കാശ്മീരില്‍ വസ്തു വാങ്ങല്‍/ താമസ സ്വാതന്ത്ര്യം ( 35എ ) : വിധി പ്രതികൂലമായാൽ വ്യാപക അക്രമത്തിനു സാധ്യതയെന്നു ഇന്റലിജൻസ് റിപ്പോർട്ട്

ജെ സി ജോസഫ്
Sunday, August 5, 2018

ശ്രീനഗർ∙ സംസ്ഥാനത്തിനു പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയുടെ 35 എ വകുപ്പിന്റെ സാധുത തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെ ജമ്മു കശ്മീരിൽ പൊലീസിനു നേരേ വൻ അക്രമത്തിനു സാധ്യതയെന്നു ഇന്റലിജൻസ് റിപ്പോർട്ട്.

കോടതി വിധി പ്രതികൂലമായാൽ സംസ്ഥാനത്താകെ വ്യാപക അക്രമം നടക്കുമെന്നാണ് കണക്കുകൂട്ടൽ.

ഇന്ന് കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർ റോഡുകൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്തു. പ്രദേശത്താകെ സംഘർഷാവസ്ഥ നിലനിൽകുകയാണ്. ഇതിനെ തുടർന്ന് ഇവിടങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വിഘടനവാദി നേതാക്കളായ സയീദ് അലി ഗീലാനി, മിർവേയിസ് ഉമർ ഫാറൂഖ്, യാസിൻ മാലിക്ക് എന്നിവർ കശ്മീരിൽ രണ്ടു ദിവസത്തെ ബന്ദിനു ആഹ്വാനം ചെയ്തിട്ടുണ്ട്. 35 എ വകുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചാൽ വൻ പ്രതിഷേധമുണ്ടാകുമെന്നും അവർ മുന്നറിയിപ്പു നൽകി.

1954ൽ രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവു പ്രകാരമാണ് 35 എ വകുപ്പ് കശ്മീരിൽ നിലവിൽ വന്നത്. ഇതുപ്രകാരം സംസ്ഥാനത്തെ തദ്ദേശവാസികൾ ആരാണെന്നു തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനാണ്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ജമ്മു കശ്മീരിൽ വസ്തു വാങ്ങുന്നതിനും അധികാരമില്ല. എന്നാൽ ഇതു ഭരണഘടനാ ലംഘനമാണെന്നാണു വകുപ്പിനെ എതിർക്കുന്നവരുടെ വാദം.

ഭരണഘടന പ്രകാരം രാജ്യത്തെവിടെയും താമസിക്കുന്നതിനും വസ്തു വാങ്ങിക്കുന്നതിനും അവകാശമുണ്ട്. ഇതു ചൂണ്ടിക്കാണിച്ചു വിവിധ എൻജിഒകളാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

×