Advertisment

‌കോവിഡ് കാലത്ത് കാരുണ്യ ഇൻഷൂറൻസ് പദ്ധതിയുടെ മറവിൽ പാവങ്ങളെ കൊള്ളയടിക്കുന്നത് തടയണം: തൃശൂർ കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശ്ശൂർ: കാരുണ്യ ഇൻഷൂറൻസ് പദ്ധതിയുടെ മറവിൽ കോവിഡ് പരിശോധനയുടെ പേരിൽ പാവങ്ങളെ കൊള്ളയടിക്കുന്നത് തടയാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് തൃശൂർ കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ കത്തയച്ചു.

Advertisment

publive-image

കാരുണ്യ പദ്ധതി തുടരും എന്നു സർക്കാർ പറയുന്നെങ്കിലും ഇതിന്റെ സേവനം ജനങ്ങൾക്ക് കിട്ടുമോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. പദ്ധതിയുടെ സോഫ്റ്റ് വെയർ സ്വകാര്യ ആശുപത്രികളുടെ കംപ്യൂട്ടറിൽ പ്രവർത്തനക്ഷമമാക്കി നൽകാൻ പോലും സർക്കാർ തയാറായില്ല എന്നത് പദ്ധതി നടത്തിപ്പിനെ സർക്കാർ എത്ര ഉദാസീനതയോടെയാണു കാണുന്നത് എന്നതിന് തെളിവാണെന്നും ജോൺ ഡാനിയേൽ ആരോപിക്കുന്നു.

സംസ്ഥാനത്ത് എല്ലാ ശസ്ത്രക്രിയകൾക്കും മുൻപ് കോവിഡ് പരിശോധന നടത്തിയിരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിരിക്കുകയാണ്. കോവിഡ് പരിശോധന സർക്കാർ ലാബുകളിൽ നടത്താൻ അയച്ചാൽ പരിശോധനാ ഫലം എന്നു ലഭിക്കുമെന്ന് വ്യക്തതയില്ല. നിരീക്ഷണത്തിലിരിക്കുന്ന രോഗികളുടെ സ്രവ പരിശോധനാ ഫലം തന്നെ ഒരാഴ്ചയോളം കഴിഞ്ഞാണു വരുന്നത്.

സ്വാഭാവികമായും ശസ്ത്രക്രിയകൾക്ക് വിധേയരാകുന്നവർ ഫലം ലഭിക്കാനായി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരും. ഈ സാഹചര്യത്തിൽ കോവിഡ‍് പരിശോധനയുടെ തുക കുറയ്ക്കാനും കാരുണ്യ പദ്ധതിയിൽ വരുന്ന രോഗികളുടെ ശസ്ത്രക്രിയയ്ക്കു മുൻപുള്ള കോവിഡ് പരിശോധനയുടെ ചെലവു സർക്കാർ വഹിക്കുമെന്ന് പറയാനും മുഖ്യമന്ത്രി തയാറാവണമെന്നും ജോൺ ഡാനിയൽ അയച്ച കത്തിൽ ആവശ്യപ്പെട്ടു.

കത്തിന്റെ പൂർണ്ണരൂപം

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

കാരുണ്യ ആരോഗ്യ അഷുറൻസ് പദ്ധതി ജൂലൈ 1 മുതൽ തുടരും എന്നു പറയുന്നെങ്കിലും ഇതിന്റെ സേവനം ജനങ്ങൾക്ക് കിട്ടുമോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്. ഇതിന്റെ സോഫ്റ്റ് വെയർ സ്വകാര്യ ആശുപത്രികളുടെ കംപ്യൂട്ടറിൽ പ്രവർത്തനക്ഷമമാക്കി നൽകാൻ പോലും സർക്കാർ തയാറായില്ല എന്നു പറയുമ്പോൾ പദ്ധതി നടത്തിപ്പിനെ സർക്കാർ എത്ര ഉദാസീനതയോടെയാണു കാണുന്നത് എന്നു വ്യക്തമാണ്. സോഫ്റ്റ്‍വെയർ സ്ഥാപിച്ചില്ലെങ്കിൽ കാരുണ്യ പദ്ധതിയിൽ എത്തുന്ന രോഗികളെ പ്രവേശിപ്പിക്കാൻ സ്വകാര്യ ആശുപത്രികൾക്കാവില്ല.

സ്വകാര്യ ആശുപത്രികൾക്ക് നേരത്തെ ചികിത്സിച്ച ബില്ലുകളുടെ കുടിശിക കിട്ടാനുള്ളതിനാൽ അവർ അനുഭാവപൂർണമായ നിലപാടല്ല സ്വീകരിക്കുക എന്നും മനസ്സിലാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ അവരെ കുറ്റം പറയാനാവില്ല.

