പിന്നെയും ചോര്‍ച്ച : 2 പേര്‍ കൂടി ചാടിയെന്ന് സ്ഥിരീകരിച്ച് കുമാരസ്വാമി. കൂറു മാറിയവരുടെ എണ്ണം അഞ്ചായി ?

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Friday, May 18, 2018

ബാംഗ്ലൂര്‍ ∙രണ്ട് എംഎൽഎമാരെ ബിജെപി ഹൈജാക് ചെയ്തെന്ന് ജനതാദള്‍ നേതാവ് എച്ച്.ഡി. കുമാരസ്വാമി . ഇവർ ബെംഗളുരുവിലുണ്ടെന്നാണു വിവരം. ഒരാളുമായി ബന്ധപ്പെട്ടു.

ഇരുവരും നാളെ നിയമസഭയിൽ പാര്‍ട്ടിയോടൊപ്പം നില്‍ക്കുമെന്നാണു പ്രതീക്ഷയെന്നും കുമാരസ്വാമി വ്യക്തമാക്കി. ഇതോടെ കൂറുമാറിയ എംഎല്‍എമാരുടെ എണ്ണം അഞ്ചായതായാണ് റിപ്പോര്‍ട്ട് . ഇതില്‍ 2 കോണ്‍ഗ്രസ് എം എല്‍ എമാരും ഉള്‍പ്പെടുന്നു.

അതേസമയം ബിജെപി നേതാവ് ജനാർദൻ റെഡ്ഡി തങ്ങളുടെ എംഎൽഎമാരെ പണം നൽകി വശത്താക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി.

റായ്ചൂർ റൂറലി‍ൽ നിന്നു ജയിച്ച ബസവന ഗൗഡയ്ക്ക് പണവും സ്വത്തും വാഗ്ദാനം ചെയ്തതെന്നാണ് ആരോപണം. ഇതു തെളിയിക്കുന്ന ശബ്ദരേഖയും കോൺഗ്രസ് പുറത്തുവിട്ടു.

ഇപ്പോഴുള്ള സ്വത്തിന്റെ നൂറിരട്ടി തരാമെന്നാണ് റെഡ്ഡിയുടെ വാഗ്ദാനം. അമിത് ഷായുമായി നേരിട്ടു സംസാരിക്കാൻ അവസരം ലഭ്യമാക്കാമെന്നും റെഡ്ഡി വാക്കു നൽകി. അതേസമയം സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.

നാളെ നാലുമണിക്കു മുൻപുതന്നെ വോട്ടെടുപ്പു നടത്തണമെന്നാണു നിർദേശം. ഭൂരിപക്ഷം തെളിയിക്കാൻ സമയം നൽകണമെന്ന ബിജെപിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. വോട്ടെടുപ്പിന് രഹസ്യബാലറ്റ് വെണമെന്ന ബിജെപിയുടെ ആവശ്യവും കോടതി തള്ളി.

സർക്കാരുണ്ടാക്കാൻ തങ്ങൾക്കാണു ഭൂരിപക്ഷമെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ്- ജെഡിഎസ് സഖ്യം നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. വോട്ടെടുപ്പിനു മുന്നോടിയായി പ്രോടേം സ്പീക്കറെയും ഗവർണർ നിയമിച്ചു.

വിരാജ് പേട്ട എംഎൽഎയായ ബിജെപി നേതാവ് കെ.ജി.ബൊപ്പയ്യയെയാണു നിയമിച്ചത്. മുതിർന്നയാളെ പ്രോടേം സ്പീക്കറാക്കണമെന്ന കീഴ്‌വഴക്കം തെറ്റിച്ചാണ് നിയമനം. ഇത് ചോദ്യം ചെയ്തും കോണ്‍ഗ്രസ് കോടതിയെ സമീപിച്ചിട്ടുണ്ട് .

×