Advertisment

കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിന്റെ വക്കില്‍ ? ലോക്സഭാ സീറ്റിനെചൊല്ലി പിരിയാനൊരുങ്ങി പിജെ ജോസഫ് ! അനുനയത്തിനില്ലെന്ന നിലപാടിലുറച്ച് മാണിയും ? തന്ത്രങ്ങളൊരുക്കി ജോസഫിന് പിന്തുണയുമായി പിസി ജോര്‍ജും. ഇടതുമുന്നണിയിലേയ്ക്കെന്നു സൂചന !

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം : ലോക്സഭാ സീറ്റിനെചൊല്ലി കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായി. ലയനത്തിന്റെ ഗുണം തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് ലഭിച്ചില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ.ജോസഫ് ഇന്ന്‍ തുറന്നടിച്ചത് മറ്റു പല രാഷ്ട്രീയ നീക്കങ്ങളും മുന്നില്‍കണ്ടാണെന്ന സംശയം ശക്തമായി.

രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ പാര്‍ട്ടിക്ക് രണ്ട് സീറ്റ് കിട്ടണമെന്ന നിലപാടില്‍ മാറ്റിമില്ലെന്ന നിലപാട് ആവര്‍ത്തിക്കാനാണ് ജോസഫിന്‍റെ നീക്കം. പക്ഷേ കോണ്‍ഗ്രസുമായി കൊമ്പുകോര്‍ക്കുന്ന ഒരു നിലപാടും പാടില്ലെന്ന നിലപാടിലാണ് കെ എം മാണിയും കൂട്ടരും. അതിനാല്‍ ജോസഫിന്‍റെ ഈ നീക്കങ്ങള്‍ക്ക്‌ മാണി വിഭാഗത്തിന്‍റെ പിന്തുണയില്ലെന്നുറപ്പാണ്.

അതേസമയം ജോസഫിന്‍റെ പുതിയ നീക്കങ്ങള്‍ക്ക്‌ പിന്നില്‍ പി സി ജോര്‍ജിന്‍റെ പിന്തുണ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. മാണിയുമായി തെറ്റി ജോര്‍ജുമായി ചേര്‍ന്ന് ഇടതുമുന്നണിയില്‍ പ്രവേശിക്കുന്നത് ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ നടക്കുന്നതായ അഭ്യൂഹങ്ങള്‍ ശക്തമാണ്. ജോസഫ് ഗ്രൂപ്പിലെ പഴയ അനുയായികളായ ഫ്രാന്‍സീസ് ജോര്‍ജ്ജും കൂട്ടരും ഇടതുമുന്നണിയുടെ ഭാഗമാണ്.

publive-image

ഇവരുമായി സഹകരിച്ചോ വേറെ പാര്‍ട്ടിയായോ ഇടതുമുന്നണിയില്‍ നില്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജോസഫ് ഗ്രൂപ്പില്‍ ഒരു ഭാഗം. മാണി ഗ്രൂപ്പിലെ മുന്‍പ് തോറ്റുപോയി സ്ഥാനങ്ങള്‍ കിട്ടാതെ അസംതൃപ്തരായി നില്‍ക്കുന്ന ഏതാനും പേരുടെ പിന്തുണയും ഈ നീക്കത്തിന് പിന്നിലുണ്ട്.

മാണി ഗ്രൂപ്പ് പിളര്‍ന്ന് വേറെ പാര്‍ട്ടിയായി യു ഡി എഫില്‍ തുടരുന്നതിനുള്ള സാധ്യത പി ജെ ജോസഫ് മുന്‍പ് ആരാഞ്ഞിരുന്നു. ഈ ആവശ്യവുമായി എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ്‌ ചെന്നിത്തല, പികെ കുഞ്ഞാലികുട്ടി തുടങ്ങിയ നേതാക്കളെ കഴിഞ്ഞ മാസം ജോസഫ് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തിന് പിന്തുണ നല്‍കാനാകില്ലെന്ന നിലപാടായിരുന്നു നേതാക്കള്‍ ഒന്നടങ്കം സ്വീകരിച്ചത്.

ഇതോടെയാണ് പിജെ ജോസഫ് മറ്റു മാര്‍ഗങ്ങള്‍ തേടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടുക്കി സീറ്റ് കിട്ടിയാല്‍ അവിടെ മത്സരിച്ച് യുപിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ മന്ത്രിയാകുകയെന്നതാണ് ജോസഫിന്‍റെ ഒരു ലക്‌ഷ്യം. അത് സാധ്യമായില്ലെങ്കില്‍ തൊടുപുഴയില്‍ നിന്നും രാജിവച്ചു ഉപതെരെഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി ഇടതുമുന്നണിയില്‍ വീണ്ടും മന്ത്രിയാകാമെന്ന മറ്റൊരു നീക്കവും പരിഗണനയില്‍ ഉണ്ടെന്നു റിപ്പോര്‍ട്ടുകളുണ്ട്.

