കര്‍ണ്ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീഴുന്നു ? സര്‍ക്കാര്‍ രൂപീകരിക്കാന്‍ യെദൂരപ്പ നെട്ടോട്ടത്തില്‍ ! വിമതര്‍ക്കെതിരെ അയോഗ്യതാ നീക്കവും

കൈതയ്ക്കന്‍
Tuesday, July 9, 2019

ബാംഗ്ലൂര്‍ ∙ മുന്‍ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയുമായും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന ആറോളം എം എല്‍ എ മാരുമായും കോണ്‍ഗ്രസ് ഇനിയും ചര്‍ച്ചകള്‍ തുടരുകയാണെങ്കിലും കര്‍ണ്ണാടകയില്‍ 2 കാര്യങ്ങളില്‍ ഇപ്പോള്‍ തീരുമാനമായി.

ഒന്ന് , കുമാരസ്വാമി സര്‍ക്കാരിന് ഇനി ആയുസില്ല. രണ്ട് , യെദൂരപ്പ സര്‍ക്കാര്‍ താമസം വിനാ അധികാരം ഏറ്റെടുക്കും. അതിനൊപ്പം രാജിവച്ച അര ഡസനിലേറെ എം എല്‍ എ മാര്‍ക്ക് യോഗ്യത കല്‍പ്പിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

എന്താണെങ്കിലും കര്‍ണ്ണാടകയില്‍ കാര്യങ്ങള്‍ക്ക് അന്തിമ തീരുമാനം ആകാന്‍ ഇനി മണിക്കൂറുകള്‍ മതിയാകും. പ്രതിസന്ധി തുടരുന്നതിനിടെ സ്പീക്കർക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട് . എംഎൽഎമാരുടെ രാജി സ്വീകരിക്കാൻ വൈകുന്നതാണ് പരസ്യനിലപാടുമായി രംഗത്തെത്താൻ സംസ്ഥാന നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.

സർക്കാർ നിലനിർത്താനുള്ള കോൺഗ്രസിന്റെ അവസാന വട്ട ശ്രമവും വിജയിക്കാത്ത സാഹചര്യത്തിൽ സമ്മർദം ശക്തമാക്കാനാണ് ബിജെപി തീരുമാനം. മുഴുവൻ എംഎൽഎമാരെയും അണിനിരത്തി പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം.

എംഎല്‍എമാരുടെ രാജി അംഗീകരിക്കണമെങ്കില്‍ രാജിക്കത്ത് നല്‍കിയ എംഎല്‍എമാര്‍ നേരിട്ട് വരണമെന്നും രാജിക്കു പിന്നില്‍ ആരുടെയും പ്രേരണയില്ലെന്ന് ബോധ്യപ്പെടേണ്ടതുണ്ടെന്ന സ്പീക്കറുടെ നിലപാടിനു പിന്നാലെയാണ് പ്രതിഷേധം ശക്തമാക്കാൻ ബിജെപി തീരുമാനിച്ചത്. എട്ട് പേരുടെ രാജിക്കത്ത് നടപടിക്രമം പാലിച്ചല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.

എന്നാൽ ബിജെപിയിൽ നിന്ന് ഓഫറുകൾ ഇല്ലെന്നും പുണെയിലേക്കോ ഗോവയിലേക്കോ പോയിട്ടില്ലെന്നും രാജിവച്ച കോൺഗ്രസ് എംഎൽഎ ബി.സി പാട്ടീല്‍ വ്യക്തമാക്കി. എല്ലാം കിംവദന്തികളാണ്– അദ്ദേഹം പറഞ്ഞു.

എന്നാൽ എംഎൽഎ സ്ഥാനമാണ് രാജി വച്ചതെന്നും പാർട്ടിയിൽ നിന്നു രാജി വച്ചിട്ടില്ലെന്നും മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രാമലിംഗ റെഡി വ്യക്തമാക്കി.

×