അമിത് ഷാ കര്‍ണാടക യാത്ര റദ്ദാക്കി ? ബിജെപിയുടെ ആത്മവിശ്വാസം ചോരുന്നു ! 14 ന്‍റെ പകുതിപോലും തികയുന്നില്ല !

ജെ സി ജോസഫ്
Friday, May 18, 2018

ഡല്‍ഹി: യെദ്യൂരപ്പ സര്‍ക്കാരിന്റെ നിലനില്‍പ്പിനായി അഭിമാന പോരാട്ടം നടത്തുന്ന ബിജെപിയുടെ ആത്മവിശ്വാസം ചോരുന്നു.

കഴിഞ്ഞ ദിവസം മൂന്നും ഇന്ന് രണ്ടും കോണ്‍ഗ്രസ് – ജെഡിഎസ് എം എല്‍ എ മാരെ വരുതിയിലാക്കാന്‍ കഴിഞ്ഞെങ്കിലും ഭൂരിപക്ഷം നേടണമെങ്കില്‍ 9 എംഎല്‍എ മാര്‍ കൂടി കൂറുമാറാന്‍ തയ്യാറാകണം. അതിലേയ്ക്ക് ബിജെപിയുടെ പ്രതീക്ഷ എത്തുന്നുമില്ല .

ഇതോടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് ബാംഗ്ലൂര്‍ക്ക് തിരിക്കാന്‍ എടുത്ത തീരുമാനം റദ്ദാക്കിയതായാണ് സൂചന. സാഹചര്യം അനുകൂലമാകാന്‍ സാധ്യതയുണ്ടെങ്കില്‍ രാത്രിതന്നെ ബാംഗ്ലൂരിലെത്താനായിരുന്നു അമിത് ഷായുടെ പദ്ധതി.

പക്ഷെ പുറമേ കാണിക്കുന്ന ആത്മവിശ്വാസം ബിജെപി നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ പ്രകടിപ്പിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ബിജെപിക്കെതിരെ ഇതുവരെ കാണാത്ത വിധത്തിലുള്ള പ്രതിരോധമാണ് കോണ്‍ഗ്രസ് പരീക്ഷിക്കുന്നത്.

ഇതിനായി തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കെ സി വേണുഗോപാലില്‍ നിന്നും ചുമതല മാറ്റി മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്.

ബിജെപിയുടെ പദ്ധതി ആകമാനം പൊളിച്ചത് അവിശ്വാസ പ്രമേയം ഒരു ദിവസത്തിനുള്ളില്‍ അവതരിപ്പിക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവായിരുന്നു.

ഇതോടെ ചരടുവലികള്‍ക്ക് സമയമില്ലെന്നതാണ് സ്ഥിതി.    അതേസമയം കോണ്‍ഗ്രസ് – ജെഡിഎസ് നേതാക്കള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

യെദൂരപ്പയുടെ ഏകാംഗ സര്‍ക്കാര്‍ നാളെ നിലംപൊത്തും എന്നുതന്നെയാണ് ‘പ്രതിപക്ഷ’ ത്തിന്‍റെ പ്രതീക്ഷ വിശ്വാസ വോട്ടിനോട് അനുബന്ധിച്ച് ശനിയാഴ്ച  വിധാന്‍ സൌധ് പരിസരത്ത് സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട് .

×