എന്തായാലും മാണിയുമായി സഹകരിച്ചു പിജെ ജോസഫ് ഇനി മുന്നോട്ടുപോകാനുള്ള സാധ്യത വിരളമാണ്. പിജെ ജോസഫിനെ ഇനിയും അനുനയിപ്പിച്ച് പാര്‍ട്ടിയില്‍ നിര്‍ത്താനുള്ള നീക്കം മാണിയുടെ ഭാഗത്തുനിന്നും ഉണ്ടാകാനും സാധ്യതയില്ല.

publive-image

ജോസഫ് പോകുന്നെങ്കില്‍ പോകട്ടെ എന്ന നിലപാടാണ് മാണിക്ക്. ലയന സമയത്ത് ജോസഫിനൊപ്പം മാണി ഗ്രൂപ്പില്‍ ലയിച്ച ജോസഫ് ഗ്രൂപ്പിലെ മുക്കാല്‍ ഭാഗം പേരും ഫ്രാന്‍സീസ് ജോര്‍ജിനൊപ്പം പോയി എന്നാണ് മാണി വിഭാഗം പറയുന്നത്. അവശേഷിക്കുന്നത് ജോസഫും മോന്‍സ് ജോസഫും മാത്രമാണ്. മോന്‍സ് ഇത്തരം നീക്കങ്ങള്‍ക്ക്‌ പിന്തുണ നല്‍കില്ലെന്നാണ് മാണിയുടെ വിലയിരുത്തല്‍. അതിനാല്‍ ജോസഫിന്‍റെ നിലവിലെ നീക്കങ്ങള്‍ക്ക്‌ മാണി ഗ്രൂപ്പ് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നില്ല.

പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയാണ് ജോസ് കെ.മാണിയുടെ കേരള യാത്രയെന്നാണ് ജോസഫ് തുറന്നടിച്ചത് .  അതേസമയം ജോസഫ് കൂടി പങ്കെടുത്ത ചരല്‍ക്കുന്ന് ക്യാമ്പിലാണ് ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേരളയാത്ര നടത്താന്‍ തീരുമാനിച്ചത്. അന്ന് എതിര്‍ക്കാതെ യാത്രയ്ക്ക് കൊടിയും കൈമാറി വന്ന ശേഷം ജോസഫ് വിരുദ്ധാഭിപ്രായം പറയുന്നത് മറ്റു ലക്ഷ്യങ്ങള്‍ വച്ചാണെന്ന് മാണി കരുതുന്നു .

publive-image

കേരള കോണ്‍ഗ്രസുകള്‍ ലയിച്ചിട്ടും അര്‍ഹമായ പ്രാതിനിധ്യം കിട്ടിയിട്ടില്ലെന്ന ജോസഫിന്‍റെ പരാതിയും മാണി വിഭാഗം തള്ളുന്നു. ലയന സമയത്ത് ജോസഫിനുണ്ടായിരുന്നത് 3 എം എല്‍ എ മാരാണ് . മാണിക്ക് ഒരു രാജ്യസഭാംഗവും ഒരു ലോക്സഭാംഗവും ഉണ്ടായിരുന്നു. അത് മാത്രമാണ് ഇപ്പോഴും മാണിക്ക് പക്കലുള്ളത്‌ . ജോസഫിന് എംപിമാര്‍ ഇല്ലായിരുന്നു. 3 എം എല്‍ എ മാര്‍ ഉണ്ടായിരുന്ന ജോസഫിന് നിയമസഭയില്‍ മാണി 4 സീറ്റും നല്‍കിയിരുന്നു.

publive-image

അതിനാല്‍ ലയനത്തിന്റെ ഫലം കിട്ടിയില്ലെന്ന പിജെ ജോസഫിന്‍റെ പരാതി ശരിയല്ലെന്ന് മാണി പറയുന്നു. മാത്രമല്ല പഴയ ജോസഫ് ഗ്രൂപ്പുകാര്‍ മുക്കാല്‍ ഭാഗവും ഇപ്പോള്‍ ഫ്രാന്‍സീസ് ജോര്‍ജിന്‍റെ പാര്‍ട്ടിയില്‍ ആയതിനാല്‍ അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ ആ നാല് സീറ്റുകള്‍ ഇനി ജോസഫിന് നല്‍കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടും അവര്‍ പറയുന്നു . ഈ സാഹചര്യത്തില്‍ ഇരു വുഭാഗവും പിളര്‍പ്പിലേയ്ക്ക് എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ .

pj joseph km mani
Advertisment