Advertisment

മുള്ളേരിയ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ഏഴാംതരം തുല്യതാ പരീക്ഷയെഴുതാൻ പഞ്ചായത്ത് പ്രസിഡന്റ് എത്തി ; ഉദ്ഘാടനം ചെയ്യാനെത്തിയ പഞ്ചായത്ത് പ്രസിഡന്റ് തന്നെ പരീക്ഷയും എഴുതിയപ്പോള്‍ മറ്റു പരീക്ഷാർഥികൾക്കിടയിൽ അത്ഭുതവും ആകാംക്ഷയും !

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

മുള്ളേരിയ : ‌ മുള്ളേരിയ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ഏഴാംതരം തുല്യതാ പരീക്ഷയെഴുതാൻ പഞ്ചായത്ത് പ്രസിഡന്റ് കെ.അനസൂയ റൈ എത്തിയതോടെ മറ്റു പരീക്ഷാർഥികൾക്കിടയിൽ അത്ഭുതവും ആകാംക്ഷയും.

Advertisment

publive-image

ഉദ്ഘാടനം ചെയ്ത ശേഷം മുഴുവൻ സമയവും ഹാളിലിരുന്ന് അച്ചടക്കത്തോടെ പരീക്ഷയെഴുതുകയും ചെയ്തു. ഇന്നലെ രാവിലെ മുതലാണു ജില്ലയിൽ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ തുല്യതാ പരീക്ഷ നടന്നത്. മംഗളൂരു ദേർളക്കട്ട സ്വദേശിനിയായ അനസൂയ റൈ നേരത്തെ ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിച്ചതാണ്. തുടർന്ന് 1973 ൽ ആദൂർ കുണ്ടലയിലെ കർഷകനായ അരവിന്ദ് റൈയെ വിവാഹം ചെയ്ത് കാസർകോടെത്തി.

രണ്ടു മക്കളെയും നല്ല നിലയിൽ പഠിപ്പിച്ചെങ്കിലും മുടങ്ങിയ പഠനം പുനരാരംഭിക്കാൻ അവസരം ലഭിച്ചില്ല. ‌കഴിഞ്ഞ വർഷം തുല്യതാപരീക്ഷ ഉദ്ഘാടനം ചെയ്യാൻ പോയപ്പോഴാണു പഠനം പുനരാരംഭിക്കണമെന്ന ആഗ്രഹം തോന്നിയത്. ആദൂർ തുടർ വിദ്യാകേന്ദ്രത്തിലെ പ്രേരക് കെ.മാലതിയോടു വിവരം പറയുകയും റജിസ്റ്റർ ചെയ്യുകയും ചെയ്തു.

പിന്നെ ആറ് മാസത്തെ പഠനം. ഔദ്യോഗിക തിരക്കുകൾക്കിടയിലും പരമാവധി ക്ലാസുകളിൽ പങ്കെടുത്തിരുന്നു.മലയാളം, ഇംഗ്ലിഷ്, ഹിന്ദി പരീക്ഷകളാണ് ഇന്നലെ നടന്നത്. സയൻസ്, സോഷ്യൽ, കണക്കു പരീക്ഷകൾ ഇന്നു നടക്കും. കാറഡുക്ക പഞ്ചായത്തിലെ ആറാം വാർഡിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഇവർ കഴിഞ്ഞ വർഷമാണു പഞ്ചായത്ത് പ്രസിഡന്റായത്.

മകൻ അഷിത്ത് റൈ ബംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജനറൽ മാനേജരാണ്. മകൾ അശ്രിത റൈ ദന്ത ഡോക്ടറും. നോഡൽ പ്രേരത് എ.തങ്കമണി, പ്രേരക് മാരായ കെ. മാലതി, കെ.സി.കാഞ്ചന,പി.ഇബ്രാഹിം എന്നിവർ പഠനത്തിൽ സഹായികളായി. ജില്ലയിൽ 22 കേന്ദ്രങ്ങളിലായി നാനൂറോളം പേർ പരീക്ഷയെഴുതി.

Advertisment