Advertisment

കര്‍ണ്ണാടകയിലേത് രാജി വിളയാട്ടം. സ്പീക്കറെ കാണാനെത്തിയ ചിലര്‍ മന്ത്രി ഡികെ ശിവകുമാറുമായി സംസാരിച്ചപ്പോള്‍ കത്ത് പോക്കറ്റിലിട്ടു മടങ്ങിപ്പോയി. രാജിയുടെ എണ്ണം തികയ്ക്കാന്‍ യെദൂരപ്പയുടെ നെട്ടോട്ടം. സര്‍ക്കാര്‍ വീഴാന്‍ വേണ്ട രാജിയുടെ എണ്ണം 15 ?

author-image
കൈതയ്ക്കന്‍
Updated On
New Update

publive-image

Advertisment

ബാംഗ്ലൂര്‍ : കര്‍ണ്ണാടക വീണ്ടും ജനാധിപത്യത്തിന്‍റെ ഏറ്റവും ഗതികെട്ട രാഷ്ട്രീയ നാടകങ്ങള്‍ക്കും കുതിരക്കച്ചവടത്തിനും വേദിയാകുന്നു. കര്‍ണാടകയില്‍ സഖ്യ സർക്കാരിനെ അട്ടിമറിക്കാന്‍ സംസ്ഥാനംകണ്ട ഏറ്റവും വലിയ കുതിരക്കച്ചവടങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷിയാകുന്നത്.

സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ അച്ചാരം വാങ്ങിയ ഒരു ഡസന്‍ എം എല്‍ എമാര്‍ സ്പീക്കറെ കാണുന്നു, അവരില്‍ ചിലരെ അവിടെനിന്നും മന്ത്രി ഡി കെ ശിവകുമാര്‍ എത്തി തിരികെ കൊണ്ടുപോകുന്നു, രാജിക്കത്ത് സമര്‍പ്പിക്കാന്‍ എം എല്‍ എ മാര്‍ എത്തുന്നതറിഞ്ഞു സ്പീക്കര്‍ ഓഫീസില്‍ നിന്നും വീട്ടിലേയ്ക്ക് മുങ്ങുന്നു ... തുടങ്ങിയ നാടകങ്ങളാണ് ഇന്ന് തലസ്ഥാനത്ത് അരങ്ങേറിയത്.

സ്പീക്കറുടെ തന്ത്രം

സ്പീക്കര്‍ രാജിക്കത്ത് വാങ്ങാത്തതിനാല്‍ ശനിയാഴ്ച അവധിയായതുകൊണ്ട് ഇനി തിങ്കളാഴ്ച വരെ വിമതരെ അനുനയിപ്പിക്കാന്‍ സര്‍ക്കാരിന് സമയമുണ്ട്. ഇതിനിടെ രാജിക്കൊരുങ്ങിയ 11 പേരില്‍ 3 പേര്‍ ഇതിനോടകം തന്നെ പിന്‍വാങ്ങിയതായും പറയപ്പെടുന്നു.

അതിനിടെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള എണ്ണം തികയ്ക്കാന്‍ ബിജെപി നേതാവ് ബി എസ് യെദൂരപ്പയുടെ നേതൃത്വത്തില്‍ നെട്ടോട്ടം തുടരുകയാണ്.

നിലവിലെ സാഹചര്യത്തില്‍ 11 എം എല്‍ എമാര്‍ രാജിവച്ചാലും സര്‍ക്കാരിന് ഭീക്ഷണിയില്ല. അതേസമയം 11 നു പുറമേ വീണ്ടും മൂന്നുപേര്‍ കൂടി രാജിവച്ചാല്‍ അത് സര്‍ക്കാരിന് തലവേദനയാകും . നിലവില്‍ ആരുടെയും രാജി ഔദ്യോഗികമായി സ്പീക്കർ ഇതുവരെ സ്വീകരിച്ചിട്ടില്ല.

നിലപാടില്ലാത്തവര്‍ ഇവരൊക്കെ

കോണ്‍ഗ്രസ് എംഎല്‍എമാരായ ശിവറാം ഹെബ്ബാര്‍ (യെല്ലാപുര), ബി.സി.പാട്ടീല്‍ (ഹിരക്കേരൂര്‍), നാരായണഗൗഡ (കെആര്‍ പേട്ട്), മഹേഷ് കുമത്തല്ലി (അത്താണി), മുനിരത്ന (ആര്‍ആര്‍ നഗര്‍), ദളിന്റെ എ.എച്ച്.വിശ്വനാഥ് (ഹുന്‍സൂര്‍), ഗോപാലയ്യ (മഹാലക്ഷ്മി ലേഔട്ട്) തുടങ്ങിയവരാണ് വിധാന്‍സൗധയിലെത്തിയത്. സ്പീക്കര്‍ ഓഫിസില്‍ ഇല്ലാത്തതിനെ തുടര്‍ന്നു നിയമസഭാ സെക്രട്ടറിക്കു രാജിക്കത്ത് സമര്‍പ്പിക്കാനാണ് നീക്കം.

നിയമസഭാംഗത്വം രാജിവയ്ക്കാനാണ് എത്തിയതെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് രാമലിംഗ റെഡ്ഡി പറഞ്ഞു. ബിടിഎം ലേഔട്ട് മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് രാമലിംഗ റെഡ്ഡി.

മുഖ്യമന്ത്രി കുമാരസ്വാമി യുഎസ് സന്ദര്‍ശനത്തിലിരിക്കെയാണ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം. വൈകിട്ടോടെ കൂടുതല്‍ എംഎല്‍എമാര്‍ രാജി സമര്‍പ്പിക്കുമെന്നും അഭ്യൂഹമുണ്ട്. ഇതില്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് രാമലിംഗറെഡ്ഡിയുടെ മകള്‍ സൗമ്യ റെഡ്ഡി (ജയനഗര്‍), പ്രതാപ്ഗൗഡ പാട്ടീല്‍ (മസ്കി)‍, എച്ച്.ടി.സോമശേഖര്‍ (യശ്വന്ത്പുര) തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

സര്‍ക്കാര്‍ വീഴാന്‍ വേണ്ടത് 15 രാജി 

224 അംഗ നിയമസഭയിൽ 119 അംഗങ്ങളാണ് കോൺഗ്രസ് – ജെഡിഎസ് സഖ്യത്തിനുള്ളത്. ഇതിൽ ആനന്ദ് സിങ്ങും രമേഷ് ജാർക്കിഹോളിയും നേരത്തെ രാജി സമർപ്പിച്ചിരുന്നു. ജാർക്കിഹോളിയുടേത് ഫാക്സ് സന്ദേശമായതിനാൽ നേരിട്ടെത്തി രാജി സ്വീകരിക്കണമെന്ന് സ്പീക്കർ നിർദേശിച്ചിരുന്നു.

അതിനാൽ അദ്ദേഹവും ഇന്നത്തെ സംഘത്തിനൊപ്പം എത്തിയിട്ടുണ്ട്. 105 പേരാണ് ബിജെപിയുടെ അംഗസംഖ്യ. 113 കേവല ഭൂരിപക്ഷവും. സർക്കാർ വീഴുന്ന സാഹചര്യമുണ്ടായാൽ ബദർ സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ യെഡിയൂരപ്പ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

karnadaka ele yedyurappa
Advertisment