ബ്ലാസ്‌റ്റേഴ്‌സ്‌ രണ്ട് ഗോള്‍ ലീഡെടുത്ത ശേഷം ബെംഗളൂരുവിനോട് സമനില

സ്പോര്‍ട്സ് ഡസ്ക്
Wednesday, February 6, 2019

ബെംഗളൂരു: ഐ.എസ്.എല്ലില്‍ ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷം ബെംഗളൂരു എഫ്.സിയോട് സമനില വഴങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ബെംഗളൂരുവിനെതിരേ ബ്ലാസ്‌റ്റേഴ്‌സ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ മത്സരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ബ്ലാസ്‌റ്റേഴ്‌സിനെ കളത്തില്‍ കണ്ടു. എന്നാല്‍ ഒടുവില്‍ സമനില വഴങ്ങി വിലപ്പെട്ട പോയിന്റ് ബ്ലാസ്‌റ്റേഴ്സ് കളഞ്ഞുകുളിച്ചു.

16-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തത്. വലതു വിങ്ങില്‍ നിന്ന് മുഹമ്മദ് റാക്കിപ് നല്‍കിയ ക്രോസ് ഒഴിവാക്കാനുള്ള കീന്‍ ലൂയിസിന്റെ ശ്രമമാണ് പെനാല്‍റ്റിയില്‍ കലാശിച്ചത്. ബോക്‌സിനുള്ളില്‍ പന്ത് അടിച്ചകറ്റാനുള്ള ശ്രമത്തില്‍ ഹാന്‍ഡ് ബോള്‍ ആയതോടെ റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത സ്റ്റോയനോവിച്ചിന് ലക്ഷ്യം തെറ്റിയില്ല. ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍.

40-ാം മിനിറ്റില്‍ കറേജ് പെക്കൂസണിലൂടെ സന്ദര്‍ശകര്‍ രണ്ടാം ഗോളും നേടി. പന്തുമായി വലതു വിങ്ങിലൂടെ കുതിച്ചുകയറിയ ഡുംഗല്‍ നല്‍കിയ പാസ് പിടിച്ചെടുത്ത് പെക്കൂസന്‍ തൊടുത്ത ഷോട്ട് ബെംഗളൂരു ഗോളിക്ക് അവസരം നല്‍കാതെ വലയിലെത്തി. ബ്ലാസ്‌റ്റേഴ്‌സ് രണ്ട് ഗോളിന് മുന്നില്‍. രണ്ടാം പകുതിയില്‍ ആക്രമിച്ച് കളിച്ച ബെംഗളൂരു ഏതുനിമിഷവും ഗോളടിക്കുമെന്ന പ്രതീതിയായിരുന്നു. 54-ാം മിനിറ്റില്‍ ബെംഗളൂരുവിന്റെ ഗോളെന്നുറപ്പിച്ച ഷോട്ട് ഗോള്‍ കീപ്പര്‍ ധീരജ് സിങ് തകര്‍പ്പന്‍ സേവിലൂടെ രക്ഷപ്പെടുത്തി. ആക്രമിച്ചുകളിച്ചതിന്റെ ഫലമായി 69-ാം മിനിറ്റില്‍ ബെംഗളൂരുവിന്റെ അവസരമെത്തി. തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഉദാന്ത സിങ് കേരളത്തിന്റെ വലചലിപ്പിച്ചു.

79-ാം മിനിറ്റില്‍ പ്രത്യാക്രമണത്തിലൂടെ ബെംഗളൂരു ഗോള്‍മുഖത്തേക്ക് ഇരച്ചെത്തിയ ബ്ലാസ്റ്റേഴ്സ് ഗോളിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സ്റ്റൊയ്നോവിക്കിന്റെ വെടിയുണ്ട ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. 85-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയിലൂടെ ബെംഗളൂരു സമനിലഗോള്‍ നേടി. 14 മത്സരങ്ങളില്‍ 31 പോയിന്റുമായി ബെംഗളൂരു ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 15 മത്സരങ്ങളില്‍ 11 പോയിന്റ് മാത്രമുള്ള ബ്ലാസ്‌റ്റേഴ്‌സിന് പിന്നില്‍ ആകെയുള്ളത് ചെന്നൈയിന്‍ എഫ്.സി മാത്രമാണ്. ലീഗില്‍ ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

×