Advertisment

ഒരായുസ്സിന്റെ സ്വപ്നമായിരുന്നു ആ വീട്‌ ; പണി പൂര്‍ത്തിയാക്കി നാല് മാസത്തിനുള്ളില്‍ അത് മണ്ണിനടിയിലായി ; കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അഷറഫിന് നഷ്ടമായത് 12 വര്‍ഷത്തെ പ്രവാസ ജീവിതത്തിലെ സമ്പാദ്യം ; എന്നാല്‍ നിരാശയില്ല , അതിലും വലിയ ഒരു ആശ്വാസമുണ്ട്‌ !

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം : കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ തന്റെ കുടുംബാംഗങ്ങളെയെല്ലാം ജീവനോടെ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് അഷറഫ്. എന്നാല്‍ ഒരായുസ്സിന്റെ സ്വപ്നമായിരുന്ന വീടിന്റെ പണി പൂര്‍ത്തിയാക്കി നാല് മാസത്തിനുള്ളില്‍ അത് മണ്ണിനടിയിലായി. 12 വര്‍ഷത്തെ പ്രവാസ ജീവിതത്തിലെ സമ്പാദ്യമാണ് പുത്തലവന്‍ അഷറഫിന് നഷ്ടമായത്.

Advertisment

publive-image

എത്ര ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. എനിക്ക് എന്റെ കുടുംബത്തെ തിരിച്ചുകിട്ടി. അതില്‍ ദൈവത്തോടു നന്ദിപറയുകയാണെന്നാണ് അഷറഫ് പറയുന്നത്. പന്ത്രണ്ട് വര്‍ഷത്തെ പ്രവാസജീവിതത്തില്‍ നിന്ന് സ്വരുകൂട്ടിയ പണം കൊണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് അഷറഫ് സ്വപ്‌ന വീടിന്റെ പണി പൂര്‍ത്തിയാക്കിയത്.

ഓരോ തവണ നാട്ടില്‍ വരുമ്പോഴും ഘട്ടം ഘട്ടമായാണ് വീട് പണിതത്. അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ തന്റെ വീട്ടില്‍ സുഖമായി ഉറങ്ങണം എന്ന സ്വപ്നവും പേറി പണി പൂര്‍ത്തിയാക്കിയാണ് കഴിഞ്ഞ തവണ അഷറഫ് സൗദിക്ക് വിമാനം കയറിയത്.

എന്നാല്‍ പ്രളയത്തില്‍ നിരവധിപ്പേര്‍ മരിച്ചതറിഞ്ഞ് നെഞ്ച് പൊടിഞ്ഞാണ് നാട്ടിലേക്ക് ഓടിയെത്തിയത്. വീട്ടുകാരുമായി ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. അടുത്തുള്ള വീട്ടുകാരേയും നാട്ടുകാരേയും ബന്ധപ്പെടാന്‍ സാധിച്ചില്ല. ഈ സമയം കവളപ്പാറയില്‍ വൈദ്യുതിയും ഫോണ്‍ബന്ധവും വിച്ഛേദിക്കപ്പെട്ടിരുന്നു. ഭാര്യയ്ക്കും മക്കള്‍ക്കും എന്തു സംഭവിച്ചു എന്നറിയാതെ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു അഷറഫ്.

ഏറ്റവും വേഗത്തില്‍ ലഭിച്ച വിമാനടിക്കറ്റ് ബുക്ക് ചെയ്ത് കഴിഞ്ഞ ശനിയാഴ്ച ഇദ്ദേഹം നാട്ടിലെത്തി. വീടിന്റെ സ്ഥാനത്ത് ആറടിയോളം ഉയരമുള്ള മണ്‍കൂന. നാല്‍പ്പത് സെന്റ് സ്ഥലവും ആ വീടുമായിരുന്നു അഷറഫിന്റെ ആകെയുള്ള സമ്പാദ്യം. ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. എന്നാല്‍ ഭാര്യയും മക്കളും ദുരിതാശ്വാസ ക്യാമ്പിലുണ്ടെന്നറിഞ്ഞ അഷറഫിന് ആശ്വാസമായി. ഭാഗ്യം കൊണ്ട് മാത്രമാണ് ഭാര്യയും മൂന്ന് മക്കളെയും തിരിച്ച് കിട്ടിയതെന്നാണ് അഷറഫ് പറയുന്നത്.

മരങ്ങള്‍ വീഴുന്നേ എന്ന അയല്‍വാസിയുടെ നിലവിളി കേട്ടാണ് അഷ്‌റഫിന്റെ ഭാര്യ ജസ്‌ന മക്കളെയും വിളിച്ച് പുറത്തേക്കോടിയത്. അരമണിക്കൂറുകൊണ്ട് വീടിന് മുകളില്‍ മരങ്ങളും മണ്ണും വീണു കഴിഞ്ഞിരുന്നു. ആ നിലവിളി കേട്ടില്ലായിരുന്നെങ്കില്‍ എന്ന കാര്യം ഓര്‍ക്കാന്‍ പോലും ജസ്‌നയ്ക്ക് വയ്യ.

Advertisment