ഇന്ത്യന്‍ സൈന്യത്തിന് നേരെ പാകിസ്താന്‍ ഉപയോഗിക്കുന്നത് യുഎസ് നിര്‍മ്മിത മിസൈലുകളെന്ന് റിപ്പോര്‍ട്ട്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, February 11, 2018

ന്യൂഡല്‍ഹി: നിയന്ത്രണ രേഖയിലുള്ള ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ പാകിസ്താന്‍ ഉപയോഗിക്കുന്നത് യുഎസ് നിര്‍മ്മിത ടാങ്ക് വേധ മിസൈലുകളെന്ന് റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം അമേരിക്കന്‍ ഭരണകൂടത്തിന് മുന്നില്‍ ശക്തമായി ഉന്നയിക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.

രജൗറിയില്‍ കഴിഞ്ഞ ഞായറാഴ്ച പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ നാല് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. അന്ന് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം അമേരിക്കന്‍ നിര്‍മ്മിത മിസൈലുകളാണ് പ്രയോഗിച്ചത്. ഇവയ്ക്ക് പുറമെ 120 എം.എം മോര്‍ട്ടാറുകളും ഇന്ത്യന്‍ സൈന്യത്തിനെതിരേ ഉപയോഗിച്ചു. സാധാരണ ഗതിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ നടത്തുമ്പോള്‍ പാക് സൈന്യം 80 എം.എം മോര്‍ട്ടാറുകളാണ് ഉപയോഗിക്കുന്നതെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറയുന്നു.

അമേരിക്കന്‍ നിര്‍മ്മിത ആയുധങ്ങള്‍ ഇന്ത്യയ്‌ക്കെതിരേ ഉപയോഗിക്കുന്ന വിഷയം ട്രംപ് ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടുത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. 2016 മുതല്‍ ഇന്ത്യയുമായി പ്രതിരോധ സഹകരണം അമേരിക്ക ശക്തമാക്കിയ സാഹചര്യത്തില്‍ ഇത് അമേരിക്കയ്ക്ക് തലവേദനയാകും

×