Advertisment

പി കെ ഫിറോസും കെ ബാബുവും കെ മോഹന്‍കുമാറും സൗമിനി ജെയ്നും നിഷ ജോസ് കെ മാണിയും പരിഗണനാ ലിസ്റ്റില്‍. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം 6 നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും ആവര്‍ത്തിക്കേണ്ടത് യുഡിഎഫിന്റെ വെല്ലുവിളി. 5 സിറ്റിംഗ് സീറ്റുകളും നിലനിര്‍ത്താന്‍ പോരാളികളായ സ്ഥാനാര്‍ഥികളെ തേടി യുഡിഎഫ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  നാല് മാസങ്ങള്‍ക്കകം നടക്കേണ്ട സംസ്ഥാനത്തെ 6 നിയോജകമണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് യു ഡി എഫില്‍ ചര്‍ച്ചകള്‍ സജീവമായി.  ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 ല്‍ 19 ഉം നേടിയ വിജയം ഉപതെരഞ്ഞെടുപ്പിലും യു ഡി എഫിന് ആവര്‍ത്തിക്കാനാകുമോ എന്ന വിലയിരുത്തല്‍ കൂടിയാകും ഈ തെരഞ്ഞെടുപ്പ്.

Advertisment

publive-image

6 ല്‍ 5 ഉം യു ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളുമാണ്. ആലപ്പുഴ ലോക്സഭാ സീറ്റില്‍ വിജയിച്ച സി പി എം നേതാവ് എ എം ആരിഫ് രാജിവച്ച അരൂര്‍ സീറ്റ് മാത്രമാണ് ഇടതുപക്ഷത്തിനുള്ളത്.  പാലായിലും മഞ്ചേശ്വരത്തും എം എല്‍ എമാര്‍ മരണപ്പെട്ട സാഹചര്യത്തിലും മറ്റിടങ്ങളില്‍ എം എല്‍ എമാര്‍ ലോക്സഭയിലേക്ക് വിജയിച്ച സാഹചര്യത്തിലുമാണ് ഉപതെരഞ്ഞെടുപ്പ്.

ഇതില്‍ 6 ല്‍ 2 എണ്ണം ഘടകകക്ഷികളുടെ മണ്ഡലങ്ങളാണ്. മഞ്ചേശ്വരത്തും മുസ്ലീം ലീഗും പാലായില്‍ കേരളാ കോണ്‍ഗ്രസും മത്സരിക്കും. ബാക്കിയുള്ള നാല് കോണ്‍ഗ്രസ് മണ്ഡലങ്ങളില്‍ മൂന്നും ഐ ഗ്രൂപ്പിന്റെതും ഒന്ന് എ ഗ്രൂപ്പിന്റെതുമാണ്. കഴിഞ്ഞ തവണ മുന്‍ ഡി സി സി അധ്യക്ഷന്‍ സി ആര്‍ ജയപ്രകാശ് മത്സരിച്ച അരൂര്‍ മാത്രമാണ് എ ഗ്രൂപ്പിന്റെ സീറ്റ്.

publive-image

വട്ടിയൂര്‍ക്കാവില്‍ തീപാറും !

ഇതില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം പ്രതീക്ഷിക്കുന്നത് ബി ജെ പിയുടെ കൂടി സ്വാധീനമേഖലയായ വട്ടിയൂര്‍ക്കാവാണ്. കെ മുരളീധരന്‍ പാര്‍ലമെന്റിലേക്ക് പോയ സാഹചര്യത്തിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പെന്നതിനാല്‍ ഇവിടെ മുരളീധരന്റെ താല്പര്യത്തിനാകും മുന്‍ഗണന.

