എംഎല്‍എമാര്‍ ബാംഗ്ലൂരില്‍നിന്ന് പുറത്തേയ്ക്ക് ? പ്രത്യേക വിമാനത്തിനു അനുമതി നിക്ഷേധിച്ച് കേന്ദ്രത്തിന്‍റെ തിരിച്ചടി . കേരളത്തിലേയ്ക്കെന്ന്‍ സൂചന. സ്വാഗതം ചെയ്ത് കേരള സര്‍ക്കാര്‍. കൊച്ചി ക്രൌണ്‍ പ്ലാസയില്‍ താമസ സൗകര്യവും സുരക്ഷയും ഒരുക്കിയതായി റിപ്പോര്‍ട്ട്

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Thursday, May 17, 2018

ബാംഗ്ലൂര്‍ ∙ ബെംഗളുരുവിൽ റിസോര്‍ട്ടില്‍ തങ്ങുന്ന എംഎൽഎമാരെ ചാക്കിട്ടു പിടിക്കാന്‍ ബിജെപി കരുനീക്കങ്ങള്‍ ആരംഭിച്ചതോടെ കോൺഗ്രസ് – ജെഡിഎസ് എംഎല്‍എമാരെ കര്‍ണാടകയ്ക്ക് പുറത്തേയ്ക്ക് മാറ്റി .

അതിനിടെ എംഎല്‍എമാരെ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊച്ചിയിലേയ്ക്ക് മാറ്റാനുള്ള നീക്കം ഈ വിമാനത്തിനു അനുമതി നിക്ഷേധിച്ചുകൊണ്ട് വ്യോമയാന മന്ത്രാലയം ഇടപെട്ടു തടഞ്ഞു.

രാത്രി വൈകി ജെഡിഎസ്, കോൺഗ്രസ് എംഎൽഎമാരെ അതീവസുരക്ഷയിൽ റിസോർട്ടുകളിൽ നിന്ന് ബസുകളിൽ പുറത്തേക്കു കൊണ്ടുപോയി. എംഎൽഎമാരെ കൊച്ചിയിലേക്കോ പുതുച്ചേരിയിലേക്കോ ഹൈദരാബാദിലേയ്ക്കോ മാറ്റുമെന്നാണ് സൂചന.

ഈ മൂന്നു സ്ഥലങ്ങളിലും അതാത് സര്‍ക്കാരുകള്‍ എംഎല്‍എ മാര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ബി.എസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ പാര്‍പ്പിച്ചിരുന്ന ഈഗിള്‍ ടെണ്‍ റിസോര്‍ട്ടിന് നല്‍കിവന്ന സുരക്ഷ പിന്‍വലിച്ചിരുന്നു.

ഇതേത്തുടര്‍ന്നാണ് എം.എല്‍.എമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. കർണാടക എംഎൽഎമാരെ കേരളത്തിലേക്കു സ്വാഗതം ചെയ്യുകയാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ട്വിറ്ററിൽ പ്രതികരിച്ചു.

എംഎല്‍എമാരെ കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലേക്കാവും മാറ്റുകയെന്ന് ദേശീയ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. നൂറിലധികം മുറികള്‍ ബുക്കുചെയ്തിട്ടുണ്ടെന്നും രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങള്‍ തയ്യാറായിക്കഴിഞ്ഞുവെന്നും ആയിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ, സുപ്രീംകോടതി വിധിയെക്കുറിച്ച് ആശങ്കയില്ലെന്നും സഭയുടെ നടുത്തളത്തിൽ തെളിയിക്കുന്ന ശക്തിയിലാണ് കാര്യമെന്നും ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി വ്യക്തമാക്കി. റിസോർട്ടിൽ നിന്ന് എംഎൽഎമാർ യാത്രതിരിക്കും മുൻപായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.

കേന്ദ്രസർക്കാർ ഭരണം ദുരുപയോഗം ചെയ്യുന്നത് രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്. എംഎൽഎമാരിൽ പലരേയും ബിജെപിക്കാർ സമീപിച്ചു. ഭരണം ദുരുപയോഗം ചെയ്യുന്നതിൽ ബിജെപി മിടുക്കു കാട്ടുകയാണ്. വിമാനങ്ങൾ ടേക് ഓഫ് ചെയ്യുന്നതിലും ലാൻഡ് ചെയ്യുന്നതിലും പോലും അവർ ഇടപെടുന്നുണ്ട്.

എംഎൽഎമാർ ബസിൽ തന്നെ യാത്ര ചെയ്യും. എംഎൽഎമാരെ പോണ്ടിച്ചേരിയിലേക്കാണ് കൊണ്ടു പോകുന്നതെന്നും അവിടെ കോൺഗ്രസ് ഭരിക്കുന്നതാണ് ഈ തീരുമാനത്തിനു പിന്നിലെന്നും കുമാരസ്വാമി സൂചിപ്പിച്ചു.

ഇതിനിടെ, കോൺഗ്രസ് എംഎൽഎമാരെ റോഡുമാർഗം കൊച്ചിയിലേക്കു തന്നെ കൊണ്ടു പോകുമെന്നും സൂചനയുണ്ട്.

 

എംഎൽഎമാരെ കേരളത്തിൽ സുരക്ഷിതമായി നിർത്താനുളള സാഹചര്യങ്ങൾ മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് കേരളത്തിലെ ഉന്നത കോൺഗ്രസ് നേതാക്കളുമായി ചർച്ച ചെയ്തിരുന്നു.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ജെഡിഎസ് തലവൻ എച്ച്.ഡി. ദേവഗൗഡ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ഫോണിൽ ചർച്ച നടത്തി.

സർക്കാരുണ്ടാക്കാന്‍ ക്ഷണിച്ച കർണാടക ഗവർണറുടെ നടപടിക്കെതിരെ വെള്ളിയാഴ്ച രാജ്യവ്യാപകമായി ധർണ നടത്താന്‍ കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.

×