ബിജെപിക്ക് 135 സീറ്റുകള്‍ പ്രവചിച്ച സര്‍വ്വേ തള്ളി ബിബിസി ? വെട്ടിലായി ‘ബിജെപി’ ? അങ്ങനൊരു സര്‍വേ ഞങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് ബിബിസി

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Tuesday, May 8, 2018

ബാംഗ്ലൂര്‍ :  ബി.ബി.സിയുടെ ലേബലില്‍ കര്‍ണാടക തിരഞ്ഞെടുപ്പിലെ വന്‍ ബിജെപി മുന്നേറ്റം പ്രവചിച്ച സര്‍വ്വേ പുറത്തുവിട്ട ബിജെപിയ്ക്ക് വന്‍ തിരിച്ചടി .

വന്‍ ഭൂരിപക്ഷത്തില്‍ ബി.ജെ.പി വിജയിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന സോഷ്യല്‍ മീഡിയ സന്ദേശങ്ങളുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് ബി.ബി.സി വ്യക്തമാക്കിയിരിക്കുകയാണ് . ട്വിറ്ററിലൂടെയാണ് ബി ബി സി യുടെ വെളിപ്പെടുത്തല്‍ .

ബി.ബി.സിയുടെ ലോഗോയും വെബ്‌സൈറ്റ് അഡ്രസും ഉപയോഗിച്ച് വിശ്വസനീയത തോന്നിപ്പിക്കുന്ന തരത്തിലാണ്‌ വാട്‌സ്ആപ്പ് സന്ദേശം തയ്യാറാക്കിയിരിക്കുന്നത്.

‘ജനതാ കി ബാത്’ നടത്തിയ സര്‍വേ പ്രകാരം കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 135 സീറ്റുകളും കോണ്‍ഗ്രസിന് 35 സീറ്റുകളും ലഭിക്കുമെന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ജെ ഡി എസിന് 45ഉം മറ്റുള്ളവര്‍ക്ക് 19 സീറ്റുകളും ലഭിക്കുമെന്നും സര്‍വേ ഫലമായി സന്ദേശത്തില്‍ പറഞ്ഞിരുന്നു.

ബി ബി സി ഇന്ത്യാ പേജിലേക്കുള്ളതായിരുന്നു ഈ ലിങ്ക്. ബി ജെ പിക്ക് വിജയം പ്രവചിക്കുന്ന ഈ സന്ദേശം ഫെയ്‌സ്ബുക്കിലും വ്യാപകമായി പ്രചരിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് പ്രചരിക്കുന്ന സന്ദേശവുമായി ബന്ധമില്ലെന്ന വിശദീകരണവുമായി   ബി ബി സി രംഗത്തെത്തിയിരിക്കുന്നത്.” ബി ബി സിയില്‍നിന്ന് എന്ന വ്യാജേന ഒരു വ്യാജ സര്‍വേഫലം കര്‍ണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാട്ട്‌സ് ആപ്പില്‍ പ്രചരിക്കുന്നുണ്ട്.

ഇത് ബി ബി സിയില്‍നിന്നുള്ളത് അല്ലെന്നും പൂര്‍ണമായി വ്യാജമാണെന്നും വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു”. ബി ബി സി ട്വിറ്ററില്‍ വ്യക്തമാക്കി.

യഥാര്‍ഥത്തില്‍ ജനതാ കി ബാത് നടത്തിയ അഭിപ്രായ സര്‍വേയുടെ ഫലത്തില്‍ തിരുത്തല്‍ നടത്തിയാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാട്ട്‌സ് ആപ്പ് സന്ദേശം തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞദിവസമാണ് ജനതാ കി ബാത് അഭിപ്രായ സര്‍വേ ഫലം പുറത്തുവിട്ടത്. ബി ജെ പി 102-108 സീറ്റുകളും കോണ്‍ഗ്രസ് 72-74 സീറ്റുകളും ജെ ഡി എസിന് 42-44 സീറ്റുകളും ലഭിക്കുമെന്നായിരുന്നു ജനതാ കി ബാത്തിന്റെ സര്‍വേ ഫലം.

×