മുന്‍ എം എല്‍ എമാരായ കെ മോഹന്‍കുമാര്‍, തമ്പാനൂര്‍ രവി എന്നിവരാണ് തിരുവനന്തപുരത്ത് സീറ്റിനായി രംഗത്തുള്ളത്. ബി ജെ പി ഇവിടെ അവരുടെ ഏറ്റവും ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ മത്സരിപ്പിക്കാനാണ് ആലോചന. കുമ്മനം രാജശേഖരനെ തന്നെ പരിഗണിക്കാനും സാധ്യതയുണ്ട്. കെ സുരേന്ദ്രന്റെ പേരും പരിഗണനയിലാണ്. ഇടത് പക്ഷവും ഇവിടെ പ്രമുഖനായ സ്ഥാനാര്‍ഥിയെ തന്നെ പരിഗണിക്കും.

publive-image

കോന്നിയില്‍ തമ്മിലടി തുടങ്ങി !

അടൂര്‍ പ്രകാശ് ലോക്സഭാംഗമായി പോയ ഒഴിവില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന കോന്നിയാണ് കോണ്‍ഗ്രസിന്റെ ശ്രദ്ധാ കേന്ദ്രമായ മറ്റൊരു മണ്ഡലം. ഇവിടെ അടൂര്‍ പ്രകാശിന്റെ നോമിനി പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്ററാണ്. മന്ത്രിയായിരുന്ന കാലം മുതല്‍ അടൂര്‍ പ്രകാശിന്റെ അടുപ്പക്കാരനായി അറിയപ്പെടുന്നയാളാണ് റോബിന്‍ പീറ്റര്‍.

അടൂര്‍ പ്രകാശ് ആരോപണ വിധേയനായ ചില അഴിമതി ആരോപണങ്ങളില്‍ റോബിന്‍ പീറ്ററിന്റെ പേരും ഉയര്‍ന്നുവന്നിട്ടുണ്ട്. അതിനാല്‍ തന്നെ റോബിന്‍ പീറ്ററിന്റെ സ്ഥാനാര്‍ഥിത്വത്തോട് എ, ഐ ഗ്രൂപ്പുകള്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളത്.

മാത്രമല്ല, ഈഴവ സമുദായത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ ഈഴവ സ്ഥാനാര്‍ഥി എന്ന വാദത്തില്‍ യു ഡി എഫ് ഉറച്ചുനിന്നാല്‍ പഴകുളം മധുവിനാണ് സാധ്യത. ഇവിടെ അടൂര്‍ പ്രകാശിന്റെ ബന്ധുകൂടിയായ എലിസബത്ത് അച്ചുവിന്റെ പേരും പരിഗണനയില്‍ സജീവമാണ്.

തെരഞ്ഞെടുപ്പിനെ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മണ്ഡലത്തിന്റെ ചുമതലയുള്ള വി പി സജീന്ദ്രന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ഇന്ന് കോന്നിയില്‍ യു ഡി എഫ് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ നടക്കുകയാണ്.

publive-image

എറണാകുളത്ത് മേയര്‍ സ്ഥാനാര്‍ഥിയാകുമോ ?

എറണാകുളത്ത് പരിഗണിക്കുന്ന പ്രധാന പേരുകളില്‍ മേയര്‍ സൗമിനി ജെയ്നിന്റെയും ഡി സി സി അധ്യക്ഷന്‍ ടി ജെ വിനോദിന്റെയുമാണ്‌. കെ വി തോമസിന് എറണാകുളത്ത് മത്സരിക്കാന്‍ ഏറെ ആഗ്രഹമുണ്ടെങ്കിലും ജനവികാരം അദ്ദേഹത്തിനെതിരാണ്. അതവഗണിച്ച് കെ വി തോമസിനെ എറണാകുളത്ത് മത്സരിപ്പിച്ചാല്‍ അത് മറ്റ്‌ മണ്ഡലങ്ങളിലും ചിലപ്പോള്‍ പ്രതികൂലമായി ബാധിക്കാം.

