കോണ്‍ഗ്രസ് തന്നെ കാണുന്നത് ഒരു ഗുമസ്തനെ പോലെയെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. നേര്‍പകുതി എംഎല്‍എമാരുമായി മുഖ്യമന്ത്രി പദത്തിലിരുന്നു കോണ്‍ഗ്രസിന്‍റെ യചമാനനായി മാറാമെന്നു കരുതരുതെന്ന് കോണ്‍ഗ്രസ്. കര്‍ണ്ണാടക സഖ്യത്തില്‍ ഭിന്നത രൂക്ഷം

കൈതയ്ക്കന്‍
Wednesday, January 9, 2019

ബാംഗ്ലൂര്‍ ∙ സര്‍ക്കാരില്‍ കോണ്‍ഗ്രസ് തന്നെ കാണുന്നത് ഒരു ഗുമസ്തനെ പോലെയാണെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി . നേര്‍പകുതി എം എല്‍ എമാരുമായി മുഖ്യമന്ത്രി പദത്തിലിരുന്നു കോണ്‍ഗ്രസിന്‍റെ യചമാനനായി മാറാമെന്നു ആരും കരുതേണ്ടെന്ന് തിരിച്ചടിച്ച് കോണ്‍ഗ്രസും. പാര്‍ട്ടി എം എല്‍ എ മാരുടെ യോഗത്തിലായിരുന്നു മുഖ്യമന്ത്രി ഏറെ വികാരാധീനനായി പ്രതികരിച്ചത്.

കോണ്‍ഗ്രസിന്റെ ഇടപെടൽ മൂലം ഭരണത്തിൽ ഒരു മുഖ്യമന്ത്രിയെ പോലെയല്ല, ഗുമസ്തനെ പോലെയാണ് താൻ ഇപ്പോൾ പ്രവർത്തിക്കുന്നതെന്നാണ് കുമാരസ്വാമി പറഞ്ഞത്. മുഖ്യമന്ത്രിയായ തന്നോട് സഹപ്രവർത്തകനോട് എന്നപോലെയാണ് കോൺഗ്രസ് നേതാക്കൾ പെരുമാറുന്നത്. എല്ലാം കാര്യങ്ങളും കോൺഗ്രസ് നേതാക്കളുടെ അഭിപ്രായമനുസരിച്ചാണ് ചെയ്യുന്നത്. പലപ്പോഴും അവരുടെ നിർബന്ധത്തിനു വഴങ്ങേണ്ടി വരുന്നു. അതല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല. കടുത്ത സമ്മർദ്ദത്തിലാണ് ജോലി ചെയ്യുന്നത്.

തന്റെ അനുവാദമില്ലാതെ കോൺഗ്രസ്, കോപ്പറേഷനുകളിലേക്കും ബോർഡുകളിലേക്കും ചെയർമാനെ നിശ്ചയിച്ചതിലും മന്ത്രിസഭാ പുനഃസംഘടനയ്ക്ക് നിർബന്ധിച്ചതിലും എല്ലാം താന്‍ ദുഃഖിതനാണെന്നു അദ്ദേഹം യോഗത്തിൽ പറഞ്ഞു. മുഖ്യമന്ത്രി യോഗത്തില്‍ സംസാരിച്ച കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത് ജെ ഡി എസ് എം എല്‍ എ യാണ്. ഇക്കാര്യം തിരക്കിയ മാധ്യമങ്ങളോടാണ് കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചടിച്ചത്.

കോണ്‍ഗ്രസിന്‍റെ നേര്‍പകുതി മാത്രം സീറ്റുകളുള്ള ജെ ഡി എസിന് മുഖ്യമന്ത്രി പദം നല്‍കിയത് ഔദാര്യമാണ്‌. ഭൂരിപക്ഷമില്ലാതെ കോണ്‍ഗ്രസിന്‍റെ ഔദാര്യം കൊണ്ട് മുഖ്യമന്ത്രിയായ ആളാണ്‌ താനെന്ന് മുഖ്യമന്ത്രി മനസിലാക്കണം. അതിനു പുറമേ കോണ്‍ഗ്രസിനെകൂടി ഭരിക്കാം എന്ന് വിചാരിക്കുമ്പോഴാണ് പ്രശ്നം – കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു .

എന്നാൽ സഖ്യത്തിൽ വിള്ളൽ ഉണ്ടാകാതെ സൂക്ഷിക്കണമെന്ന നിര്‍ദേശമാണ് കുമാരസ്വാമിയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡ യോഗത്തിൽ നല്‍കിയത്. പാർട്ടിക്കു വളരെ നിർണായകമായ തിരഞ്ഞെടുപ്പാണ് വരുന്നത്. കുറഞ്ഞത് ആറ് സീറ്റുകൾ എങ്കിലും സംസ്ഥാനത്ത‌ു നേടാനാണു ശ്രമം. അതുകൊണ്ടു തന്നെ പാർട്ടിയുടെ സാധ്യതകളെ തകിടം മറിക്കുന്ന ഒന്നും എംഎൽഎമാരുടെ ഭാഗത്തു നിന്ന് ഉണ്ടാകരുതെന്ന് ദേവഗൗഡ നിർദേശിച്ചു.

×