കര്‍ണ്ണാടക : സീറ്റ് ലഭിക്കാത്തവരുടെ തെരുവ് പ്രതിക്ഷേധം കോണ്‍ഗ്രസിന്‍റെ മുന്നേറ്റം തച്ചുടയ്ക്കുമോ ? സിദ്ധരാമയ്യ വന്‍ പ്രതിരോധത്തില്‍ !

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Monday, April 16, 2018

ബാംഗ്ലൂര്‍ : കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് പിന്നാലെ പ്രതിക്ഷേധവുമായി തെരുവിലിറങ്ങിയവര്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ നിലവിലുള്ള മുന്‍‌തൂക്കം തച്ചുടയ്ക്കുമോ എന്ന് ആശങ്ക .

സീറ്റു ലഭിക്കുന്നില്ലെങ്കിൽ പാർട്ടിയിൽനിന്ന് രാജിവയ്ക്കുമെന്ന് വ്യക്തമാക്കി ഒട്ടേറെ നേതാക്കളാണ് രംഗത്തിറങ്ങിയിരിക്കുന്നത്.

അപ്രതീക്ഷിതമായുണ്ടായ വിവാദങ്ങളും പ്രതിഷേധങ്ങളും ഇതുവരെ മുന്‍പന്തിയില്‍ നിന്നിരുന്ന ഭരണകക്ഷിയെ വന്‍പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

സീറ്റ് നിഷേധിക്കപ്പെട്ട മുതിർന്ന നേതാവ് പി.രമേഷ് ജെഡിഎസില്‍ ചേര്‍ന്ന് അവരുടെ സ്ഥാനാർഥിയായി മൽസരിക്കാന്‍ തീരുമാനിച്ചു .

മുൻ എക്സൈസ് മന്ത്രി മനോഹർ തഹ്‌സിൽദാറിന് സീറ്റ് നല്‍കാത്തതിനെതിരെ അനുയായികൾ അദ്ദേഹത്തിന്റെ മണ്ഡലമായ ഹംഗലിൽ റോഡ് ഉപരോധിച്ചു. നെലമംഗല മണ്ഡലത്തില്‍ അഞ്ജന മൂര്‍ത്തിക്കു പകരം ആര്‍.നാരായണ സ്വാമിക്ക് സീറ്റ് നല്‍കിയതിനെതിരെയും പ്രതിഷേധം ശക്തമാണ്.

മംഗളൂരു, ബാഗല്‍കോട്ട്, തൂംകുരൂ, ചിക്കമംഗളൂരു എന്നിവിടങ്ങളിലും നിരവധി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി തെരുവിലിറങ്ങി. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും ആരോപണവുമായി മുതിര്‍ന്ന നേതാക്കളടക്കം രംഗത്തെത്തിയിട്ടുണ്ട്.

ഇപ്പോഴുള്ളത് ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസല്ലെന്നും, സിദ്ധരാമയ്യയുടേത് തുഗ്ലഗ് കോണ്‍ഗ്രസാണെന്നും പി. രമേഷ് വിമര്‍ശിച്ചു.

കോണ്‍ഗ്രസ് ഇരൂനൂറ്റിപ്പതിനെട്ട് സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത് .

×