ഇടതുപക്ഷം ഇവിടെ മുന്‍ എംപി പി രാജീവിനെ തന്നെ പരിഗണിക്കാന്‍ ആലോചിക്കുന്നുണ്ട്.

publive-image

അരൂരില്‍ പോരാട്ടം തിരിച്ചുപിടിയ്ക്കാന്‍

ഈഴവ പ്രാതിനിധ്യം കൂടുതലുള്ള അരൂര്‍ കുറേക്കാലമായി സി പി എം കോട്ടയാണ്. അത് തകര്‍ക്കുകയെന്നതാണ് കോണ്‍ഗ്രസ് ലക്‌ഷ്യം. പാലക്കാട്ടും ആലത്തൂരും കാസര്‍കോടും ആറ്റിങ്ങലും സി പി എം കോട്ടകള്‍ തകര്‍ത്തെറിഞ്ഞ കോണ്‍ഗ്രസിന് അതിന് കഴിയുമോ എന്നത് ഇത്തവണ അറിയാം. അങ്ങനെയെങ്കില്‍ ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ പരിഗണിക്കാനാകും ആലോചന. മുതിര്‍ന്ന നേതാവ് കെ ബാബുവിന്റെ പേരിനാണ് ഇവിടെ മുന്‍തൂക്കം.

publive-image

പാലായിലും മഞ്ചേശ്വരത്തും പുതുമുഖങ്ങള്‍ !

പാലായില്‍ കെ എം മാണിയ്ക്ക് പകരക്കാരനായി ആര് വരുമെന്നതാകും ഇത്തവണ കേരളം ഉറ്റുനോക്കുന്നത്. മക്കള്‍ ജോസ് കെ മാണി രാജ്യസഭാംഗമാണെന്നതിനാല്‍ അദ്ദേഹം മത്സര രംഗത്തിറങ്ങാനിടയില്ല. എന്നാല്‍ കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അട്ടിമറികളുണ്ടായാല്‍ പാലായില്‍ എന്തും സംഭവിക്കാം.

നിലവിലെ സ്ഥിതിയില്‍ കെ എം മാണിയുടെ മരുമകള്‍ നിഷ ജോസ് കെ മാണിയുടെ പേര് സജീവമാണെങ്കിലും എതിര്‍പ്പുകള്‍ ഏറെയാണ്‌. മാത്രമല്ല, കുടുംബ രാഷ്ട്രീയമായി അത് ചിത്രീകരിക്കപ്പെടുകയും ചെയ്യും. നിലവില്‍ പിളര്‍ന്നു നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഇത് കൂടുതല്‍ ദുര്‍ബലമാക്കുകയും ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്. മറ്റൊരു പ്രബല സ്ഥാനാര്‍ഥി പരിഗണനയിലില്ലെന്നതും മറ്റൊരു ന്യൂനതയാണ്.

അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് മത്സരിക്കാന്‍ കഴിയുംവിധം ഒരു പകരക്കാരനെയാണ് ഇവിടെ കേരളാ കോണ്‍ഗ്രസ് പരിഗണിക്കുക. അതാരെന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

publive-image

താരമാകുമോ പി കെ ഫിറോസ്‌ ?

മഞ്ചേശ്വരത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ പരിഗണിക്കണമെന്ന അഭിപ്രായം ലീഗില്‍ ശക്തമാണ്. ലീഗിലെ പുതിയ നേതാക്കളില്‍ ഏറ്റവും ശക്തനാണ് ഫിറോസ്‌. അഴിമതി കേസില്‍ കെ ടി ജലീലിനെ വെല്ലുവിളിച്ച് ശ്രദ്ധേയനായ പി കെ ഫിറോസിനെ നിയമസഭയിലെത്തിച്ചാല്‍ അത് പ്രതിപക്ഷ പോരാട്ടത്തെ ശക്തിപ്പെടുത്തുമെന്ന വികാരം ശക്തമാണ്. കാസര്‍കോട് ലീഗിന്റെ മുന്നേറ്റത്തിനും ഇത് ഗുണം ചെയ്യുമെന്ന് കരുതുന്നു.

 

aroor by ele ernakulam by ele kerala by ele vattiyurkavu by ele
Advertisment