Advertisment

കഴിഞ്ഞ വെള്ളിയാഴ്ചത്തെ പിണറായിയുടെ നിര്‍ണ്ണായക രാജി ഒഴിവാക്കിയതാര് ? ചെന്നിത്തല കരുണാകരനോട് കാണിക്കാത്തത് കരുണയല്ല, പിണറായി ജിഷ്ണുവിനോടും രജനിയോടും കാണിക്കാത്തതും കരുണയല്ല, അമ്പതിനായിരം റാങ്കുകാരനെ ഡോക്ടറാക്കാന്‍ കരുണയോടും കണ്ണൂരിനോടും കാട്ടിയതാണ് കരുണ !

New Update

കേരള നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയ മെഡിക്കല്‍ പ്രവേശന ബില്ലിനെതിരെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാജ്യത്തെ പരമോന്നത കോടതി ഇറക്കിയ ഉത്തരവ് ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞു.

Advertisment

പരമോന്നത നീതിപീഠത്തിന്റെ വിധികാത്ത് കഴിയുന്ന ഒരു വിഷയത്തില്‍ അതിനെ മറികടക്കാന്‍ രാജ്യത്തെ നിയമനിര്‍മ്മാണ സഭകള്‍ക്ക് എന്ത് തോന്യാസവും കാണിക്കാന്‍ അധികാരമില്ല എന്നായിരുന്നു ആ വിധിയുടെ അന്തസത്ത.

publive-image

വെള്ളിയാഴ്ച ഉച്ചയോടെ വിധി പുറത്തുവരുന്നു. സംസ്ഥാനത്തെ പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ്‌ ചെന്നിത്തല എന്ന മനുഷ്യന്‍ ഇല്ലായിരുന്നെങ്കില്‍ നിലവിലെ കീഴ്വഴക്കങ്ങള്‍ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ട് 7 മണിക്ക് മുന്‍പ് നേരെപോയി ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൊടുത്ത് മടങ്ങിയാല്‍ മതിയായിരുന്നു. ചെന്നിത്തലയ്ക്ക് പിണറായി വക ഒരു നല്ല നമസ്കാരം !

രൂപ 45 ലക്ഷം ക്യാപ്പിറ്റെഷന്‍ നല്‍കി അഡ്മിഷന്‍ വാങ്ങാന്‍ കെല്പുള്ള മെഡിക്കല്‍ വിദ്യാര്‍ഥികളോടും അത് മേടിച്ച് കഷ്ടപ്പെട്ട് അവരെ പഠിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ കരുണ - കണ്ണൂര്‍ ഇത്യാദി വിദ്യാഭ്യാസ അറവു കച്ചവടക്കാരോടും നമ്മുടെ നാട്ടിലെ സര്‍ക്കാരിനും പ്രതിപക്ഷത്തിനും തോന്നിയ കരുണ കണ്ടപ്പോഴാണ് മുന്‍പുണ്ടായിരുന്ന പല തെറ്റിദ്ധാരണകളും മാറിയത്.

വിദ്യാര്‍ഥികളുടെ ഭാവി, മാനുഷിക പരിഗണന എന്നൊക്കെയുള്ള പ്രതിപക്ഷത്തിന്റെ വിശദീകരണ൦ കേട്ടാല്‍ ലജ്ജിക്കുകയല്ലാതെ എന്ത് ചെയ്യും. ഈ പാവപ്പെട്ട കോടീശ്വരന്‍മാര്‍ക്കുവേണ്ടി വല്ലാതങ്ങ് വിശദീകരിച്ച് വിഷമിച്ചുപോയി .

publive-image എന്തായാലും ഒരു കാര്യത്തില്‍ വി ടി ബാലറാമിനെ സമ്മതിക്കാതെ വയ്യ. ഒറ്റ പ്രസംഗം കൊണ്ട് ഒരു താന്തോന്നിതരത്തെ തലകീഴായി മറിച്ചു. പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേര്‍ന്നപ്പോള്‍ ഒന്നും മിണ്ടാതിരുന്ന ബാലറാം സഭയിലെത്തിയപ്പോള്‍ പെട്ടെന്ന് നിലപാട് മാറ്റി.