പഴയ തുക എന്നു കൊടുക്കും എന്നതിൽ ഇപ്പോഴും അവർക്ക് വ്യക്തമായ മറുപടി കിട്ടിയിട്ടില്ല. മാർച്ച് 31ന് അവസാനിക്കേണ്ടിയിരുന്ന സ്കീം ജൂൺ 31 വരെ റിലയൻസിനു നീട്ടിക്കൊടുക്കുകയായിരുന്നല്ലോ. അതിന്റെ പ്രീമിയം അടയ്ക്കാത്തതിനാൽ ആ കാലയളവി‍ൽ നടത്തിയ ചികിത്സകളുടെ ബിൽ തുക റിലയൻസ് ആശുപത്രിൾക്ക് പാസാക്കി കൊടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ ഇനിയുള്ള തുക ആശുപകത്രികൾക്ക് നേരിട്ട് സർക്കാർ തരും എന്ന വാക്ക് സ്വകാര്യ ആശുപത്രികൾ എങ്ങനെ വിശ്വസിക്കും? ഇതെല്ലാം ബാധിക്കുന്നത് പാവപ്പെട്ട രോഗികളെയാണ്.

സംസ്ഥാനത്ത് എല്ലാ ശസ്ത്രക്രിയകൾക്കും മുൻപ് കോവിഡ് പരിശോധന നടത്തിയിരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിരിക്കുകയാണല്ലോ. കോവിഡ് പരിശോധന സർക്കാർ ലാബുകളിൽ നടത്താൻ അയച്ചാൽ പരിശോധനാ ഫലം എന്നു ലഭിക്കുമെന്ന് വ്യക്തതയില്ല. നിരീക്ഷണത്തിലിരിക്കുന്ന രോഗികളുടെ സ്രവ പരിശോധനാ ഫലം തന്നെ ഒരാഴ്ചയോളം കഴിഞ്ഞാണു വരുന്നത്. സ്വാഭാവികമായും ശസ്ത്രക്രിയകൾക്ക് വിധേയരാകുന്നവർ ഫലം ലഭിക്കാനായി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരും. ഇവിടങ്ങളിൽ 4500 രൂപയാണ് പരിശോധനയ്ക്കുള്ള തുക.

രാജ്യത്ത് തന്നെ ഏറ്റവും കൂടിയ നിരക്കാണ് ഇത് എന്നാണു മനസ്സിലാക്കുന്നത്. തമിഴ്നാട്ടിലും കർണാടകയിലും വരെ 3000 രൂപയിൽ താഴയായി ചെലവു പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ ചെലവു പരിമിതപ്പെടുത്താൻ നടപടി വൈകിക്കൂട. കാരുണ്യ പദ്ധതിയിൽ വരുന്ന രോഗികൾക്കും ശസ്ത്രക്രിയ ആവശ്യമെങ്കിൽ കോവിഡ് പരിശോധനയ്ക്കയി 4500 രൂപ മുടക്കണമെന്നാണ് ഇപ്പോഴത്തെ സ്ഥിതി. ഇത് സ്വകാര്യ ആശുപത്രികൾ വഹിച്ചാൽ അവർക്ക് ആ തുക തിരികെ നൽകുമെന്ന് സർക്കാർ ഉറപ്പു നൽകാത്തതിനാൽ ആ തുക പാവപ്പെട്ട രോഗികൾ തന്നെ വഹിക്കേണ്ടി വരും എന്ന് ഉറപ്പായിരിക്കുകയാണ്. അതായത് ചികിത്സിക്കാൻ തുക ഇല്ലാത്തതിന്റ പേരിൽ കാരുണ്യ പദ്ധതിയിൽ ചേർന്നവർ കോവിഡ് പരിശോധനയ്ക്കായി 4500 രൂപ കയ്യിൽ നിന്നെടുക്കണമെന്ന്.

ഈ സാഹചര്യത്തിൽ കോവിഡ‍് പരിശോധനയുടെ തുക കുറയ്ക്കാനും കാരുണ്യ പദ്ധതിയിൽ വരുന്ന രോഗികളുടെ ശസ്ത്രക്രിയയ്ക്കു മുൻപുള്ള കോവിഡ് പരിശോധനയുടെ ചെലവു സർക്കാർ വഹിക്കുമെന്ന് പറയാനും മുഖ്യമന്ത്രി തയാറാവണം.

ജോൺ ഡാനിയൽ

ചെയർമാൻ

ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി

തൃശൂർ കോർപ്പറേഷൻ

Advertisment