശേരി, ആനിക്കുഴ, കോട്ടക്കവല, ഏഴുമുട്ടം മണ്ഡലങ്ങളിൽ പി.ജെ. ജോസഫ് അനുകൂലികൾ വിജയം ഉറപ്പ് പറയുന്നു.

നെല്ലിമലയും, ചേറാടിയും കടുത്ത മൽസരത്തിനൊടുവിൽ ജയിക്കുമെന്നും അവർ അവകാശപ്പെടുന്നു. കോൺഗ്രസിൽ സങ്കീർണ്ണമാണ് കാര്യങ്ങൾ. ആസൂത്രിതമായ ഒരു പ്രവർത്തനവുമില്ലാതെ അലക്ഷ്യമായി തെരഞ്ഞെടുപ്പ് നേരിട്ട കോൺഗ്രസ് നേതൃത്വം, വിജയം ലഭിച്ചാൽ അതിന്റെ പിതൃത്വം ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

കരിമണ്ണൂർ ടൗൺ നിയോജക മണ്ഡലത്തിൽ ആണ് കോൺഗ്രസ് ശുഭപ്രതീക്ഷ വച്ച് പുലർത്തുന്നത്. ഇവിടെ യഥാർത്ഥ പോളിങ് ശതമാനം വളരെ ഉയർന്നതാണെങ്കിലും വോട്ടർ പട്ടിക പഠിച്ചവർ ഇല്ലെന്നതാണ് യാഥാർത്ഥ്യം. പള്ളിക്കാമുറി, തൊമ്മൻകുത്ത് എന്നിവിടങ്ങളിൽ കോൺഗ്രസ് വാർഡ് കമ്മിറ്റികൾ പ്രാദേശികമായി സജീവമായിരുന്നു.

മുളപ്പുറത്ത് സ്ഥാനാർത്ഥി സ്വന്തം സ്വീകാര്യതയാൽ ജയിക്കുമെന്ന് കോൺഗ്രസിലെ ചിലർ കണക്കുകൂട്ടുന്നു. പന്നൂരിൽ ഇന്റലിജൻസ് റിപ്പോർട്ട് അനുകൂലമെന്നാണ് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അഭിപ്രായം. പന്നൂരിലെയും കിളിയറയിലെയും ഫലങ്ങൾ കരിമണ്ണൂരിലെ കോൺഗ്രസിൽ പൊളിച്ചെഴുത്തുകൾ വരുത്തുമെന്ന് പലരും പ്രതീക്ഷിക്കുന്നു.

സാന്നിധ്യം പ്രതീക്ഷിച്ച് എൻഡിഎ

പന്നൂർ, കുറുമ്പാലമറ്റം നിയോജക മണ്ഡലങ്ങളിൽ ആണ് എൻഡിഎ വിജയപ്രതീക്ഷ വച്ചു പുലർത്തുന്നത്. വിജയിച്ചില്ലെങ്കിൽ തന്നെയും ഈ രണ്ട് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് തങ്ങൾ വരുമെന്ന് ബിജെപി ഉറപ്പ് പറയുന്നു. ഇതിനോടൊപ്പം നെയ്യശ്ശേരിയിലും എൻഡിഎ പ്രതീക്ഷ വച്ചു പുലർത്തുന്നുണ്ടെങ്കിലും ആത്മവിശ്വാസം അത്ര പ്രകടമല്ല.

പുതു സ്വപ്നങ്ങളുമായി കൂട്ടായ്മകളും, വ്യക്തികളും

ആനിക്കുഴ, മുളപ്പുറം നിയോജക മണ്ഡലങ്ങളിൽ സ്വതന്ത്ര കൂട്ടായ്മയുടെ സ്ഥാനാർത്ഥികൾ മൽസരരംഗത്ത് സജീവമായി ഉണ്ടായിരുന്നു. ഇവിടങ്ങളിൽ ത്രികോണ മത്സരത്തിന്റെ എല്ലാ ആവേശവും അവസാനം വരെയും നിറഞ്ഞു നിന്നിരുന്നു. കരിമണ്ണൂരിൽ പണവും, മദ്യവും നൽകി വോട്ടുകൾ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണവും ഈ സ്വതന്ത്ര കൂട്ടായ്മ ഉന്നയിച്ചിട്ടുണ്ട്. വിജയപ്രതീക്ഷയിലാണ് സ്വതന്ത്ര കൂട്ടായ്മയും.

സ്വതന്ത്രനായി ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എന്ന പേരിൽ നെല്ലിമലയിൽ മൽസരിച്ച വി. എ. സക്കീറും വിജയപ്രതീക്ഷയിലാണ്. പലവിധത്തിൽ സ്വാധീക്കപ്പെട്ട സിപിഐ (എം) വോട്ടുകളിലും, അനുഭാവമുള്ള കോൺഗ്രസ് വോട്ടുകളിലുമാണ് സക്കീറിന്റെ പ്രതീക്ഷ.

ഇനി മണിക്കൂറുകൾക്കുള്ളിൽ ഫലമറിയാം. ജനാധിപത്യത്തിന് ആശ്യാസമല്ലാത്ത പലകാര്യങ്ങളും കരിമണ്ണൂരിൽ നടന്നു. അതിൽ ഉൾപ്പെട്ട മതവർഗ്ഗീയത വളരെ അപകടകരവും, ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്നതുമാണ്. മദ്യവും, പണവും ചില നിയോജക മണ്ഡലങ്ങളിലെങ്കിലും തെരഞ്ഞെടുപ്പിന്റയും ജനാധിപത്യത്തിന്റയും നിറം കെടുത്തി. ഇനിയുള്ള അഞ്ചു വർഷം ആരു ഭരിക്കും എന്നുള്ളത് കാത്തിരുന്നു കാണാം.

വാലെഴുത്ത്

ഒരു രാഷ്ട്രീയ കക്ഷിയുടെ നേതാവ്, മറ്റൊരു രാഷ്ട്രീയ കക്ഷിയുടെ സ്ഥാനാർത്ഥി മൽസരിക്കുന്ന മണ്ഡലത്തിൽ എല്ലാ ദിവസവും വൈകിട്ട് യോഗം കൂടുവാൻ പോയിരുന്നത് വളരെ സംശയദൃഷ്ടിയോടെയും അമർഷത്തോടെയാണ് തെരഞ്ഞെടുപ്പ് കാലത്ത്

പ്രവർത്തകർ കണ്ടത്.

തെരഞ്ഞെടുപ്പിന് ശേഷവും, ഇത്തരം യോഗങ്ങൾ ദിവസവും തുടരുകയാണെന്നാണാണ് കേൾവി. ഏതായാലും ഇത്തരം യോഗങ്ങളിൽ ആകർഷകമായ ഭക്ഷണം, പാനീയം എന്നിവ ഉള്ളതായി പറയപ്പെടുന്നു.

karimannur news
Advertisment