അത് ശരിയായില്ല എന്നാണ് ശബരീനാഥനും റോജി ജോണും ഒക്കെ പറയുന്നത്. ശരിയാണ് . പക്ഷെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ഈ പണി ബാലറാമിനെയും വി ഡി സതീശനെയും പ്രതാപനെയും ഒക്കെ പഠിപ്പിച്ച് അവര്‍ക്ക് വെള്ളവും വളവും ഒഴിച്ച് കൊടുത്തതരാണ് ?

അവരതങ്ങ് ശീലമാക്കി ? ഇനി നിര്‍ത്താനും പോകുന്നില്ല . അത് ദൈവ നീതിയാണ്. കൂട്ടത്തില്‍ നിന്ന് കുതികാല് വെട്ടുന്ന പണി പഠിപ്പിച്ചപ്പോള്‍ ഓര്‍ക്കണമായിരുന്നു, വിതച്ചതേ കൊയ്യൂ ..! എന്ന് .

പണ്ട് മുന്നൂറാം റാങ്കുകാരനും അഞ്ഞൂറാം റാങ്കുകാരനും ഡോക്ടറായിരുന്നിടത്ത് ഇപ്പോള്‍ അമ്പതിനായിരം റാങ്കുകാരനെ ഡോക്ടറാക്കാനാണ് ഈ പെടാപ്പാട്.

എക്സ്റേ ടെക്നീഷ്യന്‍ ആകാന്‍ യോഗ്യതയില്ലാത്തവന്‍ കാശു കൊടുത്ത് ഡോക്ടറാകാന്‍ ശ്രമിച്ചപ്പോള്‍ അതിനു തടസം നിന്നതിനെയാണ് വിദ്യാര്‍ഥികളുടെ ഭാവിയെയോര്‍ത്ത് എന്നൊക്കെ ചെന്നിത്തല പറയുന്നത്.

സ്വന്തം അമ്മയ്ക്കും അച്ഛനും ഭാര്യക്കും മക്കള്‍ക്കും അസുഖം വരുമ്പോള്‍ കോടികള്‍ കൊടുത്ത് ഡോക്ടറായ ഇവരുടെ മുന്നില്‍ എന്തും കീറിക്കൊള്ളാന്‍ പറഞ്ഞ് നിന്ന് കൊടുക്കാന്‍ ഇതില്‍ എത്ര നേതാക്കള്‍ തയ്യാറാകും ?

നിങ്ങള്‍ നേരെ അമേരിക്കയ്ക്ക് പറക്കില്ലേ ? അവിടെ കഷ്ടപ്പെട്ട് പഠിച്ചിറങ്ങിയ സായിപ്പന്‍ ഡോക്ടര്‍മാര്‍ പരിശോധിച്ച് മരുന്നു കുറിച്ചാലേ നിങ്ങള്‍ക്ക് സമാധാനമാകൂ. കാരണം ഇവിടെയിരിക്കുന്നവന്റെ യോഗ്യത നിങ്ങള്‍ക്കറിയാം .

അഡ്ജസ്റ്റ് മെന്റ് രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാക്കൾക്ക് എന്തേലും തലവേദന വന്നാൽ ചെന്നൈയിലെ അപ്പോളോയിലോ മുംബയിലെ നാനാവതിയിലോ അമേരിക്കയിലോ ലണ്ടനിലോ ഒക്കെ പോകാനറിയാം .

