Advertisment

കേളി മെയ്ദിനാചരണം സംഘടിപ്പിച്ചു

author-image
admin
New Update

publive-image

Advertisment

റിയാദ്: സാര്‍വ്വദേശീയ തൊഴിലാളി ദിനത്തിന്‍റെ സ്മരണ പുതുക്കി റിയാദില്‍ കേളി സമുചിതമായി മെയ്ദിനാചരണം സംഘടിപ്പിച്ചു.

മെയ്ദിനാചരണത്തിന്‍റെ ഭാഗമായി ഓണ്‍ലൈനില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ കേളി രക്ഷാധികാരി കെപിഎം സാദിഖ് അധ്യക്ഷനായി. രക്ഷാധികാരി സമിതി അംഗം സതീഷ്കുമാര്‍ മെയ്ദിന സന്ദേശം നല്‍കി.

ചിക്കാഗോയില്‍ രക്തം ചിന്തിയവരുടേയും ലോകത്താകമാനം തൊഴിലാളിവര്‍ഗത്തിന്‍റെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പോരാടി വീരമൃത്യുവരിച്ച തൊഴിലാളികളുടേയും വീരസ്മരണക്കു മുന്‍പില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായും മെയ്ദിന സന്ദേശത്തില്‍ പറഞ്ഞു.

ലോകം കണ്ട വന്‍ ദുരന്തങ്ങളിലൊന്നായ കോവിഡ്-19 കൊറോണ വൈറസിനെ നേരിടാന്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകരോടും തൊഴിലാളികളോടുമുള്ള നന്ദിയും ഐക്യദാര്‍ഡ്യവും, ഈ മഹാവ്യാധിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ പേരില്‍ അനുശോചനവും യോഗം രേഖപ്പെടുത്തി.

രക്ഷാധികാരി സമിതി അംഗം ടി.ആര്‍.സുബ്രഹ്മണ്യന്‍ മുഖ്യ പ്രഭാഷണം നടത്തി. മാറിയ കാലത്തിന്‍റെ വെല്ലുവിളികള്‍ ഏറ്റെടുത്ത് തൊഴില്‍ മേഖലയിലെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തൊഴിലാളികള്‍ കൂടുതല്‍ സംഘടിത ശക്തിയാര്‍ജ്ജിക്കേണ്ടതുണ്ട്.

ഇന്ത്യയില്‍ പുതിയ തൊഴില്‍ ഭേദഗതി നിയമത്തിലൂടെ കോര്‍പ്പറേറ്റ് മൂലധനത്തിന്‍റെ അശ്വമേധത്തിനുള്ള പുതിയ രാജപാതകള്‍ വെട്ടിത്തുറക്കുകയാണെന്നും, തൊഴിലാളികൾ ഐതിഹാസികമായ പ്രക്ഷോഭങ്ങൾ നടത്തി നേടിയ അവകാശങ്ങൾ സംരക്ഷിക്കാൻ നാം ശക്തമായി മുന്നോട്ട് വരണമെന്നും, ടി.ആര്‍.സുബ്രഹ്മണ്യന്‍ ആഹ്വാനം ചെയ്തു.

കേളി സൈബർ വിംഗ് കൺവീനർ സിജിൻ കൂവള്ളൂർ തയ്യാറാക്കിയ മെയ്ദിന വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. കേളി ജോ: സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും കുടുംബവേദി സെക്രട്ടറി സീബാ കൂവോട് നന്ദിയും പറഞ്ഞു.

riyadh news
Advertisment