Advertisment

കാശ്മീര്‍ : രാഹുല്‍ ടീമിന്‍റെ സന്ദര്‍ശനം സര്‍ക്കാരിനെ വെട്ടിലാക്കി ? എല്ലാം ഭദ്രമെന്ന് പറഞ്ഞിട്ടും ഒന്നും നേരില്‍ കാണാന്‍ സമ്മതിക്കാതെ പ്രതിപക്ഷ സംഘത്തെ മടക്കി അയച്ചത് സര്‍ക്കാരിന് തിരിച്ചടിയായി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയത്തില്‍ സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കുന്നതായിരുന്നു രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘം ഇന്ന് നടത്തിയ കാശ്മീര്‍ സന്ദര്‍ശനം . കശ്മീരില്‍ എല്ലാം ഭദ്രം എന്ന് അവകാശപ്പെട്ടവര്‍ക്ക് പ്രതിപക്ഷ സംഘത്തെ സന്ദര്‍ശനത്തിനു അനുവദിക്കാതെ തിരിച്ചയക്കേണ്ടിവന്നത് സര്‍ക്കാരിന് നാണക്കേടായി .

ശനിയാഴ്ച്ച കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ ശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്ന് മടക്കി അയച്ചിരുന്നു. ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിയ സംഘത്തെ പുറത്തുകടക്കാന്‍ അനുവദിച്ചില്ല.

മാത്രമല്ല, നേതാക്കള്‍ മാധ്യമങ്ങളെ കാണുന്നതും പോലീസ് സംഘം തടഞ്ഞിരുന്നു. തുടര്‍ന്ന് പ്രതിപക്ഷസംഘം ഡല്‍ഹിയിലേക്ക് മടങ്ങിപ്പോവുകയായിരുന്നു.

സ്ഥിതിഗതികള്‍ സാധാരണനിലയിലാണെങ്കില്‍ എന്തുകൊണ്ടാണ് പ്രതിപക്ഷ സംഘത്തെ തിരിച്ചയച്ചതെന്ന് കോണ്‍ഗ്രസ് ചോദിക്കുകയും ചെയ്തു.

സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെ കശ്മീരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെങ്കില്‍ എന്തുകൊണ്ടാണ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ ശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്ന് തിരിച്ചയച്ചത്. എന്താണ് മോദി സര്‍ക്കാര്‍ മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ചോദിച്ചു.

ജമ്മു കശ്മീരിലെ സാഹചര്യങ്ങള്‍ ശാന്തമല്ലെന്നതാണ് ശനിയാഴ്ച നടന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു. ഏതാനുംദിവസങ്ങള്‍ക്ക് മുന്‍പ് ജമ്മുകശ്മീര്‍ ഗവര്‍ണര്‍ കശ്മീര്‍ സന്ദര്‍ശിക്കാന്‍ എന്നെ ക്ഷണിച്ചിരുന്നു.

ഞാന്‍ ആ ക്ഷണം സ്വീകരിച്ചു. അവിടെയുള്ള ജനങ്ങള്‍ എങ്ങനെ കഴിയുന്നു എന്നറിയുകയായിരുന്നു ഞങ്ങളുടെ ആവശ്യം. പക്ഷേ, വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ ഞങ്ങളെ അനുവദിച്ചില്ല. ഞങ്ങളോടൊപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെയും അവര്‍ കൈയേറ്റം ചെയ്തു. കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണനിലയിലല്ലെന്ന് ഇത് വ്യക്തമാക്കുന്നു- രാഹുല്‍ഗാന്ധി പറഞ്ഞു.

കശ്മീരിലെ സാഹചര്യം ഭീതിജനകമാണെന്നും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ പറഞ്ഞ കഥകള്‍ കേട്ടാല്‍ കണ്ണുനിറയുമെന്നുമായിരുന്നു ഗുലാംനബി ആസാദിന്റെ പ്രതികരണം.

kashmir
Advertisment