കര്‍ണ്ണാടകയില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റില്‍പോലും കോണ്‍ഗ്രസിന് റിക്കോര്‍ഡ് ഭൂരിപക്ഷം. 3 ലോക്സഭാ, 2 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ലീഡ് ഒന്നില്‍ മാത്രം

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Tuesday, November 6, 2018

ബെംഗളൂരു∙ കർണാടകയിൽ മൂന്നു ലോക്സഭാ, രണ്ടു നിയമസഭാ സീറ്റുകളിലേക്കു നടത്തിയ ഉപതിരഞ്ഞെടുപ്പില്‍ ജെഡിഎസ് – കോൺഗ്രസ് സഖ്യത്തിന് ശക്തമായ മുന്നേറ്റം. ഒരു ലോക്സഭാ മണ്ഡലത്തില്‍ ഒഴികെ മറ്റുള്ളവയിലൊക്കെ ശക്തമായ കോണ്‍ഗ്രസ്- ജെ ഡി എസ് മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. രാമനഗര നിയമസഭ സീറ്റിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി വിജയം ഉറപ്പിച്ചു. ഇവിടെ വോട്ടെണ്ണിക്കഴിഞ്ഞു. അൽപസമയത്തിനുള്ളിൽ റിട്ടേണിങ് ഓഫിസർ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

ബെള്ളാരി ലോക്സഭാ സീറ്റിൽ കോൺഗ്രസിന്റെ വി.എസ്. ഉഗ്രപ്പ ബിജെപിക്കെതിരെ ഒന്നര ലക്ഷത്തിലധികം വോട്ടുകളുടെ ലീഡ് നേടി മുന്നിട്ടു നിൽക്കുകയാണ്. ഇതു റെക്കോർഡ് ആണ്. മുൻ തിരഞ്ഞെടുപ്പുകളിൽ സോണിയ ഗാന്ധിയും ശ്രീരാമുലുവും നേടിയ റെക്കോർ‍ഡ് ഭൂരിപക്ഷത്തെ തകർക്കുന്ന ലീഡ് നിലയാണ് ഉഗ്രപ്പയുടേത്.

മാണ്ഡ്യ ലോക്സഭാ സീറ്റിൽ ജെഡിഎസ് 2.25 ലക്ഷം വോട്ടുകൾക്കു ലീഡ് ചെയ്യുന്നു. ഇവിടെ അഞ്ച് റൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ ജെഡിഎസ് സ്ഥാനാർഥി എൽ.ആർ. ശിവരാമഗൗഡ 2004ൽ നടൻ എം.എച്ച്. അംബരീഷിന്റെ റെക്കോർഡ് ഭൂരിപക്ഷമാണ് തകർത്തത്. അന്ന് 1,24,438 വോട്ടുകളുടെ ഭൂരിപക്ഷമാണ് അംബരീഷ് നേടിയത്. ജമാഖണ്ഡി നിയമസഭാ സീറ്റിൽ നാലു റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ ബിജെപിയുടെ കുൽക്കർണി ശ്രീകാന്ത് സുബ്ബറാവുവിനെക്കാൾ കോൺഗ്രസിന്റെ ആനന്ദ് സിദ്ദു ന്യാമഗൗഡ 7149 വോട്ടുകൾക്കു ലീഡ് ചെയ്യുന്നു.

ഷിമോഗ ലോക്സഭാ സീറ്റിൽ ഒൻപതു റൗണ്ട് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ബിജെപി ഇതുവരെ 2,71,771 വോട്ടുകൾ നേടി. ജെഡിഎസിന് 2,38,807 വോട്ടുകളും നേടാനായി. ഇവിടെ ബിജെപി നേതാവ് ബി.എസ്. യെഡ്യൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്രയാണ് ജെഡിഎസിന്റെ മധുബംഗാരപ്പയെക്കാൾ ലീഡ് ചെയ്യുന്നത്.

×