Advertisment

മടങ്ങിവന്ന് കോട്ടയത്ത് സീറ്റ് തരപ്പെടുത്താനുള്ള കെസി ജോസഫിന്‍റെ നീക്കത്തിനെതിരെ കോട്ടയത്തെ കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖം തുറക്കുന്നു. 80 -ലേയ്ക്കു കടക്കുന്ന നേതാക്കള്‍ക്കായി ഉമ്മന്‍ ചാണ്ടിയേപ്പോലുള്ളവര്‍ രംഗത്തുവരരുതെന്നും ആവശ്യം ! പാര്‍ട്ടിക്ക് നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ രംഗത്തിറക്കണമെന്ന് യുവനിരയുടെ സമ്മര്‍ദ്ദം ! 

New Update

publive-image

Advertisment

കോട്ടയം: ഇരിക്കൂര്‍ എംഎല്‍എ കെസി ജോസഫിന്‍റെ മടങ്ങിവരവ് കോട്ടയത്തെ കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖം തുറന്നേക്കും. ഇരിക്കൂറില്‍ വീണ്ടും മത്സരിക്കാനില്ലെന്നും യുവാക്കള്‍ക്കായി വഴി മാറുന്നുവെന്നും പ്രഖ്യാപിച്ച കെസി ജോസഫ് ഇപ്പോള്‍ കോട്ടയത്തെ ഏതെങ്കിലും സീറ്റുകളില്‍ മത്സരിക്കാനായി രംഗത്തുവന്നതോടെ കോട്ടയത്തെ സീറ്റുമോഹികളായ നേതാക്കള്‍ മോഹഭംഗത്തിലായിരിക്കുകയാണ്.

ചങ്ങനാശ്ശേരിയോ ഏറ്റുമാനൂരോ ആണ് നിലവില്‍ കെസി ജോസഫ് മത്സരിക്കാന്‍ ആലോചിക്കുന്നത്. ഏറ്റുമാനൂരില്‍ ലതികാ സുഭാഷ് സീറ്റുറപ്പിച്ചെന്ന നിലയില്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. അതിനാല്‍ ലതികയെ ജയ സാധ്യത പരിമിതമാണെങ്കില്‍ പോലും ഏറ്റുമാനൂരില്‍ മത്സരിപ്പിക്കാന്‍ നേതൃത്വം നിര്‍ബന്ധിതരായേക്കും. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെന്നതും ലതികയ്ക്ക് ഗുണം ചെയ്യും.

ചങ്ങനാശ്ശേരി കേരള കോണ്‍ഗ്രസ് - ജോസഫ് വിഭാഗം പിടിമുറുക്കിയിരിക്കുകയാണ്. ജോസഫ് വിഭാഗത്തിന് അമ്പതില്‍ താഴെ പ്രവര്‍ത്തകരേ ചങ്ങനാശ്ശേരിയില്‍ ഉള്ളൂ എന്നതാണ് കോണ്‍ഗ്രസിന്‍റെ കണ്ടെത്തല്‍. അതിനാല്‍ തന്നെ ജോസഫിന് ഈ സീറ്റ് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസിന് മടിയുണ്ട്.

സിഎഫ് തോമസിന്‍റെ മകള്‍ സിനി തോമസിനെ ഇവിടെ മത്സരിപ്പിക്കാനാണ് ജോസഫ് ആലോചിക്കുന്നത്. എന്നാല്‍ ഈ സീറ്റ് ഏറ്റെടുത്ത് കെസി ജോസഫിനെ ഇവിടെ മത്സരിപ്പിക്കാനാണ് ഉമ്മന്‍ ചാണ്ടിയുടെ നീക്കം. അവസാനം ചേര്‍ന്ന തെര‍ഞ്ഞെടുപ്പ് യോഗത്തില്‍ ഉമ്മന്‍ ചാണ്ടി മുന്‍കൈ എടുത്ത് കെസിയുടെ പേര് ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍ മണ്ഡലങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മാത്രമല്ല, തിരുവല്ല ജോസഫ് വിഭാഗത്തിനു നല്‍കിയാല്‍ തൊട്ടു ചേര്‍ന്ന് കിടക്കുന്ന ചങ്ങനാശ്ശേരിയും കുട്ടനാടും ജോസഫിന് വിട്ടുനല്‍കാനാകില്ല. അടുത്തടുത്ത മൂന്ന് സീറ്റുകള്‍ ആളില്ലാ പാര്‍ട്ടിക്ക് നല്‍കിയാല്‍ അത് കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തും. ഇതൊഴിവാക്കാനാകും ചങ്ങനാശ്ശേരിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ബലം പിടിക്കുക.

അതിനാല്‍ ചങ്ങനാശ്ശേരി, കുട്ടനാട്, തിരുവല്ല സീറ്റുകളില്‍ ഏതെങ്കിലും ഒരെണ്ണം മാത്രമാകും ജോസഫിന് അനുവദിക്കുക.

ചങ്ങനാശ്ശേരിയും ഏറ്റുമാനൂരും കെസി ജോസഫിനെ പരിഗണിക്കാനായില്ലെങ്കില്‍ കുട്ടനാട് സീറ്റ് ജോസഫില്‍ നിന്നും തിരികെ വാങ്ങി ഇവിടെ കെസി ജോസഫിനെ പരിഗണിക്കണമെന്ന നിര്‍ദ്ദേശവും ഉമ്മന്‍ ചാണ്ടി മുന്നോട്ടു വച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഏറ്റവും ജനാഭിപ്രായം കുറഞ്ഞ, ഏറ്റവും മോശം സ്ഥാനാര്‍ഥിയായ കെസി ജോസഫിനുവേണ്ടി യുവത്വത്തെ തഴഞ്ഞ് ഉമ്മന്‍ ചാണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ കോണ്‍ഗ്രസിലും എ ഗ്രൂപ്പിലും കടുത്ത വിയോജിപ്പുണ്ട്.

മികച്ച സ്ഥാനാര്‍ഥികളില്ലെങ്കില്‍ വിജയം ശ്രമകരമായിരിക്കുമെന്ന മുന്നറിയിപ്പുകള്‍ക്കിടയിലും 38 വര്‍ഷം എംഎല്‍എ ആയി മന്ത്രിയായ 80 -നടുത്തെത്തിയ കെസിക്കുവേണ്ടി എന്തിനാണ് നേതാക്കള്‍ വാശി പിടിക്കുന്നതെന്ന വിമര്‍ശനവും ശക്തമാണ്.

ഡോ. അജിസ് ബെന്‍ മാത്യുവിനെപ്പോലെയും ചിഞ്ചു കുര്യന്‍ ജോയിയേപ്പോലെയും ജോസി സെബാസ്റ്റ്യനേപ്പോലെയുമുള്ള നേതാക്കള്‍ ചങ്ങനാശ്ശേരിയില്‍ അവസരം കാത്തിരിക്കുന്നവരാണ്.

 

kottayam news oommen chandy kc joseph
Advertisment