Advertisment

ആന ചരിഞ്ഞ സംഭവം: നുണ പ്രചരണം നടത്തി വർഗ്ഗീയ മുതലെടുപ്പിന് ശ്രമിക്കുന്ന ബി ജെപി കള്ളപ്രചരണം നിർത്തി പൊതുസമൂഹത്തോടു മാപ്പു പറയണമെന്ന് കെ.സി. വേണുഗോപാൽ

New Update

publive-image

Advertisment

പാലക്കാട്‌: മണ്ണാർക്കാട് ഗർഭിണിയായ ആന സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിൾ കടിച്ചു ചരിഞ്ഞ സംഭവം മലപ്പുറത്താണുണ്ടായതെന്ന തരത്തിൽ വർഗീയ - വിഭാഗീയ കുപ്രചരണങ്ങൾ നടത്തി വർഗീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് ദുഷ്ടലാക്കോടെയാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.

മനേകാ ഗാന്ധിയും, പ്രകാശ് ജാവദേക്കറും ഈ കുപ്രചാരണത്തെ ഏറ്റെടുത്തുവെന്നു മാത്രമല്ല പരസ്യമായ പിന്തുണയും നൽകിയിരിക്കുകയാണ്. നിരന്തരമായി മലപ്പുറത്തെ ചേർത്തുനിറുത്തി ബിജെപി നേതാക്കളും അണികളും നടത്തുന്ന വർഗീയ അസത്യ പ്രചരണം കേരളത്തിന്റെ സാമൂഹിക സൗഹാർദ സമീപനത്തോടുള്ള വെല്ലുവിളിയാണ്.

ഇത്തരം വിലകുറഞ്ഞ അഭിപ്രായങ്ങൾ പിൻവലിച്ചു കേരളസമൂഹത്തോടു മാപ്പു പറയാൻ മനേക ഗാന്ധിയും, പ്രകാശ് ജാവഡേക്കറും അടങ്ങുന്ന ബി ജെപി നേതൃത്വവും, അണികളും തയ്യാറാവണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു. ഈ സംഭവുമായോ, സംഭവം നടന്ന പ്രദേശമായോ യാതൊരു ബന്ധവുമില്ലാത്ത രാഹുൽ ഗാന്ധിയുടെ പേരുപോലും ദുഷ്ടലാക്കോടെ ഈ നിർഭാഗ്യകരമായ സംഭവത്തിലേക്ക് വലിച്ചിഴക്കുന്നവരുടെ ഉദ്ദേശം വന്യജീവി സ്നേഹമോ, ഈ സംഭവത്തോടുള്ള ആത്മാർത്ഥമായ പ്രതികരണമോ അല്ലെന്നും മറിച്ച് ഗൂഢ ലക്ഷ്യത്തോടെയാണെന്നും വേണുഗോപാൽ പറഞ്ഞു.

സമാനതകളില്ലാത്ത ക്രൂരതക്കാണ് പിടിയാന ഇരയായത്. ഈ ദാരുണമായ സംഭവത്തെപ്പോലും വികൃതമായ വർഗീയ പ്രചാരണങ്ങൾക്കും, കുപ്രചാരണങ്ങൾക്കും ഉപയോഗിക്കുന്നവർ അതിലും വലിയ നെറികേടാണ് ചെയ്യുന്നത്. വന്യമൃഗങ്ങളോടുള്ള ക്രൂരത ഏതു വിധേനയും തടയേണ്ടതാണെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായവുമില്ല.

എന്നാൽ പാലക്കാട് ജില്ലയിൽ ഉൾപ്പെടുന്ന മണ്ണാർക്കാട് ഫോറസ്ററ് ഡിവിഷനിൽ നടന്ന ഈ സംഭവത്തെ മലപ്പുറം ജില്ലയിലാണ് നടന്നതെന്നും, രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലാണ് ഈ സംഭവം നടന്നതെന്ന നുണ ഇത്രയും പരസ്യമായി വിളിച്ചു പറഞ്ഞു, വർഗീയകുപ്രചരണങ്ങൾക്ക് നേതൃത്വം കൊടുക്കുകയാണ് കേന്ദ്ര മന്ത്രിമാരും, അവരുടെ അനുയായികളും ചെയ്യുന്നത്.

കൊടും ക്രൂരതക്കിരയായ മിണ്ടാപ്രാണിയുടെ പേരിൽ മുതലക്കണ്ണീരൊഴുക്കി തങ്ങളുടെ വിദ്വേഷവും, വർഗീയ പ്രചരണവും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്നവരുടെ ഹീനമായ ലക്ഷ്യം സമൂഹം തിരിച്ചറിയണം.. പച്ചക്കള്ളവും, കുപ്രചരണവും അഴിച്ചുവിട്ടു ഈ ദാരുണ സംഭവം വഴിതിരിച്ചു വിടാനാണ് ഒരു വിഭാഗം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഒരു തരത്തിലും അംഗീകരിക്കാനാവാത്ത നെറികെട്ട വർഗീയത മാത്രമാണ് ഇതിനു പിന്നിലെന്നും വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു.

Advertisment