Advertisment

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍; കേരളത്തിലെ 53.08 ശതമാനം ആളുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രകടനത്തില്‍ വളരെയധികം സംതൃപ്തര്‍; 72.92 ശതമാനത്തിനും സര്‍ക്കാരില്‍ സംതൃപ്തി; തമിഴ്‌നാട്ടില്‍ എടപ്പാടി പളനിസ്വാമിയുടെ പ്രകടനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചത് 16.44 ശതമാനം മാത്രം; ഐഎഎന്‍എസ്-സിവോട്ടര്‍ സര്‍വേ ഇങ്ങനെ

New Update

publive-image

Advertisment

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഐഎഎന്‍എസ്-സീവോട്ടര്‍ സര്‍വേ റിപ്പോര്‍ട്ട്. കേരളം, അസം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് സര്‍വേ നടത്തിയത്.

കേരളത്തിലെ 53.08 ശതമാനം ആളുകളും മുഖ്യമന്ത്രിയുടെ പ്രകടനത്തില്‍ വളരെയധികം സംതൃപ്തരാണ്. 72.92 ശതമാനം പേരും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തരാണ്.

കേരളത്തില്‍ 45.35 ശതമാനം പേര്‍ സര്‍ക്കാരിന്റെ പ്രകടനത്തില്‍ വളരെയധികം സംതൃപ്തരാണ്. 42.87 ശതമാനം പേര്‍ ഒരു പരിധിവരെ തൃപ്തരാണ്. 11.7 ശതമാനം ആളുകള്‍ സംതൃപ്തരല്ല.

അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാലിന്റെ പ്രകടനത്തില്‍ അവിടുത്തെ 45.84 ശതമാനം പേര്‍ വളരെയധികം സംതൃപ്തി പ്രകടിപ്പിച്ചു. അസമില്‍ 41.87 ശതമാനം പേര്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ വളരെയധികം സംതൃപ്തരാണ്, 29.3 ശതമാനം പേര്‍ ഒരു പരിധിവരെ സംതൃപ്തരാണ്, 12.39 ശതമാനം പേര്‍ തൃപ്തരല്ല. മൊത്തം 58.78 ശതമാനം ആളുകള്‍ അസം സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തരാണ്.

ബംഗാളില്‍ മമതാ ബാനര്‍ജിയുടെ പ്രകടനത്തില്‍ 44.82 ശതമാനം പേരും വളരെയധികം സംതൃപ്തി പ്രകടിപ്പിക്കുന്നതായി സര്‍വേ പറയുന്നു. പശ്ചിമ ബംഗാളില്‍ 57.5 ശതമാനം പേര്‍ക്ക് അവരുടെ സര്‍ക്കാരില്‍ പ്രീതിയുണ്ട്.

പശ്ചിമ ബംഗാളില്‍ 36.95 ശതമാനം ആളുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനത്തില്‍ വളരെയധികം സംതൃപ്തരാണ്, 33.65 ശതമാനം പേര്‍ ഒരു പരിധിവരെ സംതൃപ്തരാണ്, 25.71 ശതമാനം പേര്‍ തൃപ്തരല്ല.

എന്നാല്‍, തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രകടനത്തില്‍ 16.55 ശതമാനവും പുതുച്ചേരിയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിട്ട് രാജിവച്ച വി.നാരാണസാമിയുടെ പ്രകടനത്തില്‍ 17.48 ശതമാനം പേരും മാത്രമേ വളരെധികം സംതൃപ്തി പ്രകടിപ്പിച്ചിട്ടുള്ളൂ.

വെറും 7.21 ശതമാനം ആളുകള്‍ക്ക് മാത്രമാണ് തമിഴ്നാട് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ വളരെയധികം സംതൃപ്തരായിട്ടുള്ളൂ, 43.24 ശതമാനം പേര്‍ ഒരു പരിധിവരെ സംതൃപ്തരാണ്, 31.47 ശതമാനം പേര്‍ തൃപ്തരല്ല. പുതുച്ചേരിയില്‍ 41.09 ശതമാനം ആളുകള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തരല്ല, 18.23 ശതമാനം പേര്‍ വളരെയധികം സംതൃപ്തരാണ്, 13.67 ശതമാനം പേര്‍ ഒരു പരിധിവരെ സംതൃപ്തരാണ്.

Advertisment