കര്‍ണ്ണാടകയില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസിന്‍റെ പൂഴിക്കടകന്‍ ? ലിംഗായത്തുകള്‍ക്കു മത ന്യൂനപക്ഷ പദവി അനുവദിച്ചു സിദ്ധരാമയ്യയുടെ നിര്‍ണ്ണായക ഉത്തരവ്. ഇറക്കാനും തുപ്പാനും വയ്യാതെ കേന്ദ്രസര്‍ക്കാര്‍ !

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Monday, March 19, 2018

ബാംഗ്ലൂര്‍ ∙ കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടു ബിജെപിക്കെതിരെ കോണ്‍ഗ്രസിന്‍റെ നിര്‍ണ്ണായക നീക്കം. ലിംഗായത്തുകളുടെ ഏറെക്കാലമായുള്ള ആവശ്യ൦ അംഗീകരിച്ച് ലിംഗായത്തുകള്‍ക്കു മത ന്യൂനപക്ഷ പദവി അനുവദിച്ചു സിദ്ധരാമയ്യ സർക്കാർ ഉത്തരവിറക്കി.

കര്‍ണ്ണാടകയിലെ ആകെ ജനസംഖ്യയുടെ 17 ശതമാനം വരുന്ന ലിംഗായത്തുകള്‍ക്കു ന്യൂനപക്ഷ പദവി നല്‍കാനുള്ള തീരുമാനം നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ നേട്ടമാകുമെന്നാണു പ്രതീക്ഷ.

സിദ്ധരാമയ്യ സർക്കാരിന്റെ തീരുമാനം ബിജെപിക്കു തിരിച്ചടിയാണ്. കാരണം ബിജെപിയുടെ ഭരണകാലത്തു സമുദായാംഗമായ ബി.എസ്.യെഡിയൂരപ്പ മുഖ്യമന്ത്രിയായിട്ടും ഈ ആവശ്യം തള്ളിക്കളഞ്ഞിരുന്നു.

ലിംഗായത്തുകളെ ബിജെപിക്ക് എതിരാക്കാനും തങ്ങൾക്ക് അനുകൂലമാക്കാനും തീരുമാനത്തിലൂടെ സാധിക്കുമെന്നു കോൺഗ്രസ് നേതാക്കൾ പറയുന്നു. ഒരാഴ്ചയ്ക്കിടെ മൂന്നു തവണയാണ് വിഷയം ചർച്ച ചെയ്യാനായി മന്ത്രിസഭ ചേർന്നത്.

ഇത് സംബന്ധിച്ച നാഗമോഹന്‍ ദാസ് കമ്മിറ്റി റിപ്പോര്‍ട്ട് കര്‍ണാടക മന്ത്രിസഭ അംഗീകരിച്ചു . ഇതോടെ ലിംഗായത്തുകളെ പ്രത്യേക മതമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കാനും സർക്കാർ തീരുമാനിച്ചു.

വടക്കന്‍ കര്‍ണാടകയില്‍ നിര്‍ണായക സ്വാധീനമുള്ള സമുദായമാണു വീരശൈവ-ലിംഗായത്തുകള്‍. 12-ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കര്‍ത്താവായിരുന്ന ബസവേശ്വരന്റെ അനുയായികളാണിവർ.

ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ആക്‌ട് പ്രകാരം ലിംഗായത്തുകള്‍ക്കു പ്രത്യേക മതപദവി നല്‍കണമെന്നാണു സംസ്ഥാന സർക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലിംഗായത്തുകളുടെ ഏറെക്കാലമായുള്ള ആവശ്യമാണ് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.

85 ലക്ഷത്തോളം ലിംഗായത്തുകൾ‌ക്ക് ഇതിന്റെ ഗുണം ലഭിക്കും. വീരശൈവ വിഭാഗത്തിൽപ്പെടുന്ന 10–15 ലക്ഷം പേർ ഈ പരിധിയിൽപ്പെടില്ലെന്നും സർക്കാർ വ്യക്തമാക്കി. സർക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായും ബസവ പാത പിന്തുടരുന്നവർക്കെല്ലാം തങ്ങളുടെ മതത്തിൽ ചേരാമെന്നും ലിംഗായത്ത് ധർമ സമിതി സെക്രട്ടറി എസ്.എം.ജംധാർ പറഞ്ഞു.

വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ അപേക്ഷ തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതിയിലാണു കേന്ദ്രത്തിലെ ബിജെപി സർക്കാർ. അപേക്ഷ തള്ളിക്കളഞ്ഞ് ലിംഗായത്തുകളെ പിണക്കാന്‍ കേന്ദ്രത്തിനാവില്ല.

എന്നാൽ ആർഎസ്എസും ബിജെപിയും ലിംഗായത്തുകളുടെ ആവശ്യത്തോട് ഇതുവരെ മുഖം കൊടുത്തിട്ടുമില്ല. അപേക്ഷ നിരസിച്ചാൽ ബിജെപിക്കെതിരെ മറ്റൊരു ആയുധം കൂടി കോൺഗ്രസിനു കിട്ടുമെന്നു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

കർണാടകയിൽ ഭരണത്തുടർച്ച നേടേണ്ടതു കോൺഗ്രസിനും ഭരണം തിരിച്ചുപിടിക്കേണ്ടതു ദക്ഷിണേന്ത്യയിലെ അധികാരമോഹങ്ങൾ ഊട്ടിയുറപ്പിക്കാൻ ബിജെപിക്കും ആവശ്യമാണ്.

×