പിന്നെ അമ്പതിനായിരം റാങ്ക് വാങ്ങി ഡോക്ടറായ ഇവന്മാര്‍ ഇവിടെയുള്ള ഞങ്ങള്‍ പാവങ്ങളെ കീറിയും കിഡ്നിയെടുത്തും കടം വീട്ടി കാശ് സമ്പാദിക്കും. അതിനെയാണോ നിങ്ങള്‍ മാനുഷിക പരിഗണന എന്ന് ഉ...ദ്ദേശിച്ചത് ?

publive-image

'കോഴിക്കോട്ടെ കോയാമാർക്കും പാലക്കാട്ടെ പട്ടന്മാർക്കും കോട്ടയത്തെ മാമന്മാർക്കും പാലായിലെ പാതിരിമാർക്കും വിദ്യാഭ്യാസം തീറെഴുതി തിരുമണ്ടൻ ജേക്കബ് , ലോകം ചുറ്റാൻ പോയില്ലേ ? കാപ്പിരിസുന്ദരികളൊത്തരുമിച്ച് റോക്ക് എൻ റോൾ കളിച്ചപ്പോൾ കേരളമക്കൾ കേഴുന്നു' -

1986 കാലഘട്ടങ്ങളിൽ കേരളവിദ്യാഭ്യാസം സംരക്ഷിക്കുവാൻ ഇറങ്ങിപ്പുറപ്പെട്ട എസ്എഫ്ഐ യുടെയും എ ഐ എസ് എഫിന്റെയും മുദ്രാവാക്യങ്ങൾ കൊടുങ്ങല്ലൂർ കെകെടിഎം കോളേജിന്റെ ഇടനാഴികകളിൽ മുഴങ്ങി കേട്ടിരുന്നപ്പോൾ ആരിലും ഒരു എസ്എഫ്ഐ പ്രണയം മനസിനകത്ത് കയറിക്കൂടിയാൽ തെറ്റുപറയുവാനാകുമായിരുന്നില്ല .

അത്രേം വീറും വാശിയും ഒക്കെ നിഴലിച്ചിരുന്നു അന്നത്തെ പ്രകടനങ്ങളിൽ. പിന്നീടാണ് മനസിലായത് അതൊക്കെ വെറും പുകമറകളും പ്രഹസനങ്ങളും ഒക്കെ ആയിരുന്നു എന്ന്‍.

ഡി വൈ എഫ് ഐ എന്നൊരു സംഘടനയെ കെട്ടിപ്പടുത്ത സഖാവ് എം വി രാഘവനെ ബദൽരേഖയുടെ പേരിൽ പാർട്ടിയിൽ നിന്നും പടിയടച്ചു പിണ്ഡം വെക്കുന്നതിന്റെ ക്ഷീണം അണികളിൽ നിഴലിക്കാതിരിക്കുന്നതിനും അവരുടെ ശ്രദ്ധ തിരിക്കുവാനും വലിയ സഖാവിന്‍റെ കൂർമ്മബുദ്ധിയിൽ തോന്നിയ ആശയങ്ങളായിരുന്നു ഈ വക വിദ്യാഭ്യസ സമരങ്ങളും മന്ത്രിമാരെ വഴിതടയലുകളും ബസ്സ് കത്തിക്കലും സെക്രട്ടറിയേറ്റ് വളയലും ഒക്കെ .

സ്വകാര്യ പോളിടെക്നിക്ക് സമരം , നവോദയ വിദ്യാലയ സമരം , പ്ലസ് ടു സമരം , സ്വാശ്രയ കോളേജ് സമരം അങ്ങനെയങ്ങനെ കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുടുചോറ് വാരിപ്പിക്കുവാൻ നേതാക്കൾ വാശി പിടിച്ചപ്പോൾ ചോരയൊലിക്കുന്ന മുഖവുമായി മാതൃഭൂമിയിൽ ഒന്നാം പേജിലെ വാർത്തകളിൽ സ്ഥാനം പിടിച്ചവരൊക്കെ ഇന്നിപ്പോൾ എംഎൽഎ ആയി മന്ത്രി ആയി.

