Advertisment

കതിരൂര്‍ മനോജ് വധം: വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുന്നതിൽ കേരളാ സർക്കാർ ശക്തമായ നടപടി സ്വീകരിക്കും

New Update

Advertisment

ആര്‍എസ്‌എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജിന്റെ കൊലപാതക കേസിന്റെ വിചാരണ തലശേരി സെഷന്‍സ് കോടതിയില്‍ നിന്ന് എറണാകുളത്തെ സിബിഐ കോടതിയിലേക്ക് നേരത്തെ സുപ്രിം കോടതി മാറ്റിയിരുന്നു.

എന്നാല്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടിഎ മധുസൂദന്‍ എന്നിവര്‍ ഉള്‍പ്പടെ പ്രതികളായ കേസില്‍ കേരളത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ വിചാരണ നടക്കില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. തമിഴ്‌നാട്ടിലെയോ കര്‍ണാടകത്തിലെയോ കോടതികളിലേക്ക് കേസിന്റെ വിചാരണ മാറ്റണമെന്നും സിബിഐയ്ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സന്ദീപ് സേത്തി സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ വിചാരണ നടക്കുന്ന എറണാകുളത്തെ സിബിഐ പ്രത്യേക കോടതിയില്‍ നിന്ന് രണ്ടര മണിക്കൂര്‍ മാത്രം ദൂരമുള്ള കോയമ്ബത്തൂരിലേക്ക് വിചാരണ മാറ്റുന്നതിന്റെ സാധ്യത സിബിഐയുടെ ഹര്‍ജി പരിഗണിച്ചിരുന്ന ജസ്റ്റിസുമാരായ എകെ ഗോയല്‍, റോഹിങ്ടന്‍ നരിമാന്‍ എന്നിവര്‍ ആരാഞ്ഞിരുന്നു.

വിചാരണ കേരളത്തില്‍ നിന്ന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പട്ട് ചെന്നൈയിലെ സിബിഐ ജോയിന്റ് ഡയറക്ടര്‍ ഫയല്‍ ചെയ്ത ട്രാന്‍സ്ഫര്‍ പെറ്റീഷനിലെ എതിര്‍കക്ഷികളോട് സുപ്രിം കോടതി വിശദീകരണം തേടുകയും ചെയ്തു. കതിരൂര്‍ മനോജ് കൊലപാതക കേസിലെ ഒന്നാം പ്രതി പ്രകാശന്‍, സംസ്ഥാന സര്‍ക്കാര്‍, കൊലപാതക കേസ് ആദ്യം അന്വേഷിച്ച ക്രൈം ബ്രാഞ്ച് കണ്ണൂര്‍ യൂണിറ്റ് ഡിവൈഎസ്പി, സിബിഐ ഡയറക്ടര്‍ എന്നിവരാണ് സിബിഐ ജോയിന്റ് ഡയറക്ടര്‍ ഫയല്‍ ചെയ്ത ട്രാന്‍സ്ഫര്‍ പെറ്റീഷനിലെ എതിര്‍ കക്ഷികള്‍.

കോയമ്ബത്തൂരിലേക്ക് വിചാരണ മാറ്റുന്നതിനെ കുറിച്ച്‌ പ്രകാശന്‍ ഇതുവരയെയും സുപ്രിം കോടതിയില്‍ നിലപാട് അറിയിച്ചിട്ടില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കൗണ്‍സില്‍ ജി പ്രകാശ് കഴിഞ്ഞ ദിവസം കേസില്‍ വക്കാലത്ത് ഇട്ടു. വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുന്നതിനെതിരെ ശക്തമായ നിലപാട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സ്വീകരിക്കും എന്നാണ് സൂചന.

Advertisment