Advertisment

ആത്മവിശുദ്ധിയുടെ മറ്റൊരു കര്‍ക്കടകം: ഇന്ന് രാമായണ മാസാരംഭം

New Update

publive-image

Advertisment

കേവലമായ ഭൗതിക ജീവിതത്തിലുപരിയായി ആദ്ധ്യാത്മിക ജീവിതത്തോട് പൊരുത്തപ്പെട്ട് ജീവിക്കുന്നവരാണ് പൊതുവെ ഭാരതീയര്‍. ലക്ഷ്യം മോക്ഷവും കര്‍മ്മങ്ങള്‍ ഉപായങ്ങളും. ഈ ഹൈന്ദവാദര്‍ശം വിളങ്ങി നില്‍ക്കുന്ന മഹാകാവ്യമാണ് രാമായണം.

ജ്യോതിഷപരമായി ഉത്തരായണം കഴിഞ്ഞ് ദക്ഷിണായനം തുടങ്ങുന്നതു കർക്കടകമാസത്തോടെയാണെന്നു പറയുന്നു. സൂര്യൻ വടക്കു നിന്ന് തെക്കോട്ടു സഞ്ചരിക്കുന്ന സമയമാണ് ദക്ഷിണായനം. ഉത്തരായണം ദേവതകളുടെ പകലും ദക്ഷിണായനം രാത്രിയുമാണ്. അതുകൊണ്ടു ദക്ഷിണായനത്തെ ദേവസന്ധ്യ എന്ന പേരിലും അറിയപ്പെടുന്നു.

ഭാരതീയ വർഷപ്രകാരം ആഷാഢം തൊട്ടാണ് മഴക്കാലമായി ഗണിക്കുന്നത്. തമിഴിലാവട്ടെ ആടിമാസം എന്നും അറിയപ്പെടുന്നു. ഈ മാസത്തോടനുബന്ധിച്ചാണ് ചാതുർമാസ്യവും തുടങ്ങുന്നത്. വാല്മീകി രാമായണത്തിൽ സീതാന്വേഷണം ചാതുർമാസ്യത്തിനു ശേഷം നടത്താമെന്നു ശ്രീരാമൻ പറയുന്നതായി പറയുന്നു.

ദുരിതപൂർണമായ മഴക്കാലമായതു കൊണ്ടാണു ഇങ്ങനെ പറയുന്നത്. ആഷാഢവും കർക്കടകവും ചാതുർമാസ്യവുമെല്ലാം വർഷകാലത്തിലൂടെയാണ് കടന്നു പോകുന്നത്. ജ്യോതിശ്ശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് ഈ മാസാരംഭങ്ങളെല്ലാം ഗണിച്ചെടുക്കുന്നത്.

പണ്ടു ചാതുർമാസ്യക്കാലത്തു രാമായണം മുഴുവൻ വായിക്കുന്ന ഒരു രീതിയുണ്ടായിരുന്നു. വള്ളുവക്കോനാതിരിയാണ് ഇതിനു തുടക്കം കുറിച്ചതെന്നും പറയുന്നു. കഷ്ടതകളും ആകുലതകളും നിറഞ്ഞ കർക്കടകത്തെ നമ്മൾ ഭയത്തോടെ കാണുമ്പോൾ അവിടെ ആശ്വാസത്തിന്റെയും ഭക്തിയുടെയും നന്മയുടെയും വെളിച്ചം പകരാൻ കർക്കടകത്തിലെ രാമായണ പാരായണത്തിലൂടെ കഴിഞ്ഞു.

കർക്കട മാസത്തിൽ രാമായണം മുഴുവൻ വായിച്ചു തീരുന്നതു പുണ്യമായി കരുതുന്നു. നിത്യേനയുള്ള രാമായണ പാരായണത്തിലൂടെ സുഖവും സമ്പത്സമൃദ്ധിയും മുക്തിയും ശത്രുനാശവും ആരോഗ്യവും ദീർഘായുസ്സും ഉണ്ടാകുന്നു. കൂടാതെ മോക്ഷപ്രാപ്‌തിയും കൈവരുന്നു.

ramayana month
Advertisment