ചിലരൊക്കെ സ്വാശ്രയ കോളേജ് മുതലാളിമാരായി , അവരുടെ മക്കളൊക്കെ സ്വാശ്രയകേളജുകളിൽ പഠിച്ചിറങ്ങി ഇന്നിപ്പോൾ വലിയ വലിയ സിഇഒ മാരായി മാറിക്കഴിഞ്ഞു .

publive-image

സഖാവ് നായനാർ നല്ലവനായിരുന്നു എന്നാണ് കേട്ട്കേൾവി. പക്ഷെ അണികൾ വിദ്യാഭ്യാസ കച്ചവടത്തിനെതിരെയും കമ്പ്യുട്ടറിനെതിരെയും തെരുവിൽ ചോരയൊലിപ്പിച്ചപ്പോൾ അതേ വർഷത്തിൽ തന്നെ സഖാവിന്റെ മകനും മകളും കംപ്യുട്ടർ സയൻസിൽ ബിരുദം നേടിയ നാടാണ് കേരളം .

എത്ര കിട്ടിയാലും എത്ര കണ്ടാലും ബോധമുദിക്കാത്ത ചിലരൊക്കെ ഇപ്പോഴും ജീവിച്ചിരിക്കുമ്പോൾ കരുണയും കണ്ണൂരും ഒക്കെ നമ്മുക്ക് തെളിവുകളായി അവശേഷിക്കുന്നു .

കൂത്തുപറമ്പിലെ അഞ്ച് ചെറുപ്പക്കാരുടെ പ്രേതം സിപിഎമ്മിനെ വേട്ടയാടുമ്പോൾ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയുടെ കണ്ണീർ സിപിഎമ്മിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയായി മാറുന്ന കാഴ്‌ച നമ്മളൊക്കെ കാണേണ്ടിവരും .

തൃപുരയും ബംഗാളും എന്നെന്നേക്കുമായി സിപിഎമ്മിനെ മൊഴി ചൊല്ലിയപ്പോൾ കേരളം മാത്രം ഇപ്പോഴും സിപിഎമ്മിന്റെ കൂടെ നില കൊള്ളുന്നു എന്നതിന് കാരണം എന്തൊക്കെയോ ഒരു നന്മ ആരൊക്കെയോ ചെയ്തു എന്ന് വേണം കരുതുവാൻ .

പണക്കാരന്റെ മക്കളായി ജനിച്ചതിന്റെ ആനുകൂല്യത്തിൽ മാത്രം ഡോക്ടറാവുന്ന ചിലര്‍ രോഗികളെ ചികിത്സിക്കുന്ന ഒരു കാലം കേരളത്തിൽ സംജാതമായാൽ ആരും അത്ഭുതപ്പെടേണ്ടതില്ല .

കാരണം നമ്മൾ എല്ലാം അനുഭവിച്ചേ പറ്റൂ . ഒരു മനസ്സാക്ഷിയും ദയയും ഇല്ലാത്ത കുറെ ഡോക്ടർമാരെയാണ് നാം ഇനി കാത്തിരിക്കേണ്ടത് .

ഇരുപത്തിയാറാം വയസ്സിൽ ഭവനവകുപ്പ് മന്ത്രിയാക്കുവാൻ പണിപ്പെട്ട ലീഡർ കരുണാകരനെതിരെ തിരുത്തൽവാദവുമൊക്കെ കൊണ്ടുവരുമ്പോൾ ഓർക്കണമായിരുന്നു . ഒരു നാൾ തനിക്കും വരുമെന്ന് .

അന്ന് കരുണാകരനെതിരെ ചെന്നിത്തല പറഞ്ഞുവെങ്കിലും ഇന്ന് ചെന്നിത്തലക്കെതിരെ ബലരാമൻ പറയുന്നു എന്ന് കരുതിയാൽ നന്ന് . കേരളത്തിലെ രാഷ്ട്രീയക്കാർക്കിടയിലെ ഏറ്റവും വലിയ ശാപമാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന അഡ്ജസ്റ്മെന്റുകൾ. അതിനെതിരെ ഇനിയും ആരും മിണ്ടിയില്ലെങ്കിൽ പിന്നീട് മിണ്ടുവാൻ സമയം കിട്ടിയെന്ന് വരില്ല .

അവസാനമായി കണ്ടത് പാവപ്പെട്ട ഒരു പ്രവർത്തകൻ ഷുവൈബിന്റെ ദാരുണമായ അന്ത്യത്തിൽ വരെ കോമ്പ്രമൈസ് കളിച്ചു എന്നതാണ് . ഇക്കളികൾ നിങ്ങൾ ഇനിയും കളിച്ചാൽ തലകുത്തി നിന്നാലും നിങ്ങൾക്ക് കേരളം ഭരിക്കുവാൻ ആകില്ല .

publive-image

1991 മുതലുള്ള കാലഘട്ടങ്ങളിൽ സ്വാശ്രയകോളേജുകൾ അനുവദിക്കാതിരിക്കുവാനും അഥവാ അനുവദിച്ചാൽ തന്നെ അവിടെ മര്യാദക്ക് പ്രവേശനം നടത്താതിരിക്കുവാനുമായി കേരളം-തമിഴ്‌നാട് പ്രൈവറ്റ് കോളേജ് ലോബികൾ കോടികള്‍ കേരളത്തിൽ സമരങ്ങൾ നടത്തുവാനും തല്ലിപ്പൊളികൾ ഉണ്ടാക്കുവാനും ചില രാഷ്ട്രീയപാർട്ടികള്‍ക്ക് കൊടുക്കുമായിരുന്നുവത്രെ .

അതിന്റെ അടിസ്ഥാനത്തിൽ എല്ലാ വർഷവും ജൂൺ ജൂലൈ മാസങ്ങളിൽ ചുമ്മാ കുറെ സമരങ്ങൾ അഴിച്ചുവിട്ട് നല്ല കുടുംബത്തിൽ പിറന്നവരെ തമിഴ്‌നാട്ടിലെ കോളേജുകളിലേക്കും ബാംഗ്ലൂരിലെ കോളേജുകളിലേക്കും പറഞ്ഞയക്കുന്ന ഒരു വിദ്യ നിലനിന്നിരുന്നു .

അതേ ലോബികൾ ഇന്നിപ്പോൾ കേരളത്തിലെ കോളേജുകാരിൽ നിന്നും അത്യവശ്യം പണം വസൂലാക്കി വിദ്യാർത്ഥികളുടെ ഭാവിയെ മുന്നിൽ നിർത്തിക്കൊണ്ട് അതേ പൊറാട്ടുനാടകം കളിക്കുന്നത് കാണുമ്പോൾ ഈ നാടിന് എന്താ പറ്റിയത് എന്ന് തോന്നിപ്പോകുന്നു . എല്ലാറ്റിനും ഒരതിരുണ്ട് എന്നത് ഓർക്കുന്നത് എല്ലാവർക്കും നല്ലതു തന്നെ .

ഇപ്പറഞ്ഞ പണക്കാരന്റെ പാവപ്പെട്ട മക്കൾ ഡോക്ടറായി വന്നുകൊണ്ട് ഞങ്ങളെ ചികിത്സിക്കുവാൻ അവസരം കിട്ടുന്നതിന് മുൻപേ ഞങ്ങളെയൊക്കെ അങ്ങ് മേലോട്ട് എടുക്കണമെന്ന് ദൈവത്തിനോട് പ്രാർത്ഥിച്ചുകൊണ്ട്

കരുണയിലെ ഡ്രൈവർ ദാസനും കണ്ണൂരിലെ അറ്റൻഡർ വിജയനും

ramesh chennithala dasanum vijayanum